എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ലോക്കഡൗണിനുശേഷമുള്ള സാമ്പത്തിക സുസ്ഥിരത

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്കഡൗണിനുശേഷമുള്ള സാമ്പത്തിക സുസ്ഥിരത

ഇന്ന് നമ്മുടെ രാജ്യം ലോക്ക്ഡൗണിലാണ് .കോവിഡിന്റെ ഭീതി നിലനിൽക്കുന്നതിനാൽ ലോക്ക്ഡൗൺ ഭാഗികമായി മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ .എന്നാൽ ലോക്ക്‌ഡൗണിനുശേഷം നമ്മുടെ രാജ്യം അനുഭവിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ് .ഈ സാമ്പത്തിക പ്രതിസന്ധിയെ 2008 -ലെ സാമ്പത്തിക പ്രതിസന്ധിയുമായാണ് സാമ്പത്തിക വിദഗ്ധർ താരതമ്യം ചെയ്യുന്നത്. ഇന്ത്യയിൽ ഇങ്ങനെയാണെങ്കിൽ ലോകത്തെ കണക്കു നാമെടുക്കുമ്പോൾ 1930 -ലുണ്ടായതിനേക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകം നേരിടാൻ പോകുന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു .


ഇന്ത്യയിലെന്നല്ല ലോകത്തിനെ മുഴുവൻ നോക്കിയാൽ തന്നെ വ്യാവസായിക മേഖലയാണ് വൻ പ്രതിസന്ധിയിലായിരിക്കുന്നത് .സ്വന്തമായി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർക്കാണ് വൻ സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വന്നത് . മൂലധന നഷ്ടം ,വായ്പ തിരിച്ചടവ് പ്രതിസന്ധി ,അവരുടെ നിത്യ ചെലവ് നടത്താനുള്ള ബുദ്ധിമുട്ട് എന്നിവ ഇവർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് .വൻകിട കൃഷിക്കാർക്ക് ഈ ലോക്ക്ഡൗൺ സമയം കാർഷിക വിളകൾ വിപണിയിൽ യഥാസമയം എത്തിക്കാൻ കഴിയാത്തതുമൂലം വിളകൾ നശിച്ച് അടുത്ത ഉല്പാദനത്തിന് ഉപയോഗിക്കാൻ കഴിയാത്ത പ്രതിസന്ധി നേരിടുന്നു . ഇതു കൂടാതെ തൊഴിൽരഹിതരായി നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്ടത ഇതിലും വലുതാണ് .

ബിസിനസ്സ് പുനരാരംഭിക്കാനും ബിസിനസ്സ് ചക്രം തിരിക്കുവാനും മതിയായ സാമ്പത്തിക പിന്തുണ ലഭിച്ചെങ്കിൽ മാത്രമേ ഇവർക്കൊരു തിരിച്ചു വരവിനും സാധ്യതയുളളൂ .ലോക്‌ഡൗണിനു മുൻപും ലോക്ക്ഡൗണിലും സമാഹരിച്ചിട്ടുള്ള ഉയർന്ന പലിശയുള്ള എല്ലാ വായ്പകളും ചേർത്ത് ഒരൊറ്റ വായ്‌പയാക്കി മാറ്റണം .ബാങ്കുകൾ വായ്പകൾ ഏറ്റെടുക്കുന്ന സേവനം ഇതിനായി ഉപയോഗിക്കാം .വായ്പ തിരിച്ചടവിനും പലിശ ഇളവിനും സമയം നീട്ടിക്കിട്ടുന്നതിനും ശ്രമിക്കണം .കൊറോണ കാലത്ത് സൃഷ്‌ടിയ്ക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ലഭ്യമായ ഏറ്റവും പരിമിതമായ സ്‌ഥലത്തുപോലും സ്വന്തം ആവശ്യത്തിനുള്ള കൃഷി ചെയ്യാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ തയ്യാറാകണം .നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം സംയോജിത കൃഷിരീതിയ്ക്ക് യോജ്യമായ സ്ഥലമാണ് .


സർക്കാർ മുൻകൈ എടുത്ത് കൃഷിവകുപ്പിലും മൃഗസംരക്ഷണ മേഖലയിലും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാവുന്നതാണ് .ഫ്ളാറ്റിൽ താമസിക്കുന്നവരായാലും എല്ലാപേർക്കും യോജ്യമായ രീതിയിൽ മട്ടുപ്പാവ് കൃഷിരീതി അവലംബിക്കാവുന്നതാണ് .ഓരോ വീടുകളിലും അഞ്ചു കോഴിക്കുഞ്ഞും കൂടും നൽകുന്ന പദ്ധതി ഏർപ്പെടുത്താവുന്നതാണ് .ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങൾ കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് ശുദ്ധീകരിച്ച് ജലസേചനത്തിനും മീൻ വളർത്തലിനും ഉപയോഗിക്കാവുന്നതാണ് .കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് താരതമ്യേന നൂതന കൃഷിരീതിയായ മണ്ണില്ലാകൃഷി ,ജൈവകൃഷി ,പോഷകപാളി കൃഷി എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതാണ് .പഴയ പുരയിടങ്ങളിൽ കൃഷിയോടൊപ്പം തേനീച്ച വളർത്തൽ ,മീൻ വളർത്തൽ .കൂൺകൃഷി എന്നിവ പരീക്ഷിക്കാം .പെട്ടെന്ന് ഉല്പാദിപ്പിക്കാൻ കഴിയുന്ന വിളകൾക്ക് മുൻഗണന നൽകുക .വിളവെടുപ്പ് പൂർണ്ണമാകാൻ കാത്ത് നിൽക്കാതെ തൈകൾ തയ്യാറാക്കി നടുക .വിളവെടുക്കാൻ തുടങ്ങുമ്പോൾ അടുത്ത തൈ നട്ടാൽ എല്ലാ സമയത്തും വിളകൾ ലഭ്യമാക്കാൻ സാധിക്കും .


ഓരോ മേഖലയിലും ആസൂത്രിതമായ പദ്ധതിയിലൂടെ മുന്നേറാൻ കഴിഞ്ഞാൽ കോറോണമൂലം നമുക്ക് ഉണ്ടായ സാമ്പത്തിക പ്രസിസന്ധിയെ നേരിടാൻ കഴിയും .

ഫവാസ് അഹമ്മദ് എ എൻ
5 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം