Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊതുകിന്റെ ആത്മകഥ
ഞാനൊരു കൊതുകാണ്. എല്ലാവരും എന്നെ “ഈഡിസ് ഈജിപ്തി” എന്നു വിളിക്കുന്നു. കൂട്ടുകാരേ, നിങ്ങൾക്കറിയാമോ എന്നെ? ഞാൻ എങ്ങനെ വന്നു എന്നൊക്കെ അറിയാമോ? ഇല്ലെങ്കിൽ ഞാൻ പറഞ്ഞുതരാം.
എന്റെ അമ്മ എന്നെയും എന്റെ സഹോദരങ്ങളേയും മുട്ടകളാക്കി ഇതാ ഈ വെള്ളത്തിലിട്ടിരിക്കുന്നു. ഞങ്ങൾ ഒരുപാട് പേരുണ്ട്. അമ്മ എന്തിനാണ് ഞങ്ങളെ ഈ വെള്ളത്തിലിട്ടതെന്ന് അന്നെനിക്ക് മനസ്സിലായില്ല. പയ്യെപ്പയ്യെ എനിക്ക് രൂപമാറ്റം വന്നുതുടങ്ങി. ഒരു കുഞ്ഞുപുഴുവിനെപ്പോലെ ഞാനും കൂട്ടാളികളും വെള്ളത്തിൽ നീന്തിക്കളിച്ചു. ആരോപറയുന്നത് കേട്ടു, ഇപ്പോൾ ഞങ്ങളെ “കൂത്താടി” എന്നാണ് വിളിക്കുന്നതെന്ന്. ഒരാളും ഞങ്ങളെ ശല്യപ്പെടുത്താൻ എത്തിയില്ല. പിന്നെയും ദിവസങ്ങൾ മുന്നോട്ടുപോയി. പയ്യെപ്പയ്യെ ഞങ്ങൾക്ക് ചിറകുകൾ വന്നു. സൂചി പോലുള്ള കൊമ്പുകൾ വന്നു. ഞങ്ങൾ ശക്തരായി. ഞാനും കൂടെപ്പിറപ്പുകളും അട്ടഹസിച്ച് ആർത്തുല്ലസിച്ച് ഞങ്ങളുടെ തറവാടിനോട് യാത്ര പറഞ്ഞു.
എനിക്ക് വിശന്നു. ചുറ്റും നോക്കി. ഒരു ചുവന്ന പൂവ്. പറന്ന് അതിനടുത്തിരുന്നു. പക്ഷേ, അതിന് ഒരു രുചിയും മണവും തോന്നിയില്ല. പിന്നെയും നോക്കിയപ്പോളതാ അമ്മുക്കുട്ടി. പറന്ന് അവളുടെ അടുത്തിരുന്നു. ഹായ്! രസിപ്പിക്കുന്ന മണം. ഞാൻ എന്റെ സൂചിക്കൊമ്പുകൊണ്ട് പതിയെ ഒന്നുകുത്തിനോക്കി. അവളറിഞ്ഞതേയില്ല. ഞാൻ രുചിച്ചുനോക്കി. എന്തൊരു രുചി! രക്തത്തിനിത്രയും രുചിയോ? ഞാൻ പിന്നെയും പിന്നെയും വലിച്ചുകുടിച്ചു. വയറുനിറഞ്ഞു. അപ്പോൾ എനിക്കെന്റെ കൊമ്പിനോട് ഒരുപാടിഷ്ടം തോന്നി. വിശക്കുമ്പോൾ ഞാൻ പിന്നെയും രക്തം തേടിയലഞ്ഞു. ഒരുപാടുപേരുടെ രക്തം വലിച്ചുകുടിച്ചു. കുടിച്ചവരൊക്കെ പിന്നീട് പുതച്ചുമൂടി ഇരിക്കുന്നു. അമ്മുക്കുട്ടിയെ പനിയാണെന്നു പറഞ്ഞ് എങ്ങോട്ടോ കൊണ്ടുപോകുന്നു. പിന്നെ എനിക്ക് മനസ്സിലായി ഞാനത്ര നിസ്സാരക്കാരനല്ലെന്ന്. രക്തം കുടിക്കുമ്പോൾ സമ്മാനമായി ഞാനവർക്ക് ഒരുതരം പനി നൽകുന്നുണ്ടെന്ന് “ഡെങ്കിപ്പനി”. ഞാനെന്തൊരു ഭീകരനാണല്ലേ?
എനിക്ക് തോന്നി, പാരമ്പര്യം നിലനിർത്തുവാൻ എനിക്കും മക്കൾ വേണമെന്ന്. മുട്ടയിടാൻ സ്ഥലം അന്വേഷിച്ചപ്പോളതാ അമ്മുക്കുട്ടിയുടെ വീട്ടുകാർ എനിക്കായി ഒരുപാട് സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നു. വലിച്ചെറിയപ്പെട്ട ചിരട്ടകൾ, പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ, പൊട്ടിപ്പൊളിഞ്ഞ കളിപ്പാട്ടങ്ങൾ, അങ്ങനെ ഒരുപാട്... എല്ലാത്തിലും വെള്ളം കെട്ടിക്കിടക്കുന്നു. ഹായ്...! ഹായ്...! ഞാൻ എന്റെ മക്കൾക്ക് ജന്മം കൊടുത്തു. ഞാൻ മരിച്ചാലും ഇനി എന്റെ മക്കളുണ്ടല്ലോ. എനിക്ക് സന്തോഷമായി.
ഇതാ ഒരുകൂട്ടം ആളുകൾ എന്റെ മക്കളുടെ അരികിലേയ്ക്ക് വരുന്നു. അവർ അമ്മുക്കുട്ടിയുടെ അച്ഛനുമായി എന്തോ സംസാരിക്കുന്നു. അവർ ആരോഗ്യപ്രവർത്തകരാണത്രേ. അതാ അവർ എന്റെ മക്കൾ കിടക്കുന്ന ചിരട്ടയുടെ അടുത്തെത്തി. ആ വെള്ളത്തോടൊപ്പം എന്റെ മക്കളേയും കമഴ്ത്തിക്കളഞ്ഞു. ദുഷ്ടരേ... എന്റെ മക്കളെ കൊന്നുകളഞ്ഞില്ലേ നിങ്ങൾ... വിടില്ല ഞാൻ... എന്റെ മക്കളെ വരവേൽക്കാൻ അഴുക്കുവെള്ളവുമായി കാത്തിരിക്കുന്നവരെ കൂട്ടുപിടിച്ച് നശിപ്പിക്കും ഞാൻ നിങ്ങളെ... പ്രതികാരം ചെയ്യും ഞാൻ...
കൂട്ടുകാരേ, കൊതുകിന്റെ ഈ പ്രതികാരത്തെ ചെറുക്കാൻ നമുക്കൊരുമിച്ച് പോരാടാം. പരിസരം വൃത്തിയാക്കി അവർക്കായി കാത്തിരിക്കുന്ന സാധ്യതകളെ നശിപ്പിച്ച് ആരോഗ്യത്തോടെ മുന്നേറാൻ നമുക്ക് കൈകോർക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ
|