ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഞാൻ വായിച്ച പുസ്തകം

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ വായിച്ച പുസ്തകം

അക്കർമാശി / ശരൺകുമാർ ലിംബാളെ--ഞാൻ വായിച്ച പുസ്തകം
ശരൺകുമാർ ലിംബാളെ എന്ന ദളിത് സാഹിത്യകാരൻ തന്റെ 25-മത്തെവയസ്സിൽ എഴുതിയ ആത്മകഥയാണ് അക്കർമാശി. അച്ഛൻ,അമ്മ,നാട്,ഭാഷ,ജാതി,മതം എന്നവയിൽ എല്ലാം ഭാഗ്യഹീനനായ വ്യക്തിയാണ് അദ്ദേഹം. ലിംബാളയുടെ അച്ഛൻ ലിംഗായത്ത് എന്ന മേൽജാതിയും അമ്മ മഹാർ എന്ന കീഴിജാതിയിലും പെടുന്നവരായതിനാൽ ലിബാളെ അർധജാതി അഥവാ അക്കർമാശി ആണ്. ലിംബാളയുടെ അമ്മ തന്റെ ജീവിതത്തിലെ അവിചാരിതമായി നടന്ന ചില സംഭവങ്ങളുടെ ഫലമായി വെപ്പാട്ടി ആയി ജീവിക്കേണ്ടി വന്ന സ്ത്രീയാണ്. അത് ലിംബളെയുടെ അമ്മ മസാമായിയുടെ മാത്രം കാര്യമല്ല ദളിത് സ്ത്രീകൾക്ക് പൊതുവായി സംഭവിക്കുന്നതാണ്. "ഇത് എന്റെ ജീവിതമല്ല എനിക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട അടിമത്തമാണ്" എന്നാണ് ലിംബാളെ പറയുന്നത്. താൻ ഒരു അക്കർമാശി ആണെന്ന് പറയുന്നത് ഏതൊരു കീഴ്ജാതിയെക്കാളും താഴ്ന്നവൻ എന്ന അർഥമായതിനാൽ അവർക്ക് ദളിതരുടെ അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടിരുന്നു. ലിംബാളയുടെ അച്ഛൻ മകൻ ലിംബാളയെ അംഗീകരിച്ചിരുന്നില്ല. ഇങ്ങനെയൊരു ബന്ധത്തിൽ ഉണ്ടാകുന്ന ഒരു മക്കളെയും ഒരച്ഛൻമാരും പൊതുസമൂഹത്തിൽ വച്ച് അംഗീകരിച്ചിട്ടില്ല. എല്ലാ ആക്ഷേപങ്ങൾക്കും പുറമേ തന്തയില്ലാത്തവൻ എന്നതും എഴുത്തുകാരന്റെ സന്തതസഹചാരിയായിരുന്നു. ഒരാൺക്കുട്ടിയായതിനാലാണ് അവന് പഠിക്കാനുള്ള അവകാശം ലഭിച്ചിരുന്നത്. ഒരു ദളിത് യുവതിയാണെങ്കിലോ? എഴ് വയസ്സുള്ളപ്പോൾത്തന്നെ കല്യാണം കഴിച്ചുവിട്ട അക്കർമാശിയായ പെൺക്കുട്ടിയെ കുറിച്ചിവിടെ പറയുന്നുണ്ട്. ഒരു പുരുഷന് തന്റെ വ്യഭിചാരത്തെ സാധൂകരിക്കാൻ സ്വന്തം ശക്തി,സമ്പത്ത്,സമൂഹം,സംസ്കൃതി,മതം എന്നിവയുടെ എല്ലാം പിൻബലുവും ഉണ്ട്. എന്നാൽ ഒരു സ്ത്രീക്കോ? അവൾക്കാ കുഞ്ഞിനെ വളർത്തേണ്ടി വരുന്നു. ആ കുഞ്ഞ് ഒരു ജന്മം ജീവിച്ച് തീർക്കേണ്ടിയും ഇരിക്കുന്നു. ഇത്തരമൊരു ജന്മത്തിന്റെ വേദന ഈ ആത്മകഥയിൽ നിറഞ്ഞുനിൽക്കുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ള അംബേദ്ക്കറെപോലും ഒരു ദളിതനായതിനാൽ മാത്രം അംഗീകരിക്കാത്ത സമൂഹമായിരുന്നു ഇത് എന്നോർക്കണം. ഇന്നും ദളിതർക്ക് നേരെയുള്ള വരേണ്യവർഗത്തിന്റെ അതിക്രമങ്ങൾക്ക് വിരാമം സംഭവിച്ചിട്ടില്ല. അതിന്റെ ക്രൂരമായൊരു വശം ഈ പുസ്തകത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു പുസ്തകമായി ഞാൻ ഇതിനെ കാണുന്നു.

ഗാഥ പി വൈ
9A ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം