കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


സനാതനപദം തേടി.....
-കവിത - ആര്‍.പ്രസന്നകുമാര്‍ - 18/04/2010
{നഷ്ടമായ ബാല്യത്തിന്റെ മധുരസ്മരണകള്‍. സുന്ദരവും സുരഭിലവുമായ ആ വര്‍ണ്ണനിമിഷങ്ങളില്‍ കവിക്കു തോന്നിപ്പോകുന്നു - 'ഞാന്‍ വളരാതിരുന്നുവെങ്കില്‍, വളര്‍ന്നതാണെന്റെ പരാജയം' - പിന്നീടതിന്റെ കാരണങ്ങള്‍ കവി ഒന്നൊന്നായി നിരത്തുകയാണ്. ഇനി ഒരിക്കലും നുകരാനാവാത്ത ബാല്യപ്രസൂനത്തെ കവി മറക്കുന്നു. സനാതനചൈതന്യമായി ഇവിടെ തന്നെ ഒരു മണ്‍തരിയാകാന്‍ കവിഹൃദയം അഭിലഷിക്കുന്നു. ഒരു പക്ഷെ കവിയുടെ മോഹങ്ങള്‍ മിഥ്യയാകാം, എന്നാലും ആഗ്രഹിച്ചുകൂടെ....?}

പുരുഷാന്തരങ്ങളിലൂടെ വന്നു ഞാന്‍ ജീവകണമായി
ഉരുകുമുഷസ്സിന്റെ തൂവെള്ളിത്താമ്പാളം നീട്ടി അമ്മ നില്കെ...
ചക്രവാളങ്ങള്‍ കാലടിക്കുള്ളിലാക്കാനുണ്മ പൂണ്ടുയരും
വിക്രിയകളോ...? എന്‍ വിരലുകളന്നു മുറുക്കിപ്പിടിച്ചും
ഉച്ചണ്ഡമലറിക്കൊണ്ടു ദാഹ ക്ഷീരകുംഭത്തിലിടിച്ചും
പിച്ചവെച്ചുപോല്‍ ഞാനീ മേദിനീമഞ്ജുശയ്യയിലൊരിക്കല്‍...
അമ്മ തന്‍ മാന്തളിര്‍ വയറ്റില്‍ ചവുട്ടി സംഹാരമാടിയും
ഉമ്മ നല്കും കവിള്‍ത്തടമാകെ മൃദുകരം കൊണ്ടിടിച്ചും
നെറ്റിയിലൂര്‍ന്നു വീഴും കേസരാഗ്രങ്ങള്‍ പിടിച്ചു വലിച്ചും
തെറ്റിപ്പൂ ചൂടിയ മുടിക്കെട്ടഴിച്ചും, ഇളം മോണ കാട്ടി-
മെല്ലെ ചിരിച്ചും തഞ്ചത്തില്‍ തനു കടിച്ചും രസിച്ചും -കര-
വല്ലി കൊണ്ടാലിംഗനം ചെയ്തും സ്നേഹം നുകര്‍ന്നു ഞാനൊരിക്കല്‍...
തൊടിയിലെ തളിര്‍ചെടികള്‍ പിഴുതും തണ്ടുകളൊടിച്ചും
വടിയുമായച്ഛന്‍ വരുമ്പോള്‍ ഓടിയൊളിച്ചും കൂകിയും -പൊന്‍-
തുമ്പിയെ പിടിച്ചു കല്ലെടുപ്പിച്ചും, പിന്നെ ഞെരിച്ചരച്ചും
തൂമ്പായെടുത്തു പൂമുറ്റം കിളച്ചും, കൃഷീവലലനായും
കോലങ്ങള്‍ ചുമരില്‍ വരച്ചും, ചരാചരങ്ങളിലൊക്കെയെന്‍
ബാല്യസുഗന്ധം പൂശി മറന്നുപോയി എന്നെ ഞാനൊരിക്കല്‍...