കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ/അക്ഷരവൃക്ഷം/മകനെ നിന്റെ വിളിയ്‌ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മകനെ നിന്റെ വിളിയ്‌ക്കായി


സൂര്യ പ്രകാശം കണ്ണിലേറ്റപ്പോഴാണ് അവൾ തന്റെ മയക്കത്തിൽ നിന്നും ഉണർന്നത്. ഊണ് കഴിഞ്ഞു എന്തോ ചിന്തിച്ചിരുന്നു പോയതാണ്. സന്ധ്യസമയമായതറിഞ്ഞില്ല തന്റെ ഇളയ മകൾ അവിടെ ചിത്രപ്പണിയിലേർപ്പെട്ടിരിക്കുകയാണ്. ഗൗരി തന്റെ നീണ്ട മുടിയിഴകൾ ഒന്നൊതുക്കി അതിലേക്കു നോക്കി. കാലത്തിന്റെ ഒരു വേഗം! തലയിൽ കറുപ്പിനേക്കാൾ വെളുത്ത മുടികൾ സ്ഥാനം പിടിച്ചിരിക്കുന്നു.

"അമ്മേ ... അകത്തേക്കുകയറിയിരിക്കു ഇരുട്ടിത്തുടങ്ങി " മകൾ അമ്മയെ അകത്തേക്കു ക്ഷണിച്ചു. അമ്മയുടെ മനസ്സിൽ മകനെ കുറിച്ചുള്ള ചിന്തകൾ കുമിഞ്ഞുകൂടാൻ തുടങ്ങി. അവൻ തന്നിൽ നിന്നും അകന്നിട്ടു രണ്ടു വർഷത്തോളമായി കാണും. എന്തിനാണ് അമ്മയെ വിട്ടുപോയത് ?

ഇപ്പോൾ ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കൊറോണ എന്ന ഒരു വൈറസാണ് ഇപ്പോൾ ലോകമെമ്പാടും.. പത്രവും ടി വി യും അവൻ കൈക്കലാക്കി. തന്റെ മകൻ അമേരിക്കയിലെവിടെയോ ആണെന്നുമാത്രമേ അവർക്കറിയൂ.. അവിടത്തെ സ്ഥിതി ഇപ്പോൾ വളരെ മോശമാണെന്ന് പത്രത്തിൽ കണ്ടിരുന്നു. അവനെവിടെയാണോ എന്തോ.... ഇങ്ങനെ ആ അമ്മമനസ്സു നിന്നുരുകാൻ തുടങ്ങി. അവർക്ക് തന്റെ മകന്റെ വേർപാട് സഹിക്കാവുന്നതിലും അധികമായിരുന്നു. പക്ഷെ അവന് അമ്മയെ അറിയില്ല. അറിയാൻ ശ്രമിച്ചില്ല.. മൂന്നു മക്കളുണ്ടങ്കിലും ഗൗരിയമ്മയ്ക്ക് മൂത്തവനായതുകൊണ്ടാവും അവനോട് ഒരു പ്രത്യാക ഇഷ്ട്മുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവനെപ്പോഴും കൂടെയുണ്ടാകണം എന്നവരാശിച്ചു. മകൻ എത്ര തെറ്റുചെയ്തുട്ടുണ്ടെങ്കിലും അവർ അവനെ ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ല. അവൻ തന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ അവർ തന്റെ കണ്ണുകളടച്ചു. പകൽ മുഴുവൻ പണിയുണ്ടായതിനാലാകാം വേഗം നിദ്രയിലേക്കു വഴുതി വീണു

അടുത്ത ദിവസം വളരെ നേരത്തെ എഴുന്നേറ്റ അവർ വീട്ടുജോലികളോരോന്നായി ചെയ്തു തീർക്കാൻ തുടങ്ങി. ലോകം മുഴുവൻ ലോക്ഡൗണിന്റെ പിടിയിൽ അമർന്നിട്ടും അതൊട്ടും ഏശാതെ സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണല്ലോ അടുക്കളയെന്ന അവരുടെ ലോകം.

ഏവരും വളരെ ആഹ്ലാദത്തിലാണ്. മകൾക്ക്‌ പരീക്ഷയിൽ നിന്നുമുള്ള മോചനത്തിന്റെയും അയൽക്കാർക്ക് തങ്ങളുടെ ഭർത്താവിനെയും മക്കളെയും ഒരുമിച് ദിവസങ്ങൾ കിട്ടിയതിന്റെയും. ഗൗരിയമ്മ മാത്രം തന്റെ ചുറ്റുപാടുമൊത്ത് പൊരുത്തപ്പെട്ടുകൊണ്ട്‌. സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം കാരണം സാധാരണയായി സംസാരത്തിനു വരാറുള്ള അയൽക്കാർ പോലും വരാറില്ല. ഇങ്ങനെ അവർ തീർത്തും ഏകയായി മാറിയിരുന്നു. മകൾ കൂടി ഇല്ലായിരുന്നുവെങ്കിൽ തന്റെ സ്ഥിതി എന്താകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്

നേരം ഉച്ചയാവാറായി.. കാലങ്ങൾക്കു ശേഷം ഫോൺകോളിന്റെ ശബ്ദം! മകളാണ് എടുത്ത് സംസാരിച്ചത്. 'അമ്മ അവളുടെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നേർത്ത പുഞ്ചിരിയുണ്ടായിരുന്ന അവളുടെ മുഖം പതിയെ ഇരുണ്ട് തുടങ്ങുന്നുണ്ടായിരുന്നു. കൈകൾ വിറക്കുന്നുണ്ട് എന്ന് തോന്നി 'അമ്മ അടുത്തേക്ക് ചെന്നു. അവൾ അമ്മയെ കരഞ്ഞുകൊണ്ട് പുണർന്നു. ഒന്നും മനസ്സിലാകാതെ 'അമ്മ ചലനമറ്റു നിന്നു. ആരാണ് വിളിച്ചത് എന്ന ചോദ്യത്തിന് ഏട്ടന്റെ സുഹൃത്തായ മനുവേട്ടൻ എന്ന് അവൾ മറുപടി നൽകി. പിന്നീടുള്ള ചോദ്യങ്ങൾക്കൊന്നും അമ്മക്ക് മറുപടി ലഭിച്ചില്ല . ഇരു കർണങ്ങളും അടഞ്ഞു പോയതുപോലെ അനുഭവപ്പെട്ടു. പതുക്കെ ഉമ്മറത്തെ പടിയിൽ പോയിരുന്ന് വിതുമ്പാൻ തുടങ്ങി. മകന്റെ പുഞ്ചിരി തൂകുന്ന മുഖം മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു. ചെറുപ്പത്തിൽ അവൻ തന്നോട് പറഞ്ഞതോർത്തു. " 'അമ്മ ഈ അമേരിക്കയും ആഫ്രിക്കയുമെല്ലാം ആകാശത്താണല്ലോ, വിമാനം പോകുന്നത് കാണാലോ ?" ഈ കൊഞ്ചിയുള്ള വാക്കുകൾ അമ്മയുടെ കാതുകളെ തഴുകി. അവർ മാനത്തേക്ക് നോക്കി. എങ്ങു നിന്നോ വന്ന ഇളം കാറ്റിന് ഒരു മരണത്തിന്റെ മരവിപ്പുണ്ടായിരുന്നു

അന്ൻ ദിയ പി വി
9 കെ എച് എം എച് എസ് ആലത്തിയൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ