ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/ മുഖപടം.
മുഖപടം.
അമ്മു കുടുംബത്തോടൊപ്പം ദൂരെയാണ് താമസം.അവൾ ദിവസങ്ങൾ ഓരോന്നും എണ്ണിയെണ്ണി കാത്തിരിക്കുകയാണ്.അങ്ങനെ അവൾ കാത്തിരുന്ന ആ ദിവസം പ്രതീക്ഷിക്കുന്നതിനു മുമ്പേ വന്നു.സ്‌കൂൾ അടച്ചിട്ടു നാട്ടിൽ പോകാൻ-ലോകമെങ്ങും കാർന്നുതിന്നുന്ന ആ മഹാമാരിയായതുകൊണ്ടു വളരെ നേരത്തെതന്നെ നാട്ടിലെത്താൻ സാധിച്ചതിൽ അമ്മു വളരെയധികം ആഹ്ലാദിച്ചു.അവൾക്കു സന്തോഷം തന്നെ,ലോകത്തിന്റെ വിഷമം അവൾ അറിയുന്നില്ലല്ലോ!-നാട്ടിൽ കുറെ കൂട്ടുകാർ കളിക്കാനുണ്ടാവും,അമ്മൂമ്മ കുറെ പലഹാരങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ടാവും. അന്നൊരു വെള്ളിയാഴ്ച യായിരുന്നു.അമ്മുവുംകുടുംബവും നാട്ടിലേക്കുള്ള ട്രെയിൻ പിടിക്കാൻ വളരെ ധൃതിയിൽ പുറപ്പെട്ടു.നിർഭാഗ്യവശാൽ വളരെ വൈകിയാണ് ട്രെയിൻ എത്തിയത്.ചുറ്റുമുള്ളവരെയെല്ലാം അവൾ അമ്പരപ്പോടെ നോക്കി.പച്ച നിറത്തിലുള്ള ഏതോ വസ്തുകൊണ്ട് എല്ലാവരും മൂക്കും വായയും മറച്ചിരിക്കുന്നു.അവളും അമ്മയുടെ നിര്ബന്ധപ്രകാരം മൂക്കും വായയും മറച്ചിട്ടുണ്ട്. മുഖപടത്തിന്റെ ഗൗരവം ഇത്രത്തോളം എന്താണെന്ന് അമ്മുവിന് ഇനിയും പിടികിട്ടിയില്ല.ഇതിന്റെ കാരണം അവൾ മനസ്സിൽ ചികഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടയിൽ കൂവിക്കൊണ്ട് ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു.ബാഗും ലഗേജും എടുത്തു കൊണ്ട് അമ്മയോടൊപ്പം അവൾ വേഗത്തിൽ ട്രെയിനിലേക്കു കയറി.ഇതിനുള്ള കാരണം അവൾ മനസ്സിൽ തിരഞ്ഞു കൊണ്ടേയിരുന്നപ്പോൾ പല സ്റ്റേഷനുകളും പിന്നിട്ടു ട്രെയിൻ തിരക്കേറിയ ഒരു സ്റ്റേഷനിലെത്തി. ആൾക്കാരുടെ തിരക്കുകൂട്ടലിനിടയിൽ മുഖാവരണം ധരിക്കാത്ത അവശയായ ഒരു സ്ത്രീ ഒരു കുട്ടിയുമായി ട്രെയിനിൽ കയറിയത് അമ്മു ശ്രദ്ധിച്ചിരുന്നു.അപ്പോഴും അവൾ മുഖവാരണത്തെപ്പറ്റിയായിരുന്നു ചിന്തിച്ചിരുന്നത്. ഇടയ്ക്കിടെ ആ സ്ത്രീ ഒരു തൂവാല കൊണ്ടു മൂക്കു തുടക്കുന്നതും ചുമയ്ക്കുന്നതും അമ്മുവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അല്പസമയത്തിനുശേഷം അരികിലെ സഹ യാത്രികരെല്ലാം ആ സ്ത്രീ യോട് വളരെ മോശമായ രീതിയിൽ പെരുമാറുന്നതായി കണ്ടു.അപ്പോൾ അമ്മു തന്റെ അമ്മയോട് കാര്യം എന്താണെന്ന് ചോദിച്ചു.അതിനിടയിൽ ബഹളം കേട്ട് ടി ടി ഇ ആർ വന്നു.അപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയിരുന്നു.കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ,ടി ടി ഇ ആർ ആ സ്ത്രീയോട് പറഞ്ഞു."സഹ യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാവാത്തരീതിയിൽ നിങ്ങൾ ഈ സ്റ്റേഷനിൽ ഇറങ്ങണം". "എനിക്ക് ദീനമൊന്നുമില്ല സർ,ഞാൻ വരുന്ന വഴിയിൽ ബസ്സിൽ നിന്നും ടെസ്റ്റ് ചെയ്തതാണ്."സ്ത്രീ ടി ടി ഇ ആറിനോട് പറഞ്ഞു. "നിങ്ങൾക്ക് ഒന്നുമില്ലായിരിക്കാം.പക്ഷെ,ഇത്രയും ശ്രദ്ധയോടെ മുഖാവരണവും ധരിച്ചു യാത്രചെയ്യേണ്ട ഈ സമയത്തു നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ്. അതിനാൽ ഇവിടെ ഇറങ്ങി ഒന്നു കോവിഡ് ടെസ്റ്റ് ചെയ്തോളൂ." ആ സ്‌ത്രീയും കുട്ടിയും അവിടെയിറങ്ങി. ട്രെയിൻ കൂവിക്കൊണ്ട് സ്റ്റേഷൻ വീട്ടു. എങ്കിലും അമ്മുവിന്റെ ചിന്ത മുഖവാരണത്തെ പറ്റിയും ആ സ്ത്രീ ഇനിയെങ്ങനെ വീട്ടിലെത്തും.........? എന്നതിനെയുമൊക്കെ പറ്റിയുമായിരുന്നു. നേരം ഇരുട്ടാറായപ്പോഴേക്കും അമ്മുവിന് ഇറങ്ങേണ്ട സ്റ്റേഷൻ എത്തി. സ്റ്റേഷൻ ഇറങ്ങി പുറത്തു പോകുന്നവരെയെല്ലാം പോലീസ് അടങ്ങിയ സംഘം അവിടെ തടഞ്ഞു നിർത്തി വിശദ വിവരങ്ങൾ ചോദിച്ചു രേഖപ്പെടുത്തുന്നുണ്ട്. അമ്മ അവരുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി പറഞ്ഞശേഷം അവരെല്ലാം സ്റ്റേഷനു പുറത്തു കാത്തുനിന്ന അച്ഛനോടൊപ്പം കാറിൽ കയറി വീട്ടിൽ എത്തി. അമ്മുവിന് ഏറ്റവും ഇഷ്ടപ്പെട്ട നെയ്യപ്പവും ചായയും ഉണ്ടാക്കി വെച്ചിരുന്നെങ്കിലും അവൾ അത് കഴിക്കാത്തത് കണ്ട അമ്മൂമ്മ അവളോട് കാര്യം എന്താണെന്ന് തിരക്കി. അവൾ അമ്മൂമ്മയോട് കാര്യങ്ങൾ എല്ലാം വിവരിച്ചു പറഞ്ഞു. " ട്രെയിനിൽ നിന്നും ഇറക്കി വിട്ടു ആ വല്യമ്മയും കുട്ടിയും വീടെത്തി കാണുമോ ആവോ....!" അവൾ ആത്മഗതം പറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ