ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി/അക്ഷരവൃക്ഷം/ കോവിഡ് 19 നമ്മുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
               ചൈനയിൽ ഉദ്ഭവിച്ച് കൊടും നാശം വിതച്ച 'കോവിഡ് 19' എന്ന ഈ മഹാമാരി ഏറെ അപ്രതീക്ഷിതമായാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നത് . ശാന്തമായി ഒഴുകിയിരുന്ന പുഴയായ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ഒരു അതിഥിയായിരുന്നു അത്. നമ്മുടെ ജീവിതത്തെത്തന്നെ അത് മാറ്റിമറിച്ചു. ഒന്നിനും സമയമില്ലാത്ത മനുഷ്യൻ ഇന്ന് സമയം കളയാനായി പെടാപ്പാടുപെടുന്നു. തിരക്കേറിയ മനുഷ്യന്റെ ജീവിതത്തിന്റെ വേഗത ഇന്ന് തീർത്തും കുറഞ്ഞിരിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അതേപടി പാലിച്ച്  ഇന്ന് എല്ലാവരും വീട്ടിൽ തങ്ങളുടെ സമയം ചിലവഴിക്കുന്നു. വിദേശത്തുനിന്ന് വരുന്ന പ്രവാസികളും മറ്റും വീട്ടിലിരുന്ന്  ക്വാറന്റൈനിലേക്ക് പ്രവേശിക്കുന്നു. നാൾക്കുനാൾ വർധിച്ചു വരുന്ന വൈറസ് മനസ്സിൽ ഭീതി ഉളവാക്കുന്നുണ്ടെങ്കിലും ചങ്കൂറ്റത്തോടെ ഇതിനെ പ്രതിരോധിക്കാം എന്ന ആശയം മനസ്സിന് വിശ്വാസം പകരുന്ന ഒന്നാണ്. 


               വീട്ടിലിരുന്ന് കുടുബക്കാരോടൊപ്പം സമയം ചെലവഴിക്കുക എന്ന ആശയം ആദ്യ ഒരാഴ്ച്ച ജോറായിരുന്നു. എന്നാൽ ഇപ്പോൾ അതും ബോറായിരിക്കുന്നു. ഒരുകാലത്ത് കൃഷി പ്രധാന വരുമാനമായിരുന്നു എല്ലാവർക്കും. എന്നാൽ ഇന്ന് ഈ ലോക്കഡോൺ കാലത്ത് ഭൂരിഭാഗംപേരും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നു. മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണിത്. ഏറെ നാളായി നാം കാത്തിരുന്ന അപൂർവ കാഴ്ച്ച. ആളൊഴിഞ്ഞ കളിസ്ഥലങ്ങളും  പൊതുവേദികളും ആരാധനാലയങ്ങളും കോവിഡ്  19 വിതച്ച മാറ്റത്തിന്റെ അടയാളങ്ങളാണ്. നമ്മുടെ സമൂഹത്തെ കോവിഡ്  19 തീർത്തും മാറ്റിമറച്ചിരിക്കുന്നു. അതുപോലെ തന്നെ, നാം നേരിട്ടിരുന്ന ഒരിക്കലും പരിഹരിക്കാൻ പറ്റില്ല എന്ന്  കരുതിയ പ്രശ്നങ്ങൾക്ക് കൊറോണ എന്ന ഈ വൈറസ് വിരാമം കുറിച്ചിരിക്കുന്നു. വാഹനങ്ങളുടെ അമിതമായ ഉപയോഗം അന്തരീക്ഷത്തെ മലിനപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ന്  വാഹനങ്ങളുടെ എണ്ണം നന്നേ കുറഞ്ഞതോടെ മലിനമായിരുന്ന അന്തരീക്ഷത്തെ ശുദ്ധീകരിച്ചിരിക്കുന്നു. അതോടെ, വാഹനാപകടങ്ങളും അതേത്തുടർന്നുള്ള മരണവും തീർത്തും കുറഞ്ഞിരിക്കുന്നു. 


   നമ്മുടെ പ്രകൃതിയുടെ തിരിച്ചുവരാവണോ ഇത്?  തീർത്തും പ്രസക്തമായ ചോദ്യമാണ് ഇത്. കാരണം, മനുഷ്യന്റെ  പ്രകൃതിയിലുള്ള അമിതമായ കടന്നുകയറ്റത്തിന്റെ ഫലമായി പ്രകൃതി പൂർണ്ണമായും പൂർണ്ണമായും നശിച്ചിരുന്നു. മലിനമായ,     ഉപയോഗശൂന്യമായ ജലാശയങ്ങൾ, മലിനമായ അന്തരീക്ഷത്തിൽ മൂടിയ പർവ്വതങ്ങൾ,  വംശനാശം വന്നിരുന്ന പല ജീവജാലങ്ങൾ ഇവയെല്ലാം പ്രകൃതിയുടെ ദയനീയ ഭാവങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് മലിനമായ ജലാശയങ്ങളിലെ ജലം തെളിഞ്ഞു തുടങ്ങി വായു മലിനീകരണം കുറഞ്ഞതോടെ തെളിഞ്ഞ പ്രകൃതിയുടെ കാഴ്ച മനസ്സിന് കുളിർമയേകുന്നു. എന്നാൽ ഇതൊന്നുമല്ല വംശനാശം വന്ന ജീവജാലങ്ങളുടെ മടങ്ങി വരവാണ് നമ്മെ ഏറെ അത്ഭുതപ്പെടുത്തിയത്. വെറും കേട്ടറിവു മാത്രമായിരുന്നു അവ. ഇന്ന് യാഥാർത്ഥ്യത്തിന്റെ  വെളിച്ചത്തിലേക്ക് വന്നിരിക്കുന്നു. കോവിഡ്  19 പോലെയുള്ള കൊടും മാരിയിലും ഈ കാഴ്ചകൾ അതിജീവനത്തിൻേയും പ്രത്യാശയുടെയും പൊൻതിരി മനസ്സിൽ തെളിയിക്കുന്നു. 


കോവിഡ്  19 എന്ന ഈ മഹാമാരി ഓർമയുടെ പുസ്തകത്തിൽ ഇടം പിടിച്ചിരിക്കുന്നു. അനാവശ്യമായി പണം ചെലവാക്കിയിരുന്ന മനുഷ്യൻ ഇന്ന് ഓരോ രൂപയും കരുതലോടെ ചെലവാക്കുന്ന കാഴ്ച്ച സാധാരണമായിരിക്കുന്നു. അതിജീവനത്തിന്റെ  നാളുകളായ ഈ കാലം മനുഷ്യന്     തീർത്തും പുതിയൊരനുഭവമാണ് സമ്മാനിച്ചത്. വലിയവൻ ചെറിയവൻ എന്നില്ലാതെ എല്ലാവരും ഉള്ളതുകൊണ്ട് കഴിയുന്നു. രോഗവിമുക്തമായ പുതിയൊരു പുലരിക്കായ്  പ്രാർഥനയോടെ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.