സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ ജീവിതപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതപാഠം

ജോൺ ആശുപത്രി കിടക്കയിൽ കിടന്ന് ‍ ഞെളിപിരി കൊണ്ടു. നെഞ്ചത്ത് വലിയ കല്ല് എടുത്തുവെച്ച പ്രതീതി. ശ്വാസമെടുക്കുമ്പോൾ വാരിയെല്ലുകൾ വരിഞ്ഞ് മുറുകുന്നതുപോലെ. കഴിഞ്ഞ 13 വർഷങ്ങൾ താൻ എത്രയോ ശ്വാസം എടുത്തിട്ടുണ്ടാകും...ഇതുവരെ അതൊന്നും ആലോചിച്ചിട്ടില്ല...അല്ല...അതിന് എവിടെയാ നേരം...എപ്പോഴും തിരക്കോട് തിരക്ക്...സ്കൂൾ, ക്ലാസ്സ്, ട്യൂഷൻ, കളി...അങ്ങനെ അങ്ങനെ ...ദൈവം നമുക്ക് സൗജന്യമായി നല്കുന്ന എത്രയോ അനുഗ്രഹങ്ങൾ...സഹോദരങ്ങൾ, ആഹാരം, മറ്റു സൗകര്യങ്ങൾ...ഇതിനൊന്നും ഒരു നന്ദിയും ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല...അതെല്ലാം എന്റെ അവകാശമാണെന്ന് ചിന്തിച്ചു... ഈ ആശുപത്രി വാസം കഴിഞ്ഞിട്ടുവേണം എല്ലാവരോടും നന്ദി പറയാൻ...ജോൺ മനസ്സിൽ ഉറപ്പിച്ചു.

ശ്വാസം എടുക്കാൻ ശ്രമിക്കുന്തോറും എന്തോ കഴുത്തിൽ ഉരുണ്ടു കൂടുന്നതുപോലെ ...ശക്തമായി ഒന്നു ചുമയ്ക്കുവാൻ അവൻ ആഗ്രഹിച്ചു . പക്ഷേ, മുഖത്ത് ഉറപ്പിച്ച മാസ്ക് കാരണം അതിനു കഴിയുന്നില്ല. തനിക്ക് കൃത്രിമ ശ്വാസം നല്കികൊണ്ടിരിക്കുകയാണെന്ന് അവന് മനസ്സിലായി. ദൈവമേ, അപ്പാപ്പൻ ഇതുപോലെ കിടക്കുന്നത് ഏകദേശം ഒരു മൂന്നു കൊല്ലങ്ങൾക്കു മുമ്പുള്ള ഒരു ചിത്രം അവൻ ഓർമ്മിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം ഒരു വെളുത്ത തുണിയിൽ പൊതിഞ്ഞാണ് അപ്പാപ്പനെ പിന്നെ വീട്ടിൽ കൊണ്ടുവന്നത്. എനിക്കും അതു തന്നെയാകുമോ ഗതി...ഒന്ന് തിരിഞ്ഞ് കിടക്കണമെന്നുണ്ട്...പക്ഷേ, അനങ്ങാൻ സാധിക്കുന്നില്ല. തന്റെ അനക്കവും മുരൾച്ചയും കണ്ടിട്ടാകണം ആ തടിച്ച നഴ്സ് ഇങ്ങോട്ടു വരുന്നത് അവൻ പാതിമയക്കത്തിൽ കണ്ടു.... എനിക്ക് ആ നഴ്സിനെ ഇഷ്ടമില്ല... താൻ വന്ന ദിവസം, തന്നെ ചീത്ത പറഞ്ഞത് അവരാണ്... എന്തിനാണെന്നോ കഞ്ഞി കുടിക്കണമെങ്കിൽ ചോക്ലേറ്റ് വാങ്ങിത്തരണമെന്ന് വാശിപിടിച്ചതിന്...പിന്നെ എപ്പോഴാണ് ഇവിടെ എത്തിയത്? ഒന്നും ഓർമ്മ കിട്ടുന്നില്ല. മരുന്നുകളുടേയും ഇഞ്ചക്ഷന്റേയും എല്ലാം കൂടികലർന്ന രൂക്ഷഗന്ധം അവിടെ നിറഞ്ഞു നിന്നു. അവന് മനംപിരട്ടി വന്നു. പക്ഷേ,ഒന്നും ചെയ്യാൻ പറ്റുന്നില്ല...ഒന്നും മിണ്ടാൻ പറ്റുന്നില്ല...കൈകളിൽ തറച്ച ഇഞ്ചക്ഷൻ സൂചിയിലൂടെ ഏതോ ദ്രാവകം ഇറ്റിറ്റായി കയറിക്കൊണ്ടിരിക്കുന്നു. ദൈവമേ.., എത്ര നാൾ ഈ കിടപ്പ് വേണ്ടി വരും. എന്നാണ് ഇനി സന്തോഷിനേയും മുരളിയേയും സൽമാനേയും ആന്റണിയേയും കാണാൻ സാധിക്കുക? എന്നാണ് ഇനി അവർക്കൊപ്പം ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ സാധിക്കുക? നിസ്സഹായനായി ജോൺ അവിടെ കിടന്നു. അപ്പനേയും അമ്മയേയും ജോഫിക്കുട്ടിയേയും കാണാൻ അവൻ കൊതിച്ചു. അവരെല്ലാം എവിടെ?കൊറോണ കാലത്ത് അപ്പനും അമ്മയും ടീച്ചർമാരും പറഞ്ഞതു ശ്രദ്ധിക്കാതെ നടന്നതിന്റെ ഫലമല്ലേ ഇത്...

ജോൺ തല തിരിച്ചു നോക്കിയപ്പോൾ അപ്പുറത്തായി രണ്ടു മൂന്നു പേർകൂടി കിടക്കുന്നത് അവ്യക്തമായി കണ്ടു. ആശ്വാസം...താൻ ഒറ്റയ്ക്കല്ല. അപ്പുറത്തു കിടക്കുന്നത് ഒരു സ്ത്രീയാണെന്ന് തോന്നുന്നു...ശരിയാണ്. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീ...അപ്പോഴാണ് ആ മുഖം അവൻ ശ്രദ്ധിക്കുന്നത്. തന്റെ അമ്മ...അമ്മയ്ക്കെന്തു പറ്റി? തന്നെ ആശുപത്രിയിൽ കൊണ്ടു വന്നത് അമ്മയല്ലേ? അവന് സങ്കടം വന്നു. തനിക്ക് കഞ്ഞി കോരി തന്നതും ഡ്രസ്സ് മാറ്റിച്ചതും രാത്രിയിൽ കൂട്ടിരുന്നതുമെല്ലാം അമ്മയല്ലേ...നിശ്ചലമായി കിടക്കുന്ന അമ്മയുടെ രൂപം അവൻ വീണ്ടും നോക്കി...നെഞ്ച് ഉയരുന്നതും താഴുന്നതും കാണാം. അമ്മ വളരെ ആയാസപ്പെട്ടാണ് ശ്വസിക്കുന്നത്...അവൻ സകല ശക്തിയുമെടുത്ത് അമ്മയെ വിളിക്കാൻ ശ്രമിച്ചു...അമ്മേ...ശബ്ദം പൊങ്ങുന്നില്ല...വീണ്ടും അവൻ ശ്രമിച്ചു...പക്ഷേ , കഴുത്ത് വലിഞ്ഞു മുറുകുന്നു...കണ്ണുകൾ തുറിച്ച് പുറത്തേക്ക് വരുന്നതുപോലെ.....ദൈവമേ, എന്നെ സഹായിക്കാൻ ആരുമില്ലേ???

“ജോണീ, എടാ ജോണിക്കുട്ടീ, രാവിലെ എത്ര മണിയാണെന്നാ നിന്റെ വിചാരം...എഴുന്നേല്ക്ക്...എട്ടു മണി കഴിഞ്ഞു.. ”അമ്മയുടെ ശബ്ദം..." ലോക്ക്ഡൗൺ കാലത്ത് അവന്റെ ഒരു ഉറക്കം. ”അമ്മയുടെ ശബ്ദം വീണ്ടും...അവൻ ഞെട്ടിയുണർന്നു. താൻ എവിടെയാണ്? ആശുപത്രി കിടക്കയിലല്ല, സ്വന്തം കട്ടിലിലാണെന്ന് അവൻ തിരിച്ചറിഞ്ഞു...അപ്പോൾ എല്ലാം സ്വപ്നമായിരുന്നുവോ...ഭാഗ്യം!! ആശുപത്രിയിലെ രൂക്ഷഗന്ധം ഇപ്പോഴും അനുഭവപ്പെടുന്നതുപോലെ...മിനി ടീച്ചർ ക്ലാസ്സിൽ കൊറോണയെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കണമെന്നു പറഞ്ഞതും വീട്ടിൽ അപ്പനും അമ്മയും സോപ്പുപയോഗിച്ച് കൈയും മുഖവും കഴുകണമെന്നു പറഞ്ഞതും അവൻ ഓർത്തു...ഇനി താൻ എല്ലാം ശരിയായ് ചെയ്യും. തനിക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവനായിരിക്കും...അവൻ ഉറപ്പിച്ചു. ജോണി എഴുന്നേറ്റ് പല്ല് തേയ്ക്കുവാൻ നടന്നു...

ശുഭം

അലീസ ബിനോയ്
7 A സെന്റ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ