കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


സനാതനപദം തേടി.....
-കവിത - ആർ.പ്രസന്നകുമാർ - 18/04/2010
{നഷ്ടമായ ബാല്യത്തിന്റെ മധുരസ്മരണകൾ. സുന്ദരവും സുരഭിലവുമായ ആ വർണ്ണനിമിഷങ്ങളിൽ കവിക്കു തോന്നിപ്പോകുന്നു - 'ഞാൻ വളരാതിരുന്നുവെങ്കിൽ, വളർന്നതാണെന്റെ പരാജയം' - പിന്നീടതിന്റെ കാരണങ്ങൾ കവി ഒന്നൊന്നായി നിരത്തുകയാണ്. ഇനി ഒരിക്കലും നുകരാനാവാത്ത ബാല്യപ്രസൂനത്തെ കവി മറക്കുന്നു. സനാതനചൈതന്യമായി ഇവിടെ തന്നെ ഒരു മൺതരിയാകാൻ കവിഹൃദയം അഭിലഷിക്കുന്നു. ഒരു പക്ഷെ കവിയുടെ മോഹങ്ങൾ മിഥ്യയാകാം, എന്നാലും ആഗ്രഹിച്ചുകൂടെ....?}

പുരുഷാന്തരങ്ങളിലൂടെ വന്നു ഞാൻ ജീവകണമായി
ഉരുകുമുഷസ്സിന്റെ തൂവെള്ളിത്താമ്പാളം നീട്ടി അമ്മ നില്കെ...
ചക്രവാളങ്ങൾ കാലടിക്കുള്ളിലാക്കാനുണ്മ പൂണ്ടുയരും
വിക്രിയകളോ...? എൻ വിരലുകളന്നു മുറുക്കിപ്പിടിച്ചും
ഉച്ചണ്ഡമലറിക്കൊണ്ടു ദാഹ ക്ഷീരകുംഭത്തിലിടിച്ചും
പിച്ചവെച്ചുപോൽ ഞാനീ മേദിനീമഞ്ജുശയ്യയിലൊരിക്കൽ...
അമ്മ തൻ മാന്തളിർ വയറ്റിൽ ചവുട്ടി സംഹാരമാടിയും
ഉമ്മ നല്കും കവിൾത്തടമാകെ മൃദുകരം കൊണ്ടിടിച്ചും
നെറ്റിയിലൂർന്നു വീഴും കേസരാഗ്രങ്ങൾ പിടിച്ചു വലിച്ചും
തെറ്റിപ്പൂ ചൂടിയ മുടിക്കെട്ടഴിച്ചും, ഇളം മോണ കാട്ടി-
മെല്ലെ ചിരിച്ചും തഞ്ചത്തിൽ തനു കടിച്ചും രസിച്ചും -കര-
വല്ലി കൊണ്ടാലിംഗനം ചെയ്തും സ്നേഹം നുകർന്നു ഞാനൊരിക്കൽ...
തൊടിയിലെ തളിർചെടികൾ പിഴുതും തണ്ടുകളൊടിച്ചും
വടിയുമായച്ഛൻ വരുമ്പോൾ ഓടിയൊളിച്ചും കൂകിയും -പൊൻ-
തുമ്പിയെ പിടിച്ചു കല്ലെടുപ്പിച്ചും, പിന്നെ ഞെരിച്ചരച്ചും
തൂമ്പായെടുത്തു പൂമുറ്റം കിളച്ചും, കൃഷീവലലനായും
കോലങ്ങൾ ചുമരിൽ വരച്ചും, ചരാചരങ്ങളിലൊക്കെയെൻ
ബാല്യസുഗന്ധം പൂശി മറന്നുപോയി എന്നെ ഞാനൊരിക്കൽ...