ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ നോവിക്കാതെ ജീവിക്കാം...
പരിസ്ഥിതിയെ നോവിക്കാതെ ജീവിക്കാം...
മനുഷ്യനും ജന്തു ലോകവും സസ്യ ലോകവും ഭൗതിക പ്രതിഭാസങ്ങളുമടങ്ങിയ ഭൗതിക പ്രപഞ്ചമാണ് പരിസ്ഥിതി. പരിസ്ഥിതി വളരെ പ്രധാനപ്പെട്ടതാണ്. ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും വായുവും ജലവും ഭക്ഷണവും പ്രദാനം ചെയ്യുന്നത് പരിസ്ഥിതിയാണ്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും ജീവിവർഗ്ഗത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുകയും ചെയ്യും. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും വഴി മാത്രമേ ഈയവസ്ഥ തടയാൻ കഴിയൂ. വെള്ളത്തിന്റേയും വായുവിന്റേയും ശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിന്റെ 97 ശതമാനവും ഉപ്പുവെള്ളം ആണെന്നിരിക്കെ കുടിവെള്ളത്തിന്റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജല വിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയും ഇതുമൂലം മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ജലാശയങ്ങളിലേക്ക് വ്യാവസായിക മാലിന്യങ്ങളും കീടനാശിനികളും വൻതോതിൽ ഒഴുകി വന്നതോടെ ജലസ്രോതസ്സുകളിലെ ഓക്സിജൻ സാന്നിധ്യം അപകടകരമായ നിലയിൽ കുറയുന്നു. വ്യാവസായിക മാലിന്യങ്ങൾ, പ്ലാസ്റ്റിക്കുകൾ, കീടനാശിനികൾ, മറ്റു മാലിന്യങ്ങൾ എന്നിവയൊന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടാതെ നമുക്ക് ജലസ്രോതസ്സുകളെ സംരക്ഷിക്കാം. പരിസ്ഥിതി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് വായുമലിനീകരണം. വാഹനങ്ങൾ, നിരത്തിലെ പൊടിപടലങ്ങൾ, മാലിന്യങ്ങൾ കത്തിച്ചുള്ള മലിനീകരണം എന്നിവയാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം. മാലിന്യങ്ങൾ കത്തിച്ചുള്ള സംസ്കരണം ഒഴിവാക്കിയാൽ വായു മലിനീകരണത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും. ഇതുകൂടാതെ പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന കടലാക്രമണം, കാലാവസ്ഥാ വ്യതിയാനം, ഉരുൾപൊട്ടൽ, വരൾച്ച, ഭൂകമ്പം എന്നീ പ്രകൃതി ദുരന്തങ്ങൾക്കും നമ്മൾ സാക്ഷിയാവുന്നുണ്ട്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ അതിന്റെ പൂർണ്ണതയോടെ തന്നെ അടുത്ത തലമുറയ്ക്ക് കൈമാറാൻ നമ്മൾ ബാധ്യസ്ഥരാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ പരിസ്ഥിതി ദിനമായി നമ്മൾ ആചരിച്ചു വരുന്നു. ഇങ്ങനെ പരിസ്ഥിതിയെ നോവിക്കാതെ അതിനോടിണങ്ങി ജീവിക്കാനായി നമുക്ക് ശ്രമിക്കാം.....നല്ല നാളേക്കായി......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ