എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പാതയിലേക്ക്...

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNVGHS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷയുടെ പാതയിലേക്ക്......' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷയുടെ പാതയിലേക്ക്...

ഒരിടത്ത് ഏഴു വയസ്സുള്ള ഒരു ബാലനുണ്ടായിരുന്നു. അവൻ അനാഥനായിരുന്നു. ഭിക്ഷയെടുത്തായിരുന്നു അവൻ ജീവിച്ചിരുന്നത്. വിശപ്പ് അവന് നിത്യസന്ദർശകനായിരുന്നു. തെരുവോരങ്ങളായിരുന്നു അവന്റെ പട്ടുമെത്ത.

ഒരിക്കൽ ആ കുട്ടിക്ക് ഒരാഗ്രഹം തോന്നി. സ്വന്തമായി തല ചായ്ക്കാൻ ഒരിടം വേണം. ആ സ്വപ്നവും പേറി അവൻ കുറേ വാതിലുകളിൽ മുട്ടി. പക്ഷേ ആരും ആ കുഞ്ഞിനെ സഹായിക്കാൻ തയ്യാറായില്ല. അലഞ്ഞലഞ്ഞ് അവൻ തളർന്നു. ഒരു രാത്രിയിൽ പുഴക്കടവിൽ ചെന്ന് അവൻ മൂകനായിരുന്നു.

പുഴ അവനോടു ചോദിച്ചു: “മകനേ, നീ എന്താണ് വിഷമിച്ചിരിക്കുന്നത്?”
പുഴക്കടവിലെ ഒരു മരവും അവനോട് ഇതുതന്നെ ചോദിച്ചു. പാതിരാക്കാറ്റും അവന്റെ ദുഃഖത്തിന്റെ കാരണം ആരാഞ്ഞു.
തൊണ്ടയിടറിക്കൊണ്ടവൻ പറഞ്ഞു: “ഞാൻ ഒരു അനാഥനാണ്. എനിക്ക് തല ചായ്ക്കാൻ സ്വന്തമായൊരിടം വേണം. പക്ഷേ...പക്ഷേ, ആരുമെന്നെ സഹായിച്ചില്ല.”
“സാരമില്ല മോനേ...” മരവും കാറ്റും പുഴയും ഒരേ സ്വരത്തിൽ പറഞ്ഞു.
മരം അവന് ഫലങ്ങളും കിടക്കയും കൊടുക്കാമെന്നു പറഞ്ഞു. പുഴ അവന് ജലവും കാറ്റ് കുളിരുമേകാമെന്നേറ്റു. അവന്റെ മനസ്സിൽ പുഞ്ചിരി വിടർന്നു.
പക്ഷേ അപ്പോഴാണ് ഒരാശങ്ക അവന്റെ ഉള്ളിലുണർന്നത്. അവൻ ദൈന്യതയോടെ പുഴയോടും കാറ്റിനോടും മരത്തോടും പറഞ്ഞു: “എന്റെ കൈയിൽ പ്രതിഫലമായി തരാൻ പണമില്ല.”
ഇതുകേട്ട മൂവരും ചെറുപുഞ്ചിരിയോടെ മൊഴിഞ്ഞു: “മോനേ, നീ പ്രതിഫലമായി തരേണ്ടത് പണമല്ല, നിന്റെ കർമ്മമാണ്. നീ ഞങ്ങളെ നശിപ്പിക്കാതിരിക്കുക.”
ഇതു കേട്ട കുട്ടി അദ്ഭുതത്തോടെ പറഞ്ഞു: “എന്ത് ഞാൻ നിങ്ങളെ നശിപ്പിക്കാനോ? ഒരിക്കലുമില്ല. ഭൂമിയിലെ ദൈവങ്ങളാണ് നിങ്ങൾ...മാലാഖമാർ. നിങ്ങളെ നശിപ്പിക്കാൻ ആർക്കാണ് തോന്നുക?”
“തോന്നും മോനെ. മനുഷ്യർക്ക് ഞങ്ങളെ ദ്രോഹിക്കാനാകും. ഞങ്ങളിൽ ബഹുഭൂരിപക്ഷം പേരെയും അവർ നശിപ്പിച്ചു.” ഇങ്ങനെ പുഴ പറഞ്ഞതും മരക്കൊമ്പിലിരുന്ന് കിളികൾ പാടി.
അതെ, സൂര്യനുദിച്ചിരിക്കുന്നു. പെട്ടെന്നാണ് പുഴയ്ക്കും മരത്തിനും കാറ്റിനും ഒരുൾവിളി ഉണ്ടായത്. അദ്ഭുതം ! ആ ആൺകുട്ടിയെ അവിടെങ്ങും കാണ്മാനില്ല!!
രാവിന്റെ ഇരുളിമയിൽ തങ്ങൾ കണ്ട വെറുമൊരു സ്വപ്നമാണതെന്ന് അവർ തിരിച്ചറിഞ്ഞു.

അഞ്ജലി.കെ.ആർ
8 E എസ്.എൻ.വി.ജി.എച്ച്.എസ്, പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ