ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചങ്ങനാശേരി രൂപതയുടെ പ്രഥമ  നാട്ടുമെത്രാനും , വി.കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും കുട്ടനാടിന്റെ ഹൃദയഭാഗം എന്ന്  വിശേഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ  അഭിമാനവുമായ ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവിന്റെ സ്വപ്നസാക്ഷാത്കാരമാണ് വിദ്യാഭ്യാസ പ്രഷിതമേഖലയിൽ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതിക്കൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ് തോമസ് യു.പി. സ്കൂൾ. നെടുമുടി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തി - മുതൽ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളുൾപ്പെടെയുള്ള പെൺകുട്ടികളുടെ അറിവിന്റെ ആശാകേന്ദ്രമായിരുന്നു പ്രാരംഭകാലത്ത് ഈ വിദ്യാലയം. സ്ത്രീ വിദ്യാഭ്യാസം നന്നേ കുറവായിരുന്ന ആ കാലഘട്ടത്തിൽ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നതുവഴി വീടിനെയും നാടിനെയും കരകളെയും രാജ്യത്തെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യുവാൻ കഴിയുമെന്ന ഉത്തമബോദ്ധ്യം അഭിവന്ദ്യ കുര്യാളശേരി പിതാവിൽ രൂഢമൂലമായിരുന്നു. 1909 ഫെബ്രുവരി 20-ന് തോണിപ്പുരയ്ക്കലൈ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിന്റെ ആരംഭം.

നിരന്തരം അനുഗ്രഹപ്പുമഴ വർഷിച്ചു കൊണ്ട് ഉയർന്നു നിൽക്കുന്ന സെന്റ് പീറ്റേഴ്സ് ഓർശ്ലേം ദൈവാലയത്തിന്റെ പണി പൂർത്തിയായപ്പോൾ അതിനു സമീപത്തായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. 1910 ജൂൺ 14-ന് തോണിപ്പുരയ്ക്കലെ സെന്റ് തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഏഴാം ക്ലാസ് ആരംഭിച്ചപ്പോൾ വി. കൃഷ്ണകുറുപ്പ്സാറിനെ  പ്രഥമ പ്രധാന അദ്ധ്യാപകനായി നിയമിച്ചു. 1931 മുതലാണ് സിസ്റ്റേഴ്സ് പ്രധാന അദ്ധ്യാപികമാരായി നിയ മി തരാകുന്നത്. കാലക്രമേണ  ആൺകുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം നൽകി. വി. കുർബാനയുടെ ആരാധനസന്യാസിനി സമൂഹത്തിന്റെ - ആദ്യ അംഗമെന്ന നിലയിൽ ബഹു. ഷന്താളമ്മയും ഇതിന്റെ ഉന്ന മനത്തിന് അക്ഷീണം യത്നിച്ചു

ഒന്നു മുതൽ ആറുവരെ ക്ലാസുകളോടുകൂടി ആരംഭിച്ച സെന്റ് തോമസ് വെർണാക്കുലർ മിഡിൽ സ്കൂൾ അടു ത്തെങ്ങും മറ്റ് പെൺപള്ളിക്കൂടങ്ങൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ സമീപവാസികൾക്ക് ഏറെ പ്രയോജനപ്രദമായി. മക്കൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആദ്ധ്യാത്മിക ശിക്ഷണം കൂടി ലഭി ക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഈ നാട്ടി ലെയും സമീപപ്രദേശങ്ങളിലെയും മാതാപിതാക്കൾ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സെന്റ് തോമസ് സ്കൂളിൽ തന്നെ കുട്ടികളെ വിദ്യാഭ്യാസ ത്തിനായി ഏറെ താൽപര്യത്തോടെ പറഞ്ഞയച്ചിരുന്നു.

1984 -ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2007-ൽ പി.ടി.എ. യുടെ    സഹകരണത്തോടെ ചങ്ങനാശേരി സെന്റ് തോമസ് പ്രൊവിൻസിൽ നിന്നും 3 നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും അഭി വന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് വെഞ്ചരിക്കുകയും ചെയ്തു. ചമ്പക്കുളത്തെ ഗ്രാമീണ ജനതയുടെ അഭിമാനമായ സെന്റ് തോമസ് സ്കൂൾ 2009 ഫെബ്രുവരിയിൽ ശതാബ്ദി ആഘോഷിച്ചപ്പോൾ വി. കുർബാനയുടെ ആരാധനസന്യാസിനി സമൂഹത്തിന്റെ വിദ്യാഭ്യാസരംഗത്തെ സാന്നിദ്ധ്യത്തിന്റെ ശതാബ്ദി ആഘോഷം കൂടിയായിരുന്നു.

ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവും   ഷന്താളമ്മയും