ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/കൊറോണയും; സാമൂഹിക- പാരിസ്ഥിതിക മാറ്റങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും; സാമൂഹിക- പാരിസ്ഥിതിക മാറ്റങ്ങളും

ദി ലാസ്റ്റ് വാർ ( അവസാന യുദ്ധം) -1935ൽ ബ്രിട്ടീഷ് എഴുത്തുകാരനായ നൈൽ ഗ്രാൻറ് എഴുതിയ ഒരു നാടകമാണിത്. ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ അവർ പരസ്പരം ജൈവായുധങ്ങൾ പ്രയോഗിക്കുന്നു. അവയിൽ നിറച്ചു വെച്ചിരുന്ന ബാക്ടീരിയകളും, വൈറസുകളും പെട്ടെന്ന് തന്നെ ശത്രുരാജ്യങ്ങളിൽ മാത്രമല്ല ഭൂമി മുഴുവൻ വ്യാപിച്ച് മനുഷ്യ കുലത്തെ സമ്പൂർണ്ണമായി ഇവിടെ നിന്നും തുടച്ചു നീക്കുന്നു. മനുഷ്യരില്ലാതായ ഭൂമിയിൽ കുറെ മൃഗങ്ങൾ ഒരിടത്ത് ഒരുമിച്ചുകൂടി സമ്മേളനം നടത്തുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. മനുഷ്യർ ഇല്ലാതായത് നന്നായി എന്ന അഭിപ്രായമാണ് നായ ഒഴികെയുള്ള എല്ലാ പക്ഷികൾക്കും മൃഗങ്ങൾക്കുമുള്ളത്.നായക്ക് മാത്രമാണ് തന്റെ യജമാനനെ വല്ലാതെ മിസ് ചെയ്യുന്നത്. യുദ്ധക്കളങ്ങളിൽ മനുഷ്യരോടൊപ്പം പോയപ്പോഴൊക്കെയും താൻ ഇത്തരം ഒരു സാഹചര്യം മുൻകൂട്ടി കണ്ടിരുന്നുവെന്ന് കുതിരകൾ പറയുന്നുണ്ട്. തങ്ങളെ പൂർവ്വികർ എന്ന് വിളിച്ച് മനുഷ്യൻ അപമാനിച്ചതിലാണ് കുരങ്ങന് അമർഷം. മനുഷ്യന്റെ പൂർവ്വികനാകാൻ മാത്രം അത്ര ചീപ്പല്ലത്രെ അവർ!. വിശക്കുമ്പോഴല്ലാതെ താനൊരു ജീവിയെയും കൊല്ലാറില്ലെന്നും എന്നാൽ മനുഷ്യൻ അങ്ങനെ അല്ലായിരുന്നു എന്നും സിംഹം വിലയിരുത്തുന്നു. മനുഷ്യന് ഒരു പറുദീസ കൊടുക്കുക അവനത് വളരെ വേഗം മാലിന്യങ്ങൾ കൊണ്ട് നിറക്കും, ഒരു മനസ്സ് കൊടുക്കുക അവനത് അഹന്ത കൊണ്ട് നിറക്കും, സുന്ദരമായ കരങ്ങൾ നൽകിയാലോ അവനത് കൊണ്ട് മറ്റുള്ളവരെ കൊല്ലുവാനുള്ള ആയുധങ്ങൾ ഉണ്ടാക്കും, ഒരു പ്രവാചകനെ അയച്ചുകൊടുത്താലോ അവനദ്ദേഹത്തെ ആട്ടിയോടിക്കും എന്നൊക്കെയാണ് മനുഷ്യനെ ആദ്യം മുതൽ നിരീക്ഷിച്ചു വരുന്ന സർപ്പത്തിന് പറയാനുളളത്. പ്രപഞ്ചത്തിലെ ഏറ്റവും 'വിഡ്ഡി വർഗ്ഗം' എന്നാണ് മനുഷ്യനെ കുറിച്ചുള്ള പൊതുവായ വിലയിരുത്തൽ.. ഒരു ശല്യം ഒഴിഞ്ഞു കിട്ടിയ സമാധാനമാണ് എല്ലാവർക്കും.....

മൃഗങ്ങൾ ഇത്തരത്തിൽ ചർച്ച തുടരുമ്പോഴാണ് മനുഷ്യ കുലത്തെ തുടച്ചുനീക്കി ക്ഷീണിതനായ വൈറസ് കടന്നു വരുന്നത്. മനുഷ്യൻ തന്റെ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനായി തന്നെ ലബോറട്ടറിയിൽ വളർത്തിയെടുത്തതാണെന്നും അതിന്റെ കർമ്മഫലമാണിപ്പോൾ അനുഭവിക്കുന്നതെന്നും അഭിപ്രായപ്പെടുന്നുവരുണ്ട്.

അവസാന രംഗമെത്തുമ്പോൾ വൈറസിന്റെ പിടിയിൽ നിന്നും എങ്ങിനെയോ രക്ഷപ്പെട്ട് ഭൂമിയിൽ അവശേഷിക്കുന്ന ഏക മനുഷ്യൻ രംഗപ്രവേശം ചെയ്യുന്നു. അയാളെ വകവരുത്താനായി മൃഗങ്ങളെല്ലാം വളരെ ക്രോധത്തോടെ ചീറിയടുക്കുമ്പോൾ അവിടെയെത്തുന്ന ഒരു മാലാഖ അവരെ തടയുന്നു... മനുഷ്യർ പ്രപഞ്ചത്തോട് ചെയ്ത എല്ലാ അരുതായ്മകൾക്കും മറ്റു ജീവജാലങ്ങളോടയാൾ മാപ്പ് ചോദിക്കുന്നതോടെ നാടകം അവസാനിക്കുന്നു. എൺപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ടതാണെങ്കിലും ഇക്കാലത്ത് ഈ നാടകം ഏറെ പ്രസക്തമാണ്.

നക്ഷത്രങ്ങളെ വരെ അമ്മാനമാടുമെന്ന അഹന്തയിലായിരുന്ന മനുഷ്യർ അവനെവിടെയൊക്കെയോ പരാജിതനാണെന്ന് ചിന്തിച്ച നിമിഷങ്ങളിലൂടെയാണ് നാം കടന്ന് പോയത്. സ്വാർത്ഥത എത്ര നീചമായ ചെയ്തിയാണെന്ന് നമ്മിൽ ചിലരെങ്കിലും മനസ്സിലാക്കിയ കാലഘട്ടമായി ഈ രാപ്പകലുകളെ കണക്കാക്കാം. രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന എത്രയോ മനുഷ്യർ ഈ ലോകത്തിന്റെ ഓരോ കോണിലുമുണ്ടെന്ന് നാമിന്ന് മനസ്സിലാക്കിയിരിക്കുന്നു. കൊറോണക്ക് മുന്നെ കടന്ന് പോയ രണ്ട് പ്രളയങ്ങൾ ബാധിച്ചത് ഒരു സംസ്ഥാനത്തെ മാത്രമായിരുന്നു എന്നത് മറ്റ് സംസ്ഥാനങ്ങളുടെയും, ലോക രാഷ്ട്രങ്ങളുടെയും ഒരാശ്വാസമായിരുന്നു. ആ പ്രളയങ്ങൾ കേരളത്തെ വിറകൊള്ളിച്ചെങ്കിലും ഒരു കെട്ടുറപ്പുള്ള ജനത അതെല്ലാം അതിജീവിച്ചു.കോറോണയെന്ന സൂക്ഷ്മജീവി യുമായുള്ള ലോക രാഷ്ട്രങ്ങളുടെ പോരാട്ടത്തിന്നിടയിലും ഈ കൊച്ചു കേരളം തന്നെയാണ് നായകനായി മാറിയത്.

ലോകം ഇതുപോലൊരു മഹാമാരിയെ നേരിട്ടിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗമനം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് .അതിന്റെ വലിയ തോതിലുള്ള പുരോഗതി ഏതൊരു രാജ്യത്തും നമുക്ക് യഥേഷ്ടം കാണാൻ സാധിക്കും. അവശേഷിക്കുന്ന വളരെ കുറച്ച് ഗ്രാമങ്ങളും ഇന്ന് നഗരവത്കൃതമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനോടൊപ്പം തന്നെ ആ നാടും അവിടത്തെ പരിതസ്ഥിതിയും , ഓരോ സമൂഹവും അതിലെ മനുഷ്യരും പുരോഗമിക്കുകയും അവക്ക് മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ലോകത്തിലെ പല രാജ്യങ്ങളും വികസിത രാജ്യങ്ങളായും, വികസ്വര രാജ്യങ്ങളായും പട്ടം ചാർത്തപ്പെട്ടു. പക്ഷെ അവികസിത രാജ്യങ്ങളെ ആരും അറിഞ്ഞില്ല, അവിടത്തെ അവസ്ഥകൾ ആരും കണ്ടില്ല, വിശന്നുരുകിയ കുരുന്നുകളുടെ കരച്ചിൽ ആരും കേട്ടില്ല. അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന ലോകത്തെയോർത്ത് ആരും വേവലാതിപ്പെട്ടില്ല. മതത്തിന്റെയും, ജാതിയുടെയും ,ദേശത്തിന്റെയും ,ഭാഷയുടെയും, സങ്കുചിത ദേശീയതയുടെയും പേരിൽ ചീന്തിയെറിയപ്പെട്ടവരെയും , ഇരുൾ മൂടിയ തടവറകളിൽ അടക്കപ്പെട്ടവരെയും ഒരു നോക്കുകുത്തിയെപ്പോലെ നോക്കി നിന്ന ലോകം ; സൂക്ഷ്മജീവിയുമായുള്ള പോരാട്ടത്തിൽ ഒരു നിമിഷമെങ്കിലും അവരെ ഓർത്തു പോയി. മഹാമാരി മൂലം മരണമടഞ്ഞ മനുഷ്യ ജന്മങ്ങളുടെ എത്രയോ മടങ്ങ് യുദ്ധങ്ങളിലും, ആഭ്യന്തര സംഘർഷങ്ങളിലും, വംശീയാതിക്രമങ്ങളിലും, പട്ടിണി മൂലവും മറ്റുമായും ലോകത്ത് മരിച്ചു വീഴുന്നുണ്ട്. മരണം പടർത്തുന്നത് വൈറസ് മാത്രമല്ലായിരുന്നു എന്ന പരമമായ സത്യത്തിലേക്കാണ് ആ ഓർമ്മകൾ വിരൽ ചൂണ്ടുന്നത്.

നാം ചിന്തിക്കാതെ ഒറ്റ നിമിഷം കൊണ്ടാണ് ഈ കൊച്ചു വൈറസ് ദൈർഘൃമേറിയ ലോക്ഡൗണിലൂടെ ലോകത്തെ തന്നെ നിശ്ചലമാക്കിയത്.രാപ്പകലില്ലാതെ മനുഷ്യസാഗരമൊഴുകുന്ന നഗരങ്ങൾ ഇന്നെത്രയോ ശൂന്യം. ആ നിശ്ചലമായ നിമിഷങ്ങളിലെല്ലാം ഒരുപാട് മഹത്തരമായ കാര്യങ്ങൾ ചുറ്റുപാടിൽ നിന്ന് നമുക്ക് കാണാനും, മനസ്സിലാക്കാനും സാധിച്ചു. മനുഷ്യൻ വീടുകളിൽ ലോക്കായപ്പോൾ സമുദ്രത്തിലുൾപെടെയുള്ള എല്ലാ ജീവജാലങ്ങളും സർവ്വ സ്വതന്ത്രരായി വിഹരിക്കുകയായിരുന്നു.വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റോഡുകളിലും മറ്റും കാട്ടുമൃഗങ്ങൾ നിത്യ കാഴ്ചയായി മാറി. അപ്പോൾ എത്രയോ കാലങ്ങളായി ഒരു കാഴ്ചവസ്തുവായി കൂടുകളിൽ അടക്കപ്പെട്ട ഒരു പാട് മൃഗങ്ങളുടെയും ,പക്ഷികളുടെയും യാതന യേറ്റ ജീവിതം നമുക്ക് മനസ്സിലായി. വ്യോമഗതാഗതം ഉൾപ്പെടെയുള്ള വാഹനസഞ്ചാരം ഏറെക്കുറെ പൂർണ്ണമായും നിലച്ചപ്പോൾ അന്തരീക്ഷ മലിനീകരണത്തിൽ നിന്നും മുക്തി ലഭിച്ചു, നല്ല ശുദ്ധവായു ശ്വസിക്കാൻ സാധ്യമായി, തെരുവുകൾ കുറച്ച് കാലത്തേക്കെങ്കിലും വൃത്തി പ്രാപിച്ചു.ശുചിത്വം ജീവന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു, കുറഞ്ഞ ചിലവിൽ മിതത്വം പാലിച്ചുള്ള ജീവിത രീതി പരിചിതമായിത്തീർന്നു, ആർഭാടങ്ങളില്ലാതെയും ആഘോഷങ്ങൾ സന്തോഷകരമാക്കാമെന്ന് ബോധ്യമായി.ദിവസത്തിലൊരിക്കൽ പോലും കാണാനോ ,സംവദിക്കാനോ ,ഒപ്പമിരുന് ഭക്ഷണം കഴിക്കാനോ സമയം കിട്ടാതിരുന്ന കുടുംബാംഗങ്ങൾക്കിടയിൽ എല്ലാറ്റിനും സമയം കണ്ടെത്താനും, ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാനും കഴിഞ്ഞു. വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവർക്കും ഒരുപോലെ സാധ്യമാകുമെന്ന് ബോധ്യപ്പെട്ടു.വീടിനു ചുറ്റും പുൽമേടുകൾ പടർന്ന കൃഷിയിടങ്ങൾ പുനരാരംഭിക്കാനായി. അടർന്നു പോയ സൗഹൃദങ്ങൾ പുതുക്കാനും, നല്ല വായനാനുഭവങ്ങൾ സൃഷ്ടിക്കാനും ഒരവസരം ലഭ്യമായി. ശത്രു രാജ്യങ്ങൾക്കിടയിൽ പോലും സൗഹൃദം സാധ്യമായി. ഒന്നിനും സമയം ലഭ്യമാകുന്നില്ലെന്ന് പറഞ്ഞ സമൂഹത്തിന് ലഭിച്ച തിരിച്ചടി കൂടിയായിരുന്നു ഈ ലോക് ഡൗൺ കാലം. സത്യത്തിൽ സമയമില്ലാതിരുന്നിട്ടല്ല ചെയ്യാൻ വയ്യാത്തതിന് ഒരു ന്യായീകരണം തേടൽ മാത്രമായിരുന്നു അത് എന്ന് തെളിഞ്ഞു.മദ്യമില്ലാത്ത നല്ലൊരു ജീവിതം സ്വയത്തമാക്കാൻ ഏവർക്കും സാധിക്കുമെന്ന് മനസ്സിലായി.ചെറിയ രോഗങ്ങൾക്ക് പോലും സ്പഷലൈസ്ഡ് ഡോക്ടർമാരെ സമീപിക്കുന്ന സമൂഹത്തിന് സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ ഉത്തമ ഔഷധം ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമായി.അങ്ങനെ ആരോഗ്യവും മന:ശ്ശാന്തിയും ഒപ്പം പ്രകൃതിയുമായുള്ള ഇണക്കവും ഉള്ള ഒരുത്തമ ജീവിതം സൃഷ്ടിക്കാമെന്ന് നാം തിരിച്ചറിഞ്ഞു.


ആധുനികത സമ്മാനിച്ച മനുഷ്യനിർമ്മിതമായ എല്ലാ സന്നാഹങ്ങളെയും പരാജയപ്പെടുത്തി ഒരു സൂക്ഷ്മജീവി നടത്തിയ ആക്രമണം മനുഷ്യകുലത്തെയാകമാനം പിടിച്ചുകുലുക്കി എന്ന് നമുക്ക് പറയാൻ സാധിക്കും.നിരീക്ഷണ കാമറകളും ,പൗരസഞ്ചാരം സൂക്ഷ്മമായി അടയാളപ്പെടുത്തുന രഹസ്യ ആപ്പുകളും ഒപ്പം കുറെ രഹസ്യപ്പ ട്ടാളവും ഉണ്ടെങ്കിൽ ഏതു രാജ്യവും സുരക്ഷിതവും ,ശാന്തവുമായിരിക്കുമെന്ന ധാരണ തിരുത്തപ്പെട്ടിരിക്കുന്നു. ഈ തെറ്റായ സങ്കൽപം അടിച്ചേൽപ്പിച്ചതുകൊണ്ടാണ് പല രാജ്യങ്ങളും പൊതുജനാരോഗ്യം ,വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവക്ക് ചെലവഴിക്കുന്നതിന്റെ പതിന്മടങ്ങ് പണം രാജ്യരക്ഷയുടെ പേരിൽ ആയുധ സംഭരണത്തിന് വേണ്ടി മാറ്റിവെക്കാറുള്ളത്. പക്ഷെ ഇതു കൊണ്ടൊന്നും ഒരു രാജ്യവും സുരക്ഷിതമായിരിക്കണമെന്നില്ല എന്നു ബോധ്യപ്പെടുത്തി തന്നു ഈ കൊച്ചു വൈറസ്.വികസിത രാജ്യങ്ങളുടെ മുഖം മൂടി ലോകത്തിനു മുന്നിൽ അഴിഞ്ഞു വീണു.വെൻറിലേറ്ററുകളുടെ ക്ഷാമം, ഡോക്ടർമാരില്ല, നഴ്സുമാരുടെ സുരക്ഷക്കുള്ള യാതൊരു ഉപകരണവും ഇല്ല എന്തിന് മാസ്കുകൾക്ക് പോലും ക്ഷാമം. ഇങ്ങനെ ഒരവസ്ഥ തുടർന്നാൽ സാമ്പത്തിക നില കുത്തനെ ഇടിയുമെന്നായപ്പോൾ അമിതമായ ഉൽകണ്ഠയും അവരെ പിടികൂടി.കൂട്ടന ശീകരണായുധങ്ങൾ നിർമ്മിക്കുന്നതും, രാസായുധങ്ങളും, ജൈവായുധങ്ങളും വികസിപ്പിക്കാൻ തത്വദീക്ഷയില്ലാതെ കോടികൾ ചിലവഴിക്കുന്നതും ഇതേ രാജ്യങ്ങൾ തന്നെ.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോ വിഡ് -19 എന്നാണ് വിലയിരുത്തൽ. മനുഷ്യൻ തന്നെ കുറിച്ചും ,താൻ പടുത്തുയർത്തിയ ആധുനിക നാഗരികതയെക്കുറിച്ചും വെച്ചു പുലർത്തിയ എല്ലാ ആത്മവിശ്വാസങ്ങളും ഒരു നിമിഷം കൊണ്ടാണ് തകർന്ന് വീണത്. ബുദ്ധിയും യുക്തിയും, സമ്പത്തും സമൃദ്ധിയും കൊണ്ടനുഗ്രഹീതരായ മനുഷ്യരിൽ പലരും ഇവ മാത്രം മതി ഭൂമിയിൽ സന്തോഷവും ആനന്ദവും നിറഞ്ഞ ജീവിതം നയിക്കാൻ എന്ന് കരുതിയവരാണ്. മികവാർന്ന യുക്തിയും, ബുദ്ധിയും ഉൽപാദിപ്പിക്കുന്ന അത്ഭുതകരമായ ശാസ്ത്ര-സംങ്കതിക കണ്ടുപിടിത്തത്തങ്ങളെ കുറിച്ച് അഹങ്കരിച്ചവർ കൂടിയായിരുന്നു ആധുനിക മനുഷ്യർ.ലോകത്തെ വിരൽ തുമ്പിലൊതുക്കിയ മനുഷ്യന്റെ അഹന്തക്കേറ്റ മാരക പ്രഹരം കൂടിയാണ് ഇത് പോലുള്ള വൈറസുകൾ.സമ്പന്നനും ദരിദ്രനും, കറുത്തവനും വെളുത്തവനും എന്നൊന്നുമുള്ള വിത്യാസങ്ങളൊന്നും ഈ കൊച്ചു വൈറസിന് ബാധകമായിരുന്നില്ല മാത്രവുമല്ല ആകാശവും ഭൂമിയും കൈപ്പടയിൽ ഒതുക്കിയ ,ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഏറെ മുന്നേറിയ സമ്പന്ന രാജ്യങ്ങളെയാണ് വൈറസ് ഏറെ ബാധിച്ചത്.

കേരളത്തിനും ഒരു പാട് നല്ല പാഠങ്ങൾ ഈ മഹാമാരി പകർന്നു തന്നു. പല കാര്യങ്ങളിലും ഇനി യും നാം സ്വയം പര്യാപ്തമാകാനുണ്ട് പ്രത്യേകിച്ച് കൃഷിയുടെ കാര്യത്തിൽ .നമ്മുടെ അതിർത്തികൾ അടച്ചാൽ നാം കഷ്ടത്തിലാകുന്ന അവസ്ഥയാണ്. നമ്മുടെ കാർഷിക മേഖല ഉണരേണ്ടതുണ്ട്. എത്രകാലം വരെ നമുക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാൻ സാധിക്കുമെന്നത് ഈ മഹാമാരി വന്നപ്പോൾ നാം കണ്ടതാണ്. അതിർത്തികൾ നാളെയും അടച്ചെന്നു വരാം .അതിനാൽ നാം വീണ്ടും മണ്ണിലേക്കിറങ്ങിച്ചെല്ലണം. നമുക്ക് നല്ല മണ്ണുണ്ട് ,വെള്ളമുണ്ട്, അനുകൂലമായ കാലാവസ്ഥയുമുണ്ട്.ഇവിടെ വിളയാത്ത ഏത് വിളയുണ്ട് ?. വിപണിയെ വളരെ ദുർലഭം മാത്രം ആശ്രയിച്ചിരുന്ന ഒരു തലമുറയാണ് നമുക്ക് മുന്നെ ജീവിച്ചിരുന്നത്. സൗകര്യങ്ങൾ കൂടിയതോടൊപ്പം നാം പ്രകൃതിയിൽ നിന്നും , മണ്ണിൽ നിന്നും അകന്ന് പോയി. അതോടെ പല തരത്തിലുള്ള മാറ്റങ്ങളും നമ്മെ ബാധിച്ചു.

ഈ മഹാമാരി സ്വയം ജന്മം കൊണ്ടതാണോ അതോ അമിതമായ പ്രകൃതി ചൂഷണത്തിന്റെയും, പരിധിവിട്ട സങ്കേതികവത്കരണത്തിന്റെയും പരിണിതിയാണോ എന്ന കാര്യത്തിലുള്ള തർക്കങ്ങൾ തത്കാലം നമുക്കവഗണിക്കാം .മറ്റു പ്രപഞ്ച ദുരന്തങ്ങൾ നൽകാത്ത ഒരുപാട് നല്ലപാഠങ്ങൾ കോവിഡ് നമുക്ക് പകർന്നുനൽകി.ആ പാഠങ്ങളൊന്നും നാം മറന്നുകൂടാ. പഠിച്ചിട്ടാണ് എല്ലാ പരീക്ഷകളും എഴുതുന്നത് എന്നാൽ ഇവിടെ പരീക്ഷ കഴിഞ്ഞാണ് പഠിക്കുന്നത്!. ജാതിയും മതവുമല്ല മനുഷ്യരാണ് വലുത് എന്ന് നാം തിരിച്ചറിഞ്ഞു. സമയമെന്ന ഏറ്റവും വിലപ്പെട്ട വസ്തുവിന്റെ മഹത്വം നാം മനസ്സിലാക്കി.പ്രപഞ്ചം നമ്മുടേത് മാത്രമല്ലെന്നും , മനുഷ്യൻ ആവാസ വ്യവസ്ഥയിലെ ഒരു കണ്ണി മാത്രമാണെന്നും പ്രപഞ്ചത്തെ കുറിച്ച് നമ്മൾ ഇന്നോളം കണ്ടെത്തിയ അറിവുകൾ ഇനി അറിയാനുള്ളതിനോട് തുലനം ചെയ്യുമ്പോൾ വളരെ കുറച്ചു മാത്രമാണെന്നുമുള്ള തിരിച്ചറിവ് നേടേണ്ടതുണ്ട്. " നമ്മൾ ഓരേ കടലിലെ തിരമാലകൾ, ഒരേ മരത്തിന്റെ ഇലകൾ, ഒരേ ഉദ്യാനത്തിലെ പൂക്കൾ " . ചൈനയിൽ നിന്നും ഇറ്റലിയിലേക്കെത്തിയ മുഖാവരണങ്ങളടങ്ങിയ പെട്ടികളിൽ ആലേഖനം ചെയ്യപ്പെട്ട വാക്കുകളാണിവ. മാനവരാശി അക്ഷരാർത്ഥത്തിൽ വസുദൈവ കുടുംബമാവുകയാണിവിടെ.ഈ മഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും. ഒപ്പം പുതിയ ഭൂമിയും ,ഉത്തമ സാമൂഹിക ജീവിതവും നമുക്ക് പ്രത്യാശിക്കാം.

ലിയാ ഫാത്തിമ . സി.വി
9 E ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം