വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ജീവിതം ഒരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം ഒരു പാഠം

"അമ്മേ... അച്ഛൻ ക്രിസ്മസിന് വരുമെന്നല്ലേ പറഞ്ഞത് "

രണ്ട് മാസത്തിന് ശേഷം അച്ഛൻ അവധിക്ക് വീട്ടിൽ വരുന്നതിൻ്റെ സന്തോഷത്തിലാണ് മീനാക്ഷിക്കുട്ടി.

ഭോപ്പാലിലെ ഫാക്ടറി തൊഴിലാളിയായ ജയചന്ദ്രൻ്റെയും സുമയുടെയും ഇളയ മകളാണ് മീനാക്ഷി. ജയചന്ദ്രനും സുമയ്ക്കും മൂന്ന് കുട്ടികളുണ്ട്. മൂത്തവൾ ലക്ഷ്മി അയൽപക്കത്തെ ചന്ദ്രപ്പൻ്റെയും റാണിയുടെയും ഏകമകളായ മോളിയുടെ കൂടെ പന്ത് തട്ടിക്കളിക്കുകയാണ്. രണ്ടാമത്തെ മകൻ മഹാദേവൻ കൂട്ടുകാരുമൊത്ത് പട്ടം പറത്തുകയായിരുന്നു.

സുമ വീട്ടുകാര്യത്തോടൊപ്പം കൃഷിപ്പണിയിലും അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. അവർക്ക് സ്വന്തമായി കൃഷിത്തോട്ടമുണ്ടായിരുന്നു. മക്കളും ഒഴിവ് സമയങ്ങളിൽ കൃഷി കാര്യങ്ങളിൽ അമ്മയോടൊപ്പം കൂടാറുണ്ട്. അവർക്ക് ആവശ്യമായ പച്ചക്കറികൾ ഈ തോട്ടത്തിൽ തന്നെ വിളയിച്ചെടുക്കുമായിരുന്നു. അങ്ങനെ ആകുടുംബം അല്ലലില്ലാതെ കഴിഞ്ഞുകൂടുകയാണ്. ജയചന്ദ്രന് തൻ്റെ മക്കളുടെ കാര്യത്തിൽ വളരെ പ്രതീക്ഷയായിരുന്നു.

അതൊരു ഡിസംബർ മാസം മഞ്ഞുകാലമായിരുന്നു. ലോകം കോളറ എന്ന മഹാരോഗത്തിന് മുന്നിൽ പകച്ചു നിന്ന കാലം ഇന്ത്യയിലും ഈ മഹാമാരി വ്യാപിച്ചു. ജയചന്ദ്രൻ നാട്ടിൽ വരാനുള്ള സമയമിങ്ങടുത്തു. കുട്ടികൾ ഉൽസാഹത്തിമിർപ്പിലായിരുന്നു. പക്ഷേ, സുമയുടെ മനസിൽ തീയായിരുന്നു. കാരണം മധ്യപ്രദേശിലും, കർണാടകയിലും കോളറ പടർന്നു പിടിച്ചിരിക്കുന്നുവെന്ന കാര്യം സുമയ്ക്കറിയാമായിരുന്നു. അവൾ കുട്ടികളെ ഇതൊന്നുമറിയിച്ചില്ല. എന്നാലും മൂത്തവൾ ലക്ഷ്മിക്ക് കാര്യങ്ങൾ കുറച്ചൊക്കെ അറിയാമായിരുന്നു. അവൾ കാര്യം തിരക്കി. "അമ്മേ.., ഭോപ്പാലിലും കോളറ കുറേയുണ്ടോ?". "ഏയ് ഇല്ല.. " സുമ ലക്ഷ്മിയെ സമാധാനിപ്പിച്ചു.

ഭോപ്പാലിൽ നിന്നും ജയചന്ദ്രൻ്റെ കത്ത് വന്നു. താൻ താമസിക്കുന്ന പ്രദേശത്ത് രോഗം പടർന്നിട്ടില്ലെന്നും മറ്റ് പ്രദേശങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്ത് അതിർത്തികൾ അടച്ചതിനാലാണ് നാട്ടിൽ വരാൻ കഴിയാത്തതെന്ന് കത്തിലൂടെ അറിഞ്ഞപ്പോൾ സുമയ്ക്ക് ആശ്വാസമായി. പക്ഷേ ഇവിടെ നാട്ടിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് ആശ്വാസത്തിന് വിരാമമായി. കാരണം സുമയും കുടുംബവും താമസിച്ചിരുന്നത് ഒരു ചേരിപ്രദേശത്തിന് സമീപമായിരുന്നു. അവിടെ ശുചിത്വം പാലിക്കുന്നവർ വളരെ കുറവായിരുന്നു. ആയതിനാൽ ചേരിയിലും രോഗം പടർന്നു. എന്നാൽ സുമ ശുദ്ധിയും ബുദ്ധിയുമുള്ള ഒരു പെണ്ണായിരുന്നു. സർക്കാരിൻ്റെ മുന്നറിയിപ്പുകൾ അവൾ കൃത്യമായി പാലിച്ചിരുന്നു. സ്വന്തമായി കൃഷി ചെയ്ത വിഷവും, മായവും ചേരാത്ത പച്ചക്കറികൾ കഴിക്കുന്നതിലൂടെ അവളുടെയും വ്യക്തി ശുചിത്വം കാത്തു സൂക്ഷിച്ചിരുന്നതാനാലും അവളും മക്കളും രോഗത്തിൻ്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ടു.

എന്നാൽ തൊട്ടടുത്ത ചന്ദ്രപ്പൻ്റെയും കുടുംബത്തിൻ്റെയും സ്ഥിതി അതായിരുന്നില്ല. അയാളും കുടുംബവും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഏത് സമയവും അയാൾ കവലയിലും മറ്റും അലഞ്ഞ് തിരിഞ്ഞ് നടക്കുമായിരുന്നു. രോഗവ്യാപനത്തെക്കുറിച്ചുള്ള സർക്കാർ നിർദ്ദേശങ്ങളെല്ലാം അവർ അവജ്ഞയോടെ തള്ളിക്കളയുമായിരുന്നു. കമ്പോളത്തിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന പഴകിയ പഴങ്ങൾ വാങ്ങിവരുന്നത് പതിവാക്കിയിരുന്നു. ഇവയാണ് റാണിയും മോളിയും കഴിക്കുന്നത്. ഇതറിഞ്ഞ സുമ അവരെ ഉപദേശിക്കുമായിരുന്നു. എന്നാൽ അവർ സുമയുടെ ഉപദേശം ഉൾക്കൊണ്ടിരുന്നില്ല. ഒടുവിൽ മഹാമാരി ആ കുടുംബത്തിലും കടന്നു വന്നു. അവരുടെ ഏക പുത്രി മോളിക്കാണ് രോഗം പിടിപെട്ടത്. രോഗം നാട്ടിൽ വ്യാപകമായി പടർന്ന് പിടിച്ചതു കാരണം മതിയായ ചികിത്സ ലഭിക്കാതെ ആ പൊന്നുമോൾ എന്നെ ത്തേക്കും യാത്രയായി... മകളുടെ മരണത്തിൽ ചന്ദ്രപ്പനും റാണിയും തകർന്നു പോയി. സുമയുടെ വാക്കുകൾ കേൾക്കാത്തതിൽ ഒടുവിൽ അവർക്ക് പശ്ചാത്തപിക്കേണ്ടി വന്നു.

കാലം കുറേ കഴിഞ്ഞു ജയചന്ദ്രൻ ജോലി അവസാനാപ്പിച്ച് ഇപ്പോൾ നാട്ടിലാണ്. കൃഷിയും കുടുംബവുമായി കഴിയുന്നു. മക്കൾ വളർന്നു വലുതായി. ലക്ഷ്മി മെഡിക്കൽ കോളേജിൽ ഡോക്ടറാണ് മഹാദേവൻ പോലീസ് ഇൻസ്പെക്ടറും കൊച്ച് മീനാക്ഷി അവൾ ഇഷ്ടപ്പെട്ട പോലെ നഴ്സിംഗിന് ചേർന്നു മാലാഖയായി രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്നു. ജയചന്ദ്രനും സുമയും മക്കളുടെ വളർച്ചയിൽ സന്തോഷത്തിലാണ്.

ഇപ്പോൾ അവർ മറ്റൊരു മഹാരോഗത്തെ പിടിച്ചു കെട്ടാനുള്ള ഓട്ടത്തിലാണ്. ഇന്ന് ലോകത്ത് വ്യാപിച്ചിരിക്കുന്ന നോവൽ കൊറോണ എന്ന വൈറസിനെതിരെയുള്ള യുദ്ധത്തിലാണ്. ഇവിടെയും അമ്മ ശീലിപ്പിച്ച ശുചിത്വവും ആഹാരരീതികളുമാണ് അവർക്ക് ആയുധം ഈ യുദ്ധത്തിലും ഇവർ വിജയിക്കുകെ തന്നെ ചെയ്യും തീർച്ച.

ഗുണപാഠം: പ്രകൃതിയെ സ്നേഹിച്ചും ശുചിത്വത്തെ പാലിച്ചും ജീവിച്ചാൽ ഏത് മഹാമാരിയെയും ചെറുത്ത് തോൽപ്പിക്കുവാൻ നമുക്ക് സാധിക്കും.

ഫാരിസ് റഹ്മാൻ എം.എസ്.
9c വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ