ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/അക്ഷരവൃക്ഷം/തിരികെയാത്ര....
തിരികെയാത്ര....
വീടിന്റെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന പ്ലാവിന്റെ കൊമ്പിലിരുന്നാണ് കറുമ്പിക്കാക്ക അപ്പുവിനെ ഉണർത്താറ്. ജനൽപാളിയിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങൾക്ക് എതിരായി ജനലരികിൽ നിന്ന് എന്നും രാവിലെ അപ്പു കറുമ്പിക്കാക്കയോടും പ്ലാവിനോടും കുശലം പറയുമായിരുന്നു. അവന്റെ വീട്ടിലെ പ്ലാവും മാവും പക്ഷികളും ചെടികളും പൂക്കളും പൂമ്പാറ്റകളും പൂച്ചയും പട്ടിയും എല്ലാമായിരുന്നു അവന്റെ കൂട്ടുകാർ. അപ്പുവിന് തന്റെ കൂട്ടുകാരെയെല്ലാം വലിയ ഇഷ്ടമായിരുന്നു. അവന്റെ പ്രിയപ്പെട്ട പ്ലാവിലായിരുന്നു കറുമ്പിക്കാക്കയുടെയും കൂട്ടുകാരുടെയും കൂട്. വീടിന്റെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നതുകൊണ്ട് അവന്റെ അച്ഛന് പ്ലാവിനോട് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഇക്കാര്യം അവന്റെ അമ്മയ്ക്കും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമറിയാമായിരുന്നു. കൂട്ടുകാർക്കുമറിയാമെന്ന് അപ്പുവിനു തോന്നിയിരുന്നു. പക്ഷേ ഇക്കാര്യം അവർ സംസാരിക്കാതെ അവർക്കിടയിൽ ഒരു പേടി വളർന്നുവന്നു. ഒരു ദിവസം അപ്പുവിന്റെ അച്ഛൻ ആരോടെന്നില്ലാതെ വിളിച്ചുപറഞ്ഞു. ദേ ഈ പ്ലാവ് ഉണങ്ങിയെന്നാ തോന്നണെ. വീടിന്റെ മേലേക്കാ ചാഞ്ഞു നിൽക്കണെ. നാളെത്തന്നെ ഇതു വെട്ടാൻ ഏർപ്പാടാക്കാം. ഇതുകേട്ട അപ്പു അമ്മയുടെ സാരിത്തുമ്പിൽ വിരൽ ചുറ്റി പ്ലാവിലേക്കു നോക്കി. അമ്മ അച്ഛനോട് മരം വെട്ടരുതെന്ന് പറയുമെന്ന് അവൻ പ്രതീക്ഷിച്ചു. അവന്റെ മുടിയിഴകളിൽ തലോടി അമ്മൂമ്മയാണ് അത് പറഞ്ഞത്. തത്കാലം അത് അങ്ങനെ നിൽക്കട്ടെ എന്റെ അപ്പൂപ്പൻ നട്ടതാണത്. മകന്റെയും ഭാര്യയുടെയും മുഖത്തേക്കു നോക്കാതെ അയാൾ പുറത്തേക്കു ചെരിപ്പിടാതെ നടന്നുപോയി. രാത്രിയിൽ അമ്മൂമ്മയോടൊപ്പമാണ് അപ്പു ഉറങ്ങിയത്. ഉറക്കത്തിൽ കാക്കയുടെയും പൂച്ചയുടെയും കരച്ചിൽ വീടു നഷ്ടപ്പെട്ടവരുടെ കരച്ചിൽ... അവൻ ഞെട്ടിയുണർന്നു.അതൊരു സ്വപ്നമായിരുന്നു. പുറത്ത് പ്ലാവിൻ ചില്ലയിൽ കാക്കമ്മയും കുട്ടികളും ഉറങ്ങുന്നു. അമ്മൂമ്മ അവനെ ചേർത്തുപിടിച്ച് ഏതോ പാട്ടുപാടി. കാക്കയേയും പൂച്ചയേയും പറ്റിയായിരുന്നു പാട്ട്. പാട്ടുകേട്ട് പിന്നെയും അവനുറങ്ങിപ്പോയി. ഉറക്കത്തിൽ പരിസ്ഥിതി ദിന അസംബ്ലിയിൽ നിൽക്കുന്ന അവനെ അവൻ കണ്ടു. മരം ഒരു വരം. പത്തു പുത്രന്മാർക്കു സമം ഒരു വൃക്ഷം....... രാവിലെ അവൻ ഉണർന്നപ്പോൾ അച്ഛൻ ജോലിക്കുപോയിട്ടില്ല. ടി.വി.യിൽ വാർത്ത കാണുന്നു. വാർത്തകളിൽ ഒഴിഞ്ഞ റോഡുകൾ.. റോഡിൽ നിറയെ പോലീസ്. ...കടകൾ താഴിട്ടുപൂട്ടിയ ചിത്രങ്ങൾ പിന്നെയും പിന്നെയും കാണിക്കുന്നു....കുറേ നേരം കഴിഞ്ഞപ്പോൾ അച്ഛൻ പുറത്തേക്കുപോയി. അമ്മയുണ്ടാക്കിയ ദോശ കഴിച്ച് പ്ലാവിൻചുവട്ടിൽ കൈകഴുകി തുപ്പാനോങ്ങിയപ്പോഴേയ്ക്കും അച്ഛൻ തിരിച്ചെത്തി. അമ്മയോട് ദേഷ്യപ്പെട്ടു സംസാരിക്കുന്നതു കേട്ടു. പിന്നെ അമ്മ എടുത്തുകൊടുത്ത വെട്ടുകത്തിയുമായി അച്ഛൻ പുറത്തേക്കിറങ്ങിയപ്പോൾ അവൻ ഞെട്ടി. പ്ലാവിന്റെ അടുത്തേയ്ക്കാണ് അച്ഛൻ പോകുന്നതെന്നറിഞ്ഞപ്പോൾ അവൻ അമ്മൂമ്മയുടെ അടുത്തേക്കോടി. അച്ഛൻ പ്ലാവിൽ കയറി രണ്ടു ചക്ക വെട്ടിയിട്ടു. ഹായ്....അവന്റെ വായിൽ വെളളം വന്നു.... എല്ലാവരും ആ വിഭവം വയറുനിറച്ചു കഴിച്ചു. അപ്പുവിന്റെ പ്ലാവിലും മാവിലുമെല്ലാം നിറയെ കായകളുണ്ടായിരുന്നു. ചക്ക തിന്നശേഷം അവൻ അച്ഛന്റെ കൂടെ ഉമ്മറത്തു പായ വിരിച്ചു കിടന്നു. പ്ലാവിലെയും മാവിലെയും കായ്കൾ അവനെ നോക്കി ചിരിച്ചു. ഒരു സുഗന്ധമുളള കാറ്റ് അച്ഛനെയും മകനെയും തഴുകി വീടിനകത്തേക്കു കയറിവന്നു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ, ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ, ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ, ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ, ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ