സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/"ഗാന്ധി-അഹിംസയുടെ വേദപുസ്തകം"

19:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"ഗാന്ധി-അഹിംസയുടെ വേദപുസ്തകം".
      മഹത്തുക്കളുടെ പിറവി ഒരു നേരം കൊണ്ടുണ്ടാകുന്നതല്ല.ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും ആധുനിക ലോക മനസാക്ഷിയുടെ ആന്തരികവെളിച്ചവുമായതിന്റെ കാരണവും അത് തന്നെ."ഇത്തരത്തിൽ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യൻ ഈ ഭൂലോകത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറ ഒരുപക്ഷേ വിശ്വസിച്ചേക്കില്ല" ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ ഗാന്ധിയെപറ്റി പറഞ്ഞ ഈ വാക്കുകൾ ആ യുഗപുരുഷന്റെ മഹത്വം വിളിച്ചോതുന്നതാണ്.
            കാലം കാണാൻ കൊതിച്ചുറങ്ങിയ ഒരു സുന്ദര സ്വപ്നമായിരുന്നു ഗാന്ധി.രാജഭരണം ആഭരണമണിയിച്ച ഇന്ത്യയുടെ ചരിത്രത്തിൽ നാട്ടുരാജ്യങ്ങളുടെ കലഹങ്ങൾക്കിടയിലൂടെ വ്യവസായക്കണ്ണുമായി നുഴഞ്ഞുകയറിയ വിദേശശക്തികളെ അഹിംസയുടെ മാർഗ്ഗത്തിലൂടെ ഇന്ത്യൻ മണ്ണിൽ നിന്നു തുരത്താൻ പിറവിയെടുത്ത പ്രവാചകജന്മമാണ് ഗാന്ധി.
         "നിങ്ങളെ ഞാൻ അക്രമം പഠിപ്പിക്കുകയില്ല.കാരണം ഞാൻ അതിൽ വിശ്വസിക്കുന്നില്ല.എന്നാൽ ജീവൻ പോയാലും ആരുടെ മുന്നിലും തല കുനിക്കാതിരിക്കുന്നതെങ്ങനെ എന്നു നിങ്ങളെ പഠിപ്പിക്കാൻ എനിക്കു സാധിക്കും" എന്നു പ്രഖ്യാപിച്ച ബാപ്പു,ഉദാത്തമായ മാനുഷിക മൂല്യങ്ങളുടെ മന്ദിരമാകുന്നു.
         " ഒരാൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും ഒന്നാകുമ്പോഴാണ് യഥാർഥ സന്തോഷം അയാൾ അറിയുന്നത്" എന്നദ്ദേഹം തിരിച്ചറിഞ്ഞു."മറ്റുള്ളവർക്ക് സേവനം ചെയ്ത് സ്വയം നഷ്ടപ്പെടുമ്പോഴാണ് നിങ്ങൾ നിങ്ങളെ തിരിച്ചറിയുന്നത് " എന്ന ഗാന്ധിസൂക്തം അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്ന് ഊർന്ന് വീണതാണ്.
         ലോകമനസാക്ഷിക്കു മുന്നിൽ ഗാന്ധിജി പ്രതിഷ്ഠിച്ച ഏറ്റവും ശ്രേഷ്ഠമായ മൂല്യദീപഗോപുരം,'അഹിംസ' തന്നെയാണ്."നിന്റെ എതിരാളിയെ സ്നേഹം കൊണ്ട് കീഴടക്കുക " എന്ന വാക്കുകൾ അഹിംസയുടെ താക്കോലാണ്.'ഹിംസ' എന്നാൽ ജീവഹാനിയാണെങ്കിൽ 'അഹിംസ' എന്നാൽ വാക്കിലോ,നോക്കിലോ,പ്രവർത്തിയിലോ മറ്റുള്ളവരെ വേദനിപ്പിക്കാതെ അപരന്റെ കാവലാക്കുക എന്നാണർത്ഥം.അതിനാലാണ് "ക്രോധം അഹിംസയുടെ ശത്രുവാണ് " എന്ന് ഗാന്ധി പറഞ്ഞത്.
           വൈഗനദിക്കരയിൽ ഉടുതുണിയ്ക്ക് മറുതുണ്ടിയില്ലാതെ നിന്ന ഒരു ഭാരതപുത്രിയെ തന്റെ ഉടുപ്പൂരി പുതപ്പിച്ചപ്പോഴും നെഞ്ചിൽ ചവിട്ടിയ സായ്പ്പിനോട് കാല് വേദനിച്ചോ എന്ന് ചോദിച്ചപ്പോഴും ബ്രിട്ടീഷുകാരന്റെ വെടിയുണ്ടകളെ സത്യഗ്രഹം എന്ന കർമ്മംകൊണ്ട് പൊതിഞ്ഞപ്പോഴും ഗാന്ധി അഹിംസയുടെ വേദപുസ്തകമാവുകയായിരുന്നു.ആയുധം കൈമില്ലുള്ളവന്റെ അക്രമത്വരയും,അധികാരമുള്ളവന്റെ മേലാളധാർഷ്ട്യവും അഹിംസ എന്ന വിശ്വസാഹോദര്യമൂല്യം കൊണ്ട് നിർവീര്യമാക്കിയ അപാരധീരതയാണ് ഗാന്ധിജി.
            ആയുധമുള്ളവനാണ് വേട്ടക്കാരൻ . ആയുധം അധികാരമാകാം.പണവും സ്വാധീനവുമാകാം.മതമാകാം രാഷ്ട്രീയമാകാം.വംശീയ ദേശീയ പ്രാദേശിക വികാരമാകാം.ആയുധമുള്ളവൻ അപരനെ നിരായുധനാക്കി നിരന്തരം വേട്ടയാടുകയാണ്.എന്നിൽ നിന്നും വ്യത്യസ്തമായ സംസ്കാരങ്ങളെ ചിന്താധാരകളെ ഞാൻ അംഗീകരിക്കുമ്പോഴാണ് ഞാൻ ഒരു സമൂഹസൃഷ്ടിയിൽ പങ്കുചേരുന്നത്.ഗാന്ധിജി ഇത്തരത്തിൽ ഒരു നവസമൂഹസൃഷ്ടാവാണ്.സ്വാർത്ഥതയുടെ നെയ്നുണഞ്ഞു കൊഴുക്കുന്ന ഇന്നിന്റെ ലോകം ആയുധങ്ങൾ സംഭരിക്കുകയാണ്.അപരനെ വേട്ടയാടുന്ന നായാട്ടുകാരന്റെ നിഘണ്ടുവിൽ അഹിംസ എന്ന പദമെഴുതിയ തൂലികയുടെ പേരാണ് 'ഗാന്ധി'.അഹിംസയാണ് ഗാന്ധിസത്തിന്റെ കാതൽ.
          ഗാന്ധിസം പിറക്കാത്ത ഇടങ്ങൾ ഇരുളടഞ്ഞവയാണ്.ഇന്ന് വിഭാഗീയതയുടെ വിലാപങ്ങൾ ഉയരുന്ന ഓരോ പോർമുഖങ്ങളും ഒരു പോർബന്ദറിന്റെ സ്പർശം കൊതിക്കുന്നുണ്ട്.വർഗീയതയും തീവ്രവാദവും രാഷ്ട്രീയവൈരവും ഭാഷാ ദേശവാദ വിവാദങ്ങളും മുറിവേൽപ്പിക്കുന്ന ഭാരതാംബയുടെ വിലാപങ്ങളിൽ ഒരു ഗാന്ധിസൂക്തം മുഴങ്ങാൻ കാത്തിരിക്കുന്നുണ്ട്.
          ആധുനിക യുഗത്തിൽ ഗാന്ധി എന്ന വ്യക്തി മനുഷ്യരാശിയുടെ തന്നെ പ്രവാചകനായി മാറുകയാണ്.ജാതിയുടേയും മതത്തിന്റേയും സമ്പത്തിന്റേയും രാഷ്ട്രീയ കുടിപ്പകകളുടേയും പേരിൽ പരസ്പരം പോരടിക്കുന്ന ഒരു ജനത വളരെ ആശങ്ക ജനകമായ തോതിൽ ഉയർന്നുവരുന്ന ഈ സമൂഹത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്."ഗിരിനിരയോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ മറ്റൊന്നും" ആ 'അർദ്ധനഗ്നനായ ഫക്കീറിന്' ലോകത്തിന് പകർന്നു നൽകാൻ ഇല്ലായിരുന്നു.
             ആ മഹാത്മാവിന്റെ പാദസ്പർശമേറ്റ ഭാരതാംബയുടെ പുണ്യഭൂമിയിൽ അഹിംസയുടെ പുതുവേരുകൾ പടരാൻ സമയമായിരിക്കുന്നു.ഗാന്ധി സ്വപ്നം കണ്ട ആ ഭാരതം പുതുതലമുറ പടുത്തുയർത്തേണ്ട നേരമായി....സത്യത്തിനും ധർമ്മത്തിനും നീതിയ്ക്കും വേണ്ടി പോരാടുന്ന ഒരു പുതുയുഗപ്പിറവി....
അഭിരാമി. ജെ. ബി.
12 H സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം