എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/ചില കോവിഡ് ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24030hsp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചില കോവിഡ് ചിന്തകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചില കോവിഡ് ചിന്തകൾ

വുഹാൻ.... ഇപ്പോൾ ലോകത്തിൻറെ മുന്നിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നഗരം. ചൈനയിലെ ഈ നഗരം കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായതാണ് ഈ ദുഷ്കീർത്തിക്ക് കാരണം. 76 ദിവസത്തെ ലോക്ഡൗൺ ..... അതിനു ശേഷം ഏപ്രിൽ എട്ടിന് ഈ നഗരം വീണ്ടും തുറന്നു . അരലക്ഷത്തിലേറെ രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്നവർ പഴയ അവസ്ഥലേക്ക് മെല്ലെ നീങ്ങി തുടങ്ങി.

കോവിഡ് എന്ന മഹാമാരി നമ്മുടെ നാടിനേയും നമ്മുടെ സമ്പദ് വ്യവസ്ഥയേയും വല്ലാതെ ബാധിച്ചിരിക്കുന്നു. ഈ ഭീഷണി ഒഴിഞ്ഞ് , അതിജീവനത്തിനായി ശ്രമിക്കേണ്ട നാമോരോരുത്തരും പഴയ കാർഷിക സംസ്കാരത്തിലേക്ക് തിരികെ പോകേണ്ടതാണ്. നമുക്ക് നമ്മുടെ വീടുകളിൽ പയർ, മുളക്, തക്കാളി, ചീര, പടവലം, വെണ്ട തുടങ്ങി പറ്റാവുന്നത്ര കൃഷികൾ ചെയ്യാം.തമിഴ്നാടിനെയും കർണാടകത്തേയും ആശ്രയിച്ചു കൊണ്ടുള്ള നമ്മുടെ ജീവിതത്തിന് ചെറിയ ഒരു മാറ്റം അനിവാര്യമാണ്. എന്ത് സാധനവും കടയിൽ നിന്ന് വാങ്ങാം എന്ന ധാരണ മാറ്റി നമുക്ക് പറ്റാവുന്നത് നമ്മുടെ തൊടിയിൽ ഉണ്ടാക്കാം എന്ന അവസ്ഥയിലേക്ക് നാം മാറണം.

ഈ കോവിഡ് കാലം എനിക്ക് കുറേ അനുഭവങ്ങളുടേതായിരുന്നു. രാവിലെ മുതൽ പണിക്ക് ഇറങ്ങുന്ന അച്ഛൻ ഇങ്ങനെ വിശ്രമിക്കുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു. ഞാനും അച്ഛനും അമ്മയും ഒരുമിച്ച് ഒരു ചെറിയ അടുക്കളത്തോട്ടം തയ്യാറാക്കി. എല്ലാവരും കൂടി ഒത്തൊരുമിച്ചുള്ള ആ കൃഷിപ്പണി എന്ത് സന്തോഷകരമായിരുന്നു.

നമ്മൾ ഇങ്ങനെ വീട്ടിൽ ഒത്ത് ചേർന്ന് സന്തോഷിക്കുമ്പോൾ ആരോഗ്യ വിഭാഗം ജീവനക്കാരും പോലീസുകാരും അഗ്നിരക്ഷാസേനയും കോവിഡ് പ്രതിരോധത്തിനായി രോഗികളെ പരിചരിക്കുക , പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുക തുടങ്ങിയ പോരാട്ടത്തിലായിരുന്നു. അവരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. അവർക്കു വേണ്ടി നാം കൈയടിച്ച് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിച്ചു. കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാൻ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ ടോർച്ചോ ചിരാതോ തെളിയിക്കണമെന്ന് നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. തമസോമ: ജ്യോതിർഗമയ എന്ന ആശയം ഉൾക്കൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും അതിന് തയ്യാറായി.

നമ്മുടെ നാട്ടിൽ ഒത്തിരി അതിഥി തൊഴിലാളികൾ ഉണ്ട്. ജീവിതത്തിൻറെ കഷ്ടപ്പാട്ടിൽ , വീടും നാടും പ്രിയപ്പെട്ടവരെയും എല്ലാം ഉപേക്ഷിച്ച് ജോലിക്ക് വന്ന പാവങ്ങൾ . അവരെ കരുതാനും നമ്മുടെ ഗവൺമെൻറ് മറന്നില്ല. അവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുത്തും അവരുടെ താമസ സ്ഥലങ്ങൾ അണു വിമുക്തമാക്കിയും നമ്മുടെ സാമൂഹിക പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. നാട്ടിലേക്ക് പോകാൻ ആഗ്രഹം അറിയിച്ച ഈ അതിഥി തൊഴിലാളികളെ പ്രത്യേക ട്രെയിനുകളിൽ അവരുടെ നാട്ടിൽ എത്തിക്കുവാനുള്ള സംവിധാനവും നമ്മുടെ ഗവൺമെന്റ് ചെയ്തു.

കേരളത്തിൽ കോവിഡ് ബാധിച്ച് ചില വിദേശികൾ ചികിത്സയിൽ ഉണ്ടായിരുന്നു . അവരെല്ലാം രോഗ വിമുക്തരായി. മധ്യപ്രദേശിലെ ഇൻഡോറിൽ സ്വകാര്യ ക്ലിനിക് നടത്തിയിരുന്ന 60 വയസ്സുള്ള ഡോക്ടർ ശത്രുഘ്‌നൻ പഞ്ച്‌വാനിയുടെ മരണം ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി . ദിവസങ്ങൾ കടന്നു പോകും തോറും കോവിഡിനെ കീഴടക്കാൻ ശാസ്ത്രലോകം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പല വാക്സിനുകളും മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി കഴിഞ്ഞു. കൊറോണയെ തോൽപ്പിക്കുന്ന ആ നല്ല നാൾ ഇനി അകലെയല്ല . അതിനുവേണ്ടി നമുക്ക് കാത്തിരിക്കാം.

അതുൽ കൃഷ്ണ എ യു
5A എച്ച് എസ് പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം