പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/എല്ലാം ഒരു സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാം ഒരു സ്വപ്നം

മൊബൈലും ടിവിയുമെല്ലാം അവനു മടുത്തുതുടങ്ങി. പുറത്തേക്കിറങ്ങിയാൽ റോന്തുചുറ്റുന്ന പോലീസിന് മുന്നിൽ പെട്ടാലോ എന്ന ആധിയാണ് അവന്. കുഞ്ഞുനാളിൽ തന്നെ പോലീസിനെ അവന് ഭയങ്കര പേടിയാണ്. അപ്പോഴാണ് ആദിത്യന് മച്ചിന് മുകളിലുള്ള സാധനങ്ങളെക്കുറിച്ച് ഓർമ്മ വന്നത്. അവിടെയുള്ളവക്കിടയിൽ ആവശ്യമുള്ളവ തിരഞ്ഞു കണ്ടു പിടിച്ച് അവൻ അവ ഭദ്രമായി സൂക്ഷിച്ചു വെക്കുമായിരുന്നു. അവിടെ എത്തിയ അവൻ ആദ്യം കണ്ടത് ഒരു കൂറ്റൻ നിലക്കണ്ണാടി ആയിരുന്നു. അവൻ ആ കണ്ണാടിയിൽ സ്പർശിച്ചു നോക്കി. എന്നാൽ അവന് അതിൽ തൊടാൻ കഴിയുമായിരുന്നില്ല. അവൻ അമ്മയെ വിളിച്ചു,

"അമ്മേ ഈ കണ്ണാ....." അവൻ വാക്കുകൾ മുഴുമിപ്പിക്കും മുൻപേ ആ കണ്ണാടി അവനെ ഉള്ളിലേക്ക് ആവാഹിച്ചിരിന്നു. അവൻ കണ്ണുകൾ തുറന്നപ്പോൾ ഒരു പുൽമേട്ടിൽ ആണ് കിടന്നിരുന്നത്. അങ്ങിങ്ങായി അനേകം മരക്കുറ്റികൾ കാണാമായിരുന്നു. പലയിടങ്ങളിലായി വള്ളിപ്പടർപ്പുകളുടെ അവശിഷ്ടങ്ങളും കാണാമായിരുന്നു എന്നാൽ അവനെ ആകർഷിച്ചത് ഇവയൊന്നുമല്ലായിരുന്നു. നിലത്ത് അടുക്കുകളായി കൂന കൂടി കിടക്കുന്ന ഇലകൾ ആയിരുന്നു. ഒറ്റമരം പോലുമില്ലാതെ ഇവിടെ ഇത്രയധികം ഇലകൾ എങ്ങു നിന്നു വന്നു എന്ന് അവൻ ശങ്കിച്ചു.

പെട്ടെന്ന് തന്നെ അവൻ അവന്റ പുറകിൽ നിന്നും ഒരു ഘനഗംഭീരമായ ശബ്ദം കേട്ടു അവിടെ ഒരു ഭീമാകാരനായ വിരൂപിയെ ആണ് അവന് കാണാനായത്.

"അതെ നീ ആലോചിച്ചത് ശരി തന്നെയായിരുന്നു, ഇവിടെ ഒരുപാട് ഇലകൾ ഉണ്ട് എന്നാൽ ഒരൊറ്റ മരം പോലും ഇല്ല താനും" ,വിരൂപി പറഞ്ഞു." എന്നാൽ ഇലകളൊക്കെ എവിടെനിന്നാണ് വരുന്നത്?" ആദിത്യൻ ആരാഞ്ഞു. ഇടറുന്ന ശബ്ദത്തിൽ വിരൂപി പറഞ്ഞു "നിനക്കറിയാമോ ഇവിടം ഒരു മനോഹരമായ കാടായിരുന്നു. കിളികളുടെ കളകൂജനവും കാട്ടാറിന്റെ പളുങ്കുജലവും സമൃദ്ധമായ പച്ചിലകളും ഈ കാടിനെ സമ്പുഷ്ടമാക്കിയിരുന്നു. മൃഗങ്ങളെയും മറ്റും ഇങ്ങോട്ട് ആകർഷിക്കാൻ അതു മതിയായിരുന്നു. അവർക്ക് ഈ കാട് വേണ്ടുവോളം കനികൾ നൽകി ദാഹമകറ്റാൻ ജലം നൽകി. എന്നാൽ ആ മൃഗങ്ങളിൽ നീചനായ ഒരു മൃഗം ഇങ്ങോട്ട് വന്നത് ഒരു മഴുവുമായിട്ടായിരുന്നു.

അതെ ആദിത്യൻ, മനുഷ്യൻ തന്നെ." അവൻ ചോദിച്ചു "ആരാണ് നീ?" മറുപടിയായി വിരൂപി പൊട്ടിച്ചിരിച്ചു എന്നിട്ട് പറഞ്ഞു " ഞാൻ ഈ കാടിന്റെ ആത്മാവ് ഒരുകാലത്ത് ഞാൻ സുന്ദരനായിരുന്നു ഇന്ന് മനുഷ്യൻ എന്നെ ഈ നിലയിൽ ആക്കിയിരിക്കുന്നു.

പെട്ടെന്ന് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. ഇത്രയും നേരം താൻ സ്വപ്നമായിരുന്നു കണ്ടിരുന്നത് എന്നത് അവനെ ആശ്ചര്യപ്പെടുത്തി. "എത്ര നേരായീ ന്ന് നിനക്ക് വല്ല ബോധ്യണ്ടോ." .അമ്മ ചോദിച്ചു.അതെ നേരം വൈകിയിരിക്കുന്നു. ചുറ്റും വെയിൽ പരന്നിരിക്കുന്നു. "എണീറ്റ് മുഖം കഴുകി വന്നേ" അമ്മ വാത്സല്യപൂർവ്വം ശാസിച്ചു. അമ്മ തന്നത്താൻ പറയുന്നുണ്ടായിരുന്നു, "തെക്കേതിലെ പ്ലാവ് വെട്ടാന്ന് വെച്ചൊപ്പൊ ഒറ്റയാളേം കിട്ടാനില്ല്യ കഷ്ടം തന്നെ". "

വേണ്ടമ്മേ ആ പ്ലാവ് വെട്ടണ്ട അത് കൊണ്ട് നമുക്ക് ഉപദ്രവന്നൂല്ലാലോ.... ഇക്കൊല്ലം ഇല്ലെങ്കിൽ അടുത്ത കൊല്ലം അത് കായ്ച്ചോളും". "അതെന്താടാ ഇപ്പൊ അങ്ങനെ തോന്നാൻ?" അമ്മ ചോദിച്ചു. "അല്ലമ്മേ അല്ലാതെ തന്നെ പരിസ്ഥിതിയോട് നമ്മൾ ഒരുപാട് ദോഷം ചെയ്യ്ണ്ട്, അത് വെട്ടേണ്ട " ഇതും പറഞ്ഞുകൊണ്ട് അവൻ മുറ്റത്തേക്ക് നടന്നു. പെട്ടെന്നാണ് അവന് മച്ചിലേക്ക് കയറി നോക്കിയാലോ എന്ന് തോന്നിയത്. അവൻറെ സ്വപ്നം യാഥാർത്ഥ്യം ആയിരുന്നില്ല എന്ന സങ്കടത്തോടെ അവൻ മച്ചിലേക്ക് കയറി. ഗംഭീര ഭാവത്തോടെ ആ കൂറ്റൻ കണ്ണാടി അവനെ സ്വാഗതം ചെയ്തുകൊണ്ട് അവിടെ നിന്നിരുന്നു. അവൻറെ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു.

ഹാഫിസ് മുഹമ്മദ് പുലാക്കൽ
8 T പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ