ഗവ. എച്ച് എസ് എസ് കോളേരി/അക്ഷരവൃക്ഷം/'''പ്രതീക്ഷയുടെ പുലരി'''

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷയുടെ പുലരി

വിമാനം ലാന്റ് ചെയ്യുകയാണെന്നുള്ള അറിയിപ്പ് വന്നു.എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചു. നിമിഷങ്ങൾക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ലാൻറ് ചെയ്തു.

തെല്ലൊരു പരിഭ്രമത്തോടെയാണ് വിഷ്ണു വിമാനം ഇറങ്ങിയത് കാരണം ആദ്യമായാണ് അയാൾ മറ്റൊരു രാജ്യത്ത് പോകുന്നത്. അയാളെ കാത്ത് ഏജന്റ് നിന്നിരുന്നു. ഏജന്റിന്റെ കൂടെ കാറിൽ ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അയാൾ ഏർപ്പാട് ചെയ്ത താമസസ്ഥലത്തെത്തി.ചെറിയ ഒരു മുറി അതിൽ മൂന്ന് പേർ വേറെയും താമസക്കാരും ഉണ്ടെത്ര. അവർ ജോലി കഴിഞ്ഞ് വൈകുന്നേരം വരും നാളെ ജോലിയ്ക്ക് കയറാം. രാവിലെ ഞാൻ വരാം.അത്രയും പറഞ്ഞ ശേഷം അയാൾ പോയി.

ഒന്ന് ഫ്രഷ് ആയ ശേഷം അയാൾ കട്ടിലിൽ വന്നിരുന്നു.ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും ചുമലിലേറ്റിയാണ്, അയാൾ വന്നിരിക്കുന്നത്. അച്ഛന്റെ മരണശേഷം തീർത്തും ബുദ്ധിമുട്ടിലായിരുന്നു അയാളുടെ കുടുംബം. സഹോദരിമാരുടെ വിവാഹ ശേഷമുണ്ടായ കടബാധ്യതയും അമ്മയുടെ ചികിത്സയ്ക്കുള്ള ചിലവുമെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

അതുകൊണ്ടാണ് ഗൾഫിൽ തരക്കേടില്ലാത്ത ഒരു ജോലിയ്ക്ക് ഓഫർ കിട്ടിയപ്പോൾ ബാക്കിയുള്ളതെല്ലാം പണയപ്പെടുത്തിയിട്ടായാലും മറിച്ചൊന്നും ചിന്തിക്കാതെ ഇങ്ങോട്ട് വന്നത്. ഇനിയെങ്കിലും കുടുംബമൊന്ന് കരപറ്റിയാൽ മതിയായിരുന്നു. ഓരോന്നാലോചിച്ച് അയാൾ ഉറങ്ങിപ്പോയി.

ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അയാൾ ഉണർന്നത്. റൂമിലെ മറ്റ് താമസക്കാർ ജോലി കഴിഞ്ഞ് വന്നിരിക്കുന്നു അവർ മൂന്ന് പേരും കുറച്ചൊരു ടെൻഷനിലാണെന്ന് തോന്നി. അവർ ആർക്കൊക്കെയോ ഫോൺ ചെയ്യുന്നുമുണ്ട്. വിഷ്ണു അവരോട് കാര്യം തിരക്കി.

"പുതിയ ആളാണല്ലേ”?

"നീ വന്ന സമയം ശരിയായില്ലായെന്നു തോന്നുന്നു”.

"കൊറോണ വൈറസ് ബാധപെട്ടെന്ന് വ്യാപിക്കുന്നതുമൂലം നാളെ മുതൽ ഇവിടെ ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നും പ്രവർത്തിയ്ക്കില്ല. വാഹനവും ഉണ്ടാകില്ല.”

"നമ്മുടെ ഒക്കെ ജോലി എന്താകുമോ എന്തോ”?

അയാൾ ഒരു വെള്ളിടിയേറ്റവനെപ്പോലെ തരിച്ചിരുന്നു. തന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ പരക്കുന്നത് അയാൾ തിരിച്ചറിഞ്ഞു. അന്ന് രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അനേകം വിഷമിപ്പിക്കുന്ന ചിന്തകൾ അയാളുടെ മനസ്സിലൂടെ കടന്നു പോയി. പുലർച്ചെ എപ്പോഴോ അയാളൊന്നു മയങ്ങി. ആ മയക്കത്തിൽ ഒരു സ്വപ്നം കണ്ടു കൊറോണ എന്ന മഹാമാരിയെ ലോകം കീഴടക്കി. ലോകം അതിന്റെ താളക്രമം വീണ്ടെടുത്ത സ്വപ്നം.

അപ്പോൾ പുറത്ത് സൂര്യൻ പതിവിലധികം പ്രഭയോടെ ഉദിച്ചുയരുന്നുണ്ടായിരുന്നു.

അനാമിക എസ്
8 B ജി എച് എസ് എസ് കോളേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ