നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാഴ്ചകളുടെ പുതിയ ആകാശങ്ങൾ


യാത്രകൾ എന്നും മനസ്സു നിറയ്ക്കും. അത് പ്രിയപ്പെട്ടവരുടെ കൂടയാകുമ്പോഴോ ഇരട്ടി മധുരം.. അങ്ങനെ മധുരം നുണഞ്ഞ ഒരു യാത്രയെപ്പറ്റി 12അധ്യാപകരും സ്‌കൂൾ മാനേജറും ഹെഡ്മാസ്റ്ററുടെ ഭാര്യയായ ഉഷ മാഡവും മൂന്ന് കുട്ടികളുമായിരുന്നു യാത്രയിലെ അംഗങ്ങൾ. റോയൽ ഫീറ്റ് എ.സി ബസിൽ രാവിലെ ആറുമണിക്കേ കയറിക്കൂടിയിരുന്നു ആഹ്ലാദത്തിന്റെ ആ കാറ്റ്. എല്ലാ മുഖങ്ങളിലും ഏറെ സന്തോഷം. കുട്ടികളുടെ മനസും നിറഞ്ഞു കവിഞ്ഞിരുന്നു. ഭാരത പുഴയിലേക്കായിരുന്നു ആദ്യമെത്തിയത്. ചരിത്രത്തിൽ നിന്നു കേട്ടറിഞ്ഞതും മുമ്പ് എപ്പോഴെക്കെയോ നേരിട്ട് ൊട്ടറിഞ്ഞതിൽ നിന്നും ഏറെ വിഭിന്നമാണ് പുഴയുടെ മുഖമെന്ന് തിരിച്ചറിഞ്ഞു. നിളയുടെ നിലവിളികൾ ഞങ്ങളും കേട്ടു. വറ്റി വരണ്ട നീർച്ചാലുകൾ....മണൽ തിട്ടകളിൽ കാടു വളരുന്നു. കാടല്ല ഞാൻ കാട്ടാറായിരുന്നു എന്ന് നിള പറയുന്നതുപോലെ. ഉഗ്ര സ്വരൂപിണിയായി, കരയെ അതിക്രമിച്ച്, കണ്ണിൽ കാണുന്നതെല്ലാം തച്ചുടച്ച് ഒരു കുറുമ്പുകാരിയെപ്പോലെ പുളച്ചുപാഞ്ഞ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നുവെന്നും മരണാസന്നയായ വൃദ്ധയെപ്പോലെ നിള പുലമ്പുന്നുണ്ടായിരുന്നു.അടുത്തതായി ഞങ്ങൾ പോയത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്കായിരുന്നു. പൂരങ്ങളുടെ തറവാട്ടു മുറ്റത്ത്, പുതുമകളുടെ വെടിക്കെട്ടുകളും കുടമാറ്റവും കണ്ട തൃശൂരും പുതിയ വിവരങ്ങൾ പറഞ്ഞുതന്നു. പിന്നെ കാലാഭവൻ മണിയുടെ നാടായ ചാലക്കുടിയിലേക്ക്. നാടൻ പാട്ടും നാട്ടുശീലുകളും അവിടുത്തെ കാഴ്ചകൾക്ക് മിഴിവേകി. പിന്നെ സാംസ്‌കാരിക തലസ്ഥാനത്തു നിന്ന് വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ ഹൃദയത്തിലേക്ക്. കൊച്ചി പഴയ കൊച്ചിയേയല്ല. എത്രപെട്ടെന്നാണതിന്റെ മുഖം മാറുന്നത്. കണ്മടച്ചു തുറക്കുമ്പോഴേക്കും മനസ് പുതിയ രൂപത്തിലേക്ക് പരിണമിക്കുന്നു. 11.30 ആയപ്പോഴെക്കും പുതിയ കാഴ്ചയായ മെട്രോയുടെ മുറ്റത്തെത്തി. മനസ്സിൽ അലതല്ലിയിരുന്ന മെട്രോ കാഴ്ചകൾ മനോഹരം, അതിഗംഭീരം, വിട പറയാൻ മനസ്സു സമ്മതിക്കാതെ അവസാന സ്റ്റോപ്പായ മഹാരാജാസ് കോളേജ് സ്‌റ്റോപ്പിൽ ഇറങ്ങി. പിന്നെ നേരെ ബോട്ട് ജെട്ടിയിലേക്ക്. അവിടെയും ഞങ്ങലെ കാത്ത് ചില കാഴ്ചകൾ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾക്കു മാത്രം സജ്ജമാക്കിയ ബോട്ട് നീങ്ങിയത് ഒരു മണിക്ക്. ബോൾഗാട്ടി പാലസ്, വെല്ലിംഗ്ടൻ ഐലന്റ്, ആഡംബര കപ്പൽ, മട്ടാഞ്ചേരി ഡച്ച് പാലസ്, സിനഗോഗ്, എന്നിവയിലെ കാഴ്ചകളെല്ലാം ആനന്ദവും ആവേശവും തന്നു. അവിടെത്തെ സഞ്ചാരികളോട് സംവദിച്ചു. തിരികെ മൂന്ന് മണിയോടെ ബോട്ട് ജെട്ടിയിൽ എത്തി. ഭക്ഷണത്തിന് ശേഷം ലുലു മാളിലേക്ക്. രാത്രി 9.30 വരെ കാഴ്ചകളുടെ പുതിയ ലോകത്തു നിന്ന് നിരാശയോടെ മടക്കയാത്ര തുടങ്ങി. രാത്രി വളരുകയായിരുന്നു. അർധരാത്രി ഒന്നേ മുപ്പതോടെ വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി.