സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/8. അമ്മുവിന്റെ വിഷുക്കണി
അമ്മുവിന്റെ വിഷുക്കണി
നാളെ വിഷുവാണ്. എന്നാൽ കണിയ്ക്കു വേണ്ട കൊന്നപ്പൂവ് പറിക്കാൻ അമ്മുവിന് കഴിയുകയില്ല. കാരണം അവളുടെ കൈകാലുകൾ ജന്മനാ തളർന്നിരിക്കുകയാണ്. അച്ഛൻ മരിച്ചു പോയി. എന്തോ അസുഖമായിരുന്നു. അമ്മയാണ് അവളെ വളർത്തുന്നത്. രാവിലെ എഴുന്നേറ്റതും അവൾ കട്ടിലിൽ കിടന്നു കൊണ്ട് ജനാലയിലൂടെ നോക്കുകയാണ്. അമ്മുവിന്റെ കൂട്ടുകാരെല്ലാം കൊന്നപ്പൂപറിക്കാൻ പോവുകയാണ്.തനിക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ലല്ലോ എന്നോർത്ത് അവൾ സങ്കടപ്പെട്ടു.അവളുടെ അച്ഛനുള്ളപ്പോൾ അമ്മുവിന് കുറേ കൊന്നപ്പൂക്കൾ പറിച്ചുതരുമായിരുന്നു. അവൾ അമ്മയോട് ചോദിച്ചു: ' കൊന്നപ്പൂപറിച്ചു തരാമോ? 'അമ്മ വിഷമത്തോടെ പറഞ്ഞു:'മോളേ എനിക്ക് കുറേ ജോലിയുണ്ട് ചെയ്യാൻ. അതുമല്ല കൊന്നപ്പൂ പറിക്കണമെങ്കിൽ കുറേ ദൂരം പോകേണ്ടി വരും.' അമ്മ പറഞ്ഞത് നേരാണ്. എന്നെ തനിച്ചാക്കി അമ്മ ദൂരെയെങ്ങും പോകില്ല എന്ന് അമ്മുവിനുമറിയാം. ദൂരെയൊരു വീടിനടുത്താണ് കൊന്നമരം. അവിടെ എത്തണമെങ്കിൽ കുറേ നടക്കേണ്ടിവരും. അപ്പോൾ അമ്മുവിന്റെ കൂട്ടുകാരി മീനു അവളെ കാണാൻ വന്നു.വീട്ടിൽ വന്നപാടെ മീനു നാളത്തെ കണിയെക്കുറിച്ചും മറ്റും പറഞ്ഞു.ഇതൊക്കെ കേട്ടപ്പോൾ അമ്മുവിന് നല്ല വിഷമം തോന്നി.പക്ഷെ അവളത് പുറത്തു കാണിച്ചില്ല.രണ്ടു പേരും അന്ന് മതി വരുവോളം വർത്തമാനം പറഞ്ഞിരുന്നു. മീനു വീട്ടിലേക്കു പോയി. രാത്രി ഭക്ഷണവും കഴിച്ച് വിഷുവിനേയും സ്വപ്നം കണ്ട് അമ്മു കിടന്നു. കണി ഇല്ലെങ്കിലും വിഷുദിനത്തിൽ അവൾ നേരത്തേ ഉണർന്നു. അമ്മു കിടക്കുന്ന കട്ടിലിന്റെ അടുത്തുതന്നെയാണ് ജനാല. രാവിലെ എഴുന്നേറ്റതു തന്നെ ജനാലയ്ക്കപ്പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടാണ്. അമ്മ അവളെ ചാരിയിരുത്തി.മുറ്റത്തെ മാവിൽ ഒരു കിളിക്കൂട്. അതിൽ കുഞ്ഞുങ്ങൾ ഉണ്ടെന്ന് മനസ്സിലായി. കുറച്ച് കഴിഞ്ഞപ്പോൾ അമ്മക്കിളി തീറ്റ തേടാൻ പോകുന്നത് അമ്മു കണ്ടു.മുറ്റത്തെ റോസാച്ചെടിയിൽ ചുവപ്പ് റോസാപ്പൂക്കൾ അമ്മുവിനെ മാടി വിളിക്കുന്നതായി അവൾക്ക് തോന്നി.അപ്പോഴേക്കും കുയിലിന്റെ പാട്ടുകേൾക്കാൻ തുടങ്ങി. പിന്നെ ഓരോരോ കിളികളുടേയും.പുൽനാമ്പുകളിൽ മഞ്ഞുതുള്ളി ആടിക്കളിക്കുന്നതും അമ്മു കണ്ടു. ആ മഞ്ഞുതുള്ളിയിൽ മഴവില്ലിന്റെ ഏഴു വർണ്ണങ്ങൾ അവൾ കണ്ടു.ഇത്രയും ഭംഗിയുള്ള കാഴ്ചകൾ അമ്മു ആദ്യമായിട്ടായിരുന്നു കാണുന്നത് .' അല്ലാ, അമ്മു എന്താ ഈ നോക്കുന്നത് .' അമ്മയാണ്.'ജനാലയിലൂടെ കാണുന്ന ഈ പ്രകൃതിയല്ലെ അമ്മേ നല്ല കണി?'അമ്മു ചോദിച്ചു.' അതെ മോളേ, ഈ ജനാലക്കാഴ്ച തന്നെയാണ് ഏറ്റവും നല്ല കണി.' അമ്മ പറഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ