ജി.എൽ.പി.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
ഹോട്ടൽ മുതലാളിയുടെ വാക്കുകൾ അയാളെ വല്ലാതെ വേദനിപ്പിച്ചു. ഒരു വർഷമായി തന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിട്ട്. കഴിഞ്ഞ 25 വർഷമായി താൻ ഈ ഹോട്ടലിൽ ആണ് ജോലി ചെയ്തത്. ഭാര്യയുടെ മരണശേഷം മക്കളും ഒഴിവാക്കിയതുകൊണ്ടാണല്ലോ തനിക്ക് ഇങ്ങനെയൊരു ഗതി വന്നതെന്ന് അയാൾ ചിന്തിച്ചു. ഇപ്പോൾ വയസ്സ് 80 ആയി. നിന്നെക്കൊണ്ട് ഒന്നിനും ആവില്ല എന്നു പറഞ്ഞാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ശരിയാണ്, അല്ലെങ്കിലും ഈ എൺപതു കഴിഞ്ഞ പടു കിളവനെ ആർക്കുവേണം. ദൈവത്തിനു പോലും വേണ്ടെന്നു തോന്നുന്നു,തൊഴിൽ നഷ്ടപ്പെട്ട ശേഷം തനിക്ക് ആകെയുള്ള ആശ്രയം ഈ ഹോട്ടൽ വരാന്ത ആയിരുന്നല്ലോ. കഴിഞ്ഞ ഒരു വർഷം താൻ ഇവിടെയാണ് അന്തിയുറങ്ങിയത്. എല്ലാദിവസവും കാത്തിരിക്കും ഹോട്ടൽ ഒന്ന് അടച്ചു കിട്ടാൻ, പക്ഷേ ഇന്ന് എന്തിനാണ് മുതലാളി ഇങ്ങനെ പറഞ്ഞത്, സാധാരണ ഹോട്ടലിൽ തന്നെ ഉറങ്ങാറുള്ള അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് എന്തിനാണ് മുതലാളിയുടെ കൂടെ പോയത്. ചിന്താ ഭാണ്ഡങ്ങളെ തലയിണയാക്കി അയാൾ വരാന്തയിൽ മലർന്നുകിടന്നു. പതിനാലാം രാവിലെ ചന്ദ്രൻ അയാളെ നോക്കി ചിരിക്കുമ്പോഴും മുതലാളിയുടെ വാക്കുകൾ അയാളുടെ ചെവിയിൽ അടിക്കുന്നുണ്ടായിരുന്നു. "നേരം വെളുത്തു വൈകുംവരെ തെണ്ടി തിരിഞ്ഞുനടന്നു രാത്രിയാകുമ്പോൾ ഏന്തി വലിഞ്ഞു കേറി വന്നോളും കുറെയെണ്ണം.". പതിവുപോലെ അയാൾ അഞ്ചു മണിക്ക് എഴുന്നേറ്റു. പക്ഷേ, ഏറെ കാത്തിരുന്നിട്ടും ഹോട്ടൽ തുറക്കാൻ ആരും വന്നില്ല, അല്ല സമീപത്തെകടകളും എല്ലാം അടഞ്ഞു കിടക്കുകയാണ്. അയാൾ വളരെ നേരം കാത്തു നിന്നു, സമയം പത്തുമണി ആവാറായി, സാധാരണ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഈ സമയമാകുമ്പോഴേക്കും ആരെങ്കിലും എന്തെങ്കിലുമൊക്കെ തന്നിരിക്കും, ഇന്നു പക്ഷേ ആരെയും കാണുന്നില്ലല്ലോ.നിരത്തുകളിൽ ഇടയ്ക്കിടെ ചീറിപ്പായുന്ന പോലീസ് വാഹനങ്ങൾ മാത്രം. എത്തിപ്പെട്ട ഒരു പീടികത്തിണ്ണയിൽ തളർന്ന് അവശനായി അയാളിരുന്നു . പെട്ടെന്നായിരുന്നു അതിലേ കടന്നുപോയ ഒരു പോലീസ് വാഹനം അയാളുടെ സമീപത്തു നിർത്തി. അതിനുള്ള രണ്ട് പോലീസുകാരിൽ നിന്ന് ഒരുത്തൻ ഇറങ്ങിവന്നു. അയാളുടെ കയ്യിൽ ഭക്ഷണപ്പൊതി ഉണ്ടായിരുന്നു. കൂപ്പുകൈകളോടെ അയാളത് വാങ്ങി. തിരിച്ചുപോകുമ്പോൾ പോലീസുകാരൻ പറഞ്ഞു ഇനി നിങ്ങളെപ്പോലുള്ളവർ ഭക്ഷണം തേടി അലയേണ്ടതില്ല. ഭക്ഷണം നിങ്ങളെ തേടി ഇങ്ങോട്ട് വരും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ