എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ചങ്ങാതിയുടെ പനി പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങാതിയുടെ പനി പഠിപ്പിച്ച പാഠം

ഒരു വലിയ പട്ടണം. അങ്ങോട്ടുമിങ്ങോട്ടും കണ്ണുചിമ്മുന്ന നേരംകൊണ്ട് ചീറിപ്പായുന്ന വാഹനങ്ങൾ. റോഡിന് ഇരുപുറവും രണ്ടോ മൂന്നോ മരങ്ങൾ മാത്രം. സൂര്യന്റെ കഠിനമായ ചൂടേറ്റ് വാടിത്തളർന്ന ഇലകണക്കെ കാൽനടയാത്രക്കാർ .ഈ പട്ടണത്തിന് ഏകദേശം നടുവിലായി ഒരു ഗവൺമെൻറ് എൽ പി സ്കൂൾ. അൻപതിലേറെ കുട്ടികളും അവരെ നേർവഴി പറഞ്ഞുകൊടുക്കുന്ന അധ്യാപകരും .സ്കൂളിൻറെ മുറ്റം ഒരു പൂങ്കാവനം പോലെയും. ഈ സ്കൂളിൽ രണ്ടു മിടുക്കന്മാർ. ഇരുവരും നാലാംക്ലാസ് വിദ്യാർഥികളാണ്. കണ്ണനും ഉണ്ണിയും.പഠനത്തിൽ സമർത്ഥരായ ഇവർ ക‍ുസൃതികളിലും പിന്നിലല്ലായിരുന്നു.

ഒരു ദിവസം പെട്ടെന്ന് ഉണ്ണി സ്കൂളിൽ വന്നില്ല. കണ്ണൻ ആണെങ്കിൽ ഉറ്റസുഹൃത്ത് വരാതിരുന്നത് കൊണ്ട് ഭയങ്കര വിഷമം.അന്ന് സ്കൂൾ കഴിഞ്ഞ് കണ്ണൻനേരെ പോയത് ഉണ്ണിയുടെ വീട്ടിലേക്ക്. ഉണ്ണി സ്കൂളിൽ വരാതിരുന്നത് പനിപിടിച്ചതുകൊണ്ടാണെന്ന് അവൻ മനസ്സിലാക്കി.ഉണ്ണിക്ക് 5-6 ദിവസം കഴിഞ്ഞാലേ ക്ലാസ്സിൽ വരാൻ പറ്റൂ എന്നറിഞ്ഞപ്പോൾ കണ്ണന് ഭയങ്കര സങ്കടമായി . ഉണ്ണി ഇല്ലാത്തതുകൊണ്ട് കണ്ണനും 1-2 ദിവസം സ്കൂളിൽ പോയില്ല. ആകെ ഒരു മടി. ഒരു ശേലുമില്ല ഉണ്ണിയില്ലാതെയുള്ള ജീവിതം കണ്ണന് . പിന്നെ മടിച്ചാണെങ്കിലും പിറ്റേ ദിവസം കണ്ണൻ സ്കൂളിൽ പോയി .ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുമ്പോഴും അവൻ ഉണ്ണിയെക്കുറിച്ച് ഓരോന്ന് ചിന്തിച്ച് കൊണ്ടിരുന്നു. അവന് ടീച്ചർ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാൻ പറ്റുന്നില്ല. പെട്ടെന്ന് അവന് എന്തുകൊണ്ട് പനി വന്നു? അവൻ മഴയൊന്നും നനഞ്ഞില്ലല്ലോ .എന്ന് അവന്റെ പനി മാറും?അങ്ങനെ പലതരം ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.

ചിന്തയിൽ മുഴുകി ഇരുന്നതിനാൽ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന കണ്ണനെ ടീച്ചർ ശ്രദ്ധിച്ചു. അവനെ ടീച്ചർ ക്ലാസിൽ നിന്നും പുറത്താക്കി. അവൻ പുറത്തു നില്ക്കുന്നത് HMകാണാനിടയായി .അവനെ ഓഫീസിലേക്ക് സാർ വിളിച്ചുകൊണ്ടുപോയി. അവന്റെ മനസ്സിലുള്ള എല്ലാ സംശയങ്ങളും വിഷമങ്ങളും സാറിനോട് പറഞ്ഞു. സാർ അവനെ സ്നേഹപൂർവ്വം ചേർത്തുനിർത്തി പറഞ്ഞു കൊടുത്തത് ഇതാണ്."മോനേ, ശുചിത്വ ക്കുറവാണ് അവന് പെട്ടെന്ന് പനി വരാൻ കാരണമായത്. നീയും ശുചിത്വ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ നീയും പനിപിടിച്ച് കിടക്കാൻ ഇട വരും. അതു കൊണ്ട് നിങ്ങൾ വീടും പരിസരവുമൊക്കെ വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം കേട്ടോ " .സാർ പറഞ്ഞതു കേട്ടപ്പോൾ അവനോർത്തു, ശരിയാണ്. ഞങ്ങൾ രണ്ടു പേരുടെയും വീട്ടുപരിസരങ്ങൾ അത്ര ശുചിത്വമുള്ളതല്ല. അവിടെ വച്ച് അവൻ ഒരു പ്രതിജ്ഞയെടുത്തു." ഞാൻ വ്യക്തി ശുചിത്യം പാലിക്കാൻ ശ്രദ്ധിക്കുന്ന പോലെ പരിസരവും ശുചിയാക്കാൻ ശ്രദ്ധിക്കും. എന്റെ കൂട്ടുകാരോടും ഇക്കാര്യങ്ങൾ ഞാൻ പറഞ്ഞ് മനസിലാക്കും." അവന് ആശ്വാസമായി. കൂട്ടുകാരന്റെ പനിയാണല്ലോ ഈ ബോധ്യത്തിലേക്ക് വരാൻ കാരണമായത്. ഉണ്ണിയുടെ പനി പെട്ടെന്ന് മാറ്റണെ യെന്ന് അവൻ ഈശ്വരനോട് ഉള്ളുരുകി പ്രാർത്ഥിച്ചു.

എല്ലാ അധ്യാപകരും കണ്ണനും ചേർന്ന് എല്ലാ കുട്ടികൾക്കും പരിസര ശുചിത്വത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. കുട്ടികൾ അവരുടെ വീടും പരിസരവും ശുചീകരിച്ചില്ലെങ്കിൽ രോഗം വരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങി.

ഗുണപാഠം

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണത്തിന് ഒരു പോലെ പ്രധാനമാണ്.

ജാസ്‍മിൻ കെ എസ്
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ