നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/നമ്മയുടെ മാലാഖമാർ
നമ്മയുടെ മാലാഖമാർ......
പള്ളി മിനാരത്തിൽ നിന്നും ഉയരുന്ന സുബഹി ബാങ്കിന്റെ നേർത്ത അലയൊലി കേട്ട് കൊണ്ടാണ് പതിവ് പോലെ ഇന്നും മിഴി തുറന്നത്... ഉറക്കം മാറിയിട്ടില്ല എങ്കിലും എഴുന്നേൽക്കാതിരിക്കാൻ വയ്യ....!കാരണം എനിക്ക് ഞാൻ മാത്രമല്ലല്ലോ ..... വിരിപ്പിലെവിടെയോ കിടക്കുന്ന മൊബൈൽ ഫോൺ തപ്പി എടുത്ത് നോക്കിയപ്പോൾ മെസേജിന്റെ ഒരു കൂട്ട പ്രവാഹം തന്നെ ഉണ്ടായിരുന്നു. മഹല്ല് കൂട്ടായ്മ, ചാരിറ്റി, ചങ്ങായിക്കൂട്ടം അങ്ങിനെ അനേകം. അതിലെവിടെയോ സമയക്കുറവ് കൊണ്ട് അവഗണിക്കപ്പെട്ട കുറേ ഒറ്റപ്പെട്ട മെസേജുകൾ പോരാത്തതിന് ഫാമിലി ഗ്രൂപ്പിൽ മുഴുവൻ കലപില .ഏന്തിവലിഞ്ഞ് റിപ്ലൈ കൊടുത്താൽ പണി കിട്ടുമെന്ന് ഉറപ്പായത് കൊണ്ട് തൽകാലം മൈന്റ് ചെയ്തില്ല.. ചാരിറ്റി ഗ്രൂപ്പിൽ വന്ന മെസേജ് മുഴുവൻ ഒന്ന് കണ്ണോടിച്ചു' അപ്പോൾ നിഷ്കളങ്കമായ ആ കണ്ണുകളിൽ മിഴികളിടഞ്ഞു... പാവം.. അസുഖം ബാധിച്ച് വിധിയോട് പൊരുതുന്ന അനേകായിരം പേരിൽ ഒരാൾ.. ഇന്നെങ്കിലും കാര്യമായി എന്തെങ്കിലും ചെയ്തേ പറ്റൂ .. വേദനിക്കുന്നവർക്ക് ഒരു കൈത്താങ്ങ്' അതൊക്കെ ആണല്ലോ ജീവിതത്തെ അർത്ഥമാക്കുന്നതും... പുറത്തെവിടെയോ പാതിരാക്കോഴിയുടെ കൂവൽ ചിന്തയിൽ നിന്നും ഉണർത്തി. അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം.. സമൂഹം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും അടച്ചിടാത്തൊരിടം.. പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു നിസ്കാരം കഴിഞ്ഞ് ഉമ്മ ഇട്ട് തന്ന കട്ടൻ ചായ ഊതിക്കുടിച്ച് ഫോണിലേക്ക് നോക്കുമ്പോൾ ഉമ്മ പറയാൻ തുടങ്ങി "ഡാ... ലോക് ഡൗൺ ഒക്കെ അല്ലേ ഇനിയെങ്കിലും എന്റെ മോന് വെറുതെ ഇരിക്കാലോ " അയലിലിട്ട 'വിഖായ 'തുന്നിച്ചേർത്ത ഷർട്ട് ധരിച്ച് പുഞ്ചിരിയോടെ ഉമ്മാക്ക് ഒരു മുത്തം കൊടുത്തുകൊണ്ടു പറഞ്ഞു "സേവനങ്ങൾക്കെന്തു ലോക് ഡൗൺ ആണുമ്മാ...?" മുറ്റത്തിരുന്ന ബുള്ളറ്റിൽ കയറി ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ നടിച്ച് ബുള്ളറ്റ് സ്റ്റാർട്ടാക്കി..............ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ നടിച്ച് ബുളളറ്റ് സ്റ്റാർട്ട് ആക്കി. സർവീസ് സെന്ററിൽ കൂട്ടി വെച്ച സാധനങ്ങൾ കിറ്റുകളാക്കി മാറ്റുമ്പോയാണ് ഫോൺ റിംഗ് ചെയ്തത്. ഷാനുവാണ് .എന്നെ അറിഞ്ഞ എന്റെ ചങ്ക്."ഡാ ഷാഹീ, ഇന്നെന്താ പ്ലാൻ ". "ഡാ ഞാൻ സർവീസ് സെന്ററിൽ ആണ്. സാധനങ്ങൾ ഒക്കെ കിറ്റാക്ക്യാണ്. ആവശ്യക്കാർ കുറേ ഉണ്ടല്ലോ. പിന്നെ മെഡിക്കൽ ഷോപ്പ് വരെ ഒന്ന് പോവാനുണ്ട്. കുറച്ച് മരുന്ന് വാങ്ങാനുണ്ട്. പിന്നെ നമ്മടെ അലവിക്കാന്റെ ഡയാലിസിസ് ഇന്നാണ്. വടകര വരെ ഒന്ന് പോണം. അങ്ങനെ കുറച്ച് കാര്യങ്ങൾ ഉണ്ട്". "ഡാ നേരം വെളുത്തല്ലെ ഉള്ളു. നീയും നിന്റെ ഒരു സേവനവും., ആ നോക്കട്ടെ ഞാനും വര്ന്ന് ". " എന്നാ ok ഡാ.. ". കോൾ കട്ടാക്കി കിറ്റുകളുമായി പുറത്തേക്കിറങ്ങി. മെഡിക്കൽ ഷോപ്പിൽ നിന്നും തിരിച്ച് വരുന്ന വഴി വീട്ടിലൊന്ന് കയറി. "ഡാ എത്ര നേരായി കാത്തിരിക്കുന്നു. ഒന്ന് ചായ എങ്കിലും കുടിച്ചൂടെ". എന്തൊക്കെയോ പിറുപിറുത്ത് ഉമ്മ അകത്തേക്ക് പോയി. എന്തൊക്കെയോ ആലോചിച്ച് ഞാനും.. പുറത്തേക്ക് നോക്കിയിരിക്കുമ്പോ അറിയാതെ ശ്രദ്ധ മുറ്റത്തെ പൈപിലേക്ക് മാറി. ഉറ്റി വീഴുന്ന കൊക്കിലേക്ക് ഒതുക്കാൻ ആയാസപ്പെടുന്ന കാക്കയെ കണ്ടപ്പോൾ ആണ് ആ വഴിക്ക് ചിന്തിച്ചത്.എഴുന്നേറ്റ് പിന്നാമ്പുറത്തേക്ക് നടന്നു.ഉമ്മ അടുക്കി വെച്ച ചട്ടികളിൽ നിന്ന് ഒന്നെടുത്ത് വെള്ളം നിറച്ച് മാവിൻ കൊമ്പിൽ തൂക്കിയിട്ടു. മനുഷ്യരെ പോലെ ആണല്ലൊ മറ്റ് ജീവജാലങ്ങളും. എന്നോ ഒരു പുണ്യം ചെയ്ത പ്രതീതി. ചുമ്മാ ചേർന്നിരുന്നൊരു സെൽഫി എടുത്ത് സ്റ്റാറ്റസ് ഇട്ടു. പറവകൾക്കൊരു തണ്ണീർകുടം. സ്റ്റാറ്റസ് ഇടാൻ കാത്തിരുന്ന പോലെ ലൈക്കും കമന്റുമായ് കൂട്ട പ്രവാഹം തന്നെ " ഷാഹിക്കാ ഉയിര്", "Aingel of god" അങ്ങനെ അനവദി. പക്ഷെ ആർക്കും റിപ്ലൈ കൊടുക്കാറില്ല. അല്ലേലും അത് അങ്ങനെയാണ്. നീണ്ട കാലങ്ങളായ് ചെയ്തതിലെല്ലാം വിമർശനങ്ങളും പ്രോത്സാഹനങ്ങളുമുണ്ടായിരുന്നു. മറുപടി നൽകിയാൽ അഹങ്കാരമാവുമെന്നൊരു ഭയം. രണ്ട് ദിവസങ്ങളായ് പത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.പാർട്ടി നേതാക്കൻമാരും അല്ലാത്തവരുമായ് ധാരാളം അഭിവാദ്യങ്ങളും. പക്ഷെ, ഇതൊന്നുമായിരുന്നില്ല പ്രതീക്ഷ.കരുണ ആഗ്രഹിക്കുന്നവർക്ക് ഒരു തണൽ.എല്ലാം അവൻ കാണുന്നുണ്ടല്ലൊ. എന്തോ ഒരു വല്ലായ്ക. സ്റ്റാറ്റസ് മെല്ലെ ഡിലീറ്റ് ചെയ്തു."ഡാ മോനെ ".ഉമ്മാന്റെ വിളി കേട്ട് അകത്തേക്ക് കയറി. പെട്ടന്നാണ് അലവിക്കാന്റെ കാര്യം ഓർമയായത്. തിരക്കിനിടയിൽ മറന്ന് പോയതാണ്. റേഷൻ കടയിലെ ക്രമീകരണങ്ങളാണ് പ്ലാനിങ്ങ് ഒക്കെ തെറ്റിച്ചത്. പാവം കാത്തിരിക്കുന്നുണ്ടാകും.ഉമ്മ കൊണ്ട് വച്ച ചായ ഊതിക്കുടിച്ച് ധൃതിയിൽ പുറത്തേക്കിറങ്ങുമ്പോൾ "ഡാ നീയൊന്നും കഴിക്കുന്നില്ലെ ", "ഞാൻ പെട്ടന്ന് വരും ഉമ്മാ. അലവിക്ക കാത്തിരിക്കുന്നുണ്ടാവും. ആ കാര്യം മറന്നതാണ്". "വല്ലതും കഴിച്ചിട്ട് പോടാ ". സ്വന്തം വിശപ്പകറ്റാതെ മറ്റുള്ളവരുടെ വിശപ്പകറ്റുന്നവനാണ് എന്ന് അറിയാമെങ്കിലും മകനെ ഓർത്തുള്ള വിങ്ങൽ ആ ഉമ്മ ഒരു നെടുവീർപ്പിലൊതുക്കി. ആംബുലൻസുമായ് അലവിക്കയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ പാവം ഇറങ്ങുന്നുണ്ടായിരുന്നു. കാത്തിരുന്നതാവാം. ആംബുലൻസുമായ് അതിവേഗം പായു ന്നതിനിടയിൽ ധുരെ റോഡരികിൽ ഒരാൾ കൂട്ടം.മാറി നിന്നവരെന്തോ കാഴ്ച കാണുന്ന പോലെ. മാറി നിന്നവരെന്തോ കാഴ്ച കാണുന്ന പോലെ... വേഗത കുറച്ച് കാര്യം തിരക്കുന്നതിനിടയിൽ റോഡരികിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ഒരാളെ കണ്ടു ..അടുത്തിരുന്ന് അലമുറയിട്ട് കരയുന്ന ഒരു ചെറുപ്പക്കാരനും. യാ അള്ളാഹ്..... ചാടി ഇറങ്ങി കോരിയെടുക്കുന്നതിനിടയിൽ പലരും വീഡിയോ പകർത്തുന്നതിന്റെ തിരക്കിലാണ് .ആരും അടുത്ത് വരാൻ പോലും ധൈര്യം കാണിക്കുന്നില്ല.. മനുഷ്യ മനസുകൾ ഇത്രയും മരവിച്ചു പോയോ..? ആംബുലൻസിലേക്ക് കയറ്റുന്നതിനിടയിൽ പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു " 'ഏയ്....ഈ നാട്ടുകാർ ഒന്നും അല്ലാന്ന് തോന്നുന്നു. ഇനിയിപ്പോ കൊറോണയോ മറ്റോ ആണോന്ന് അറിയില്ലാട്ടോ... മറുപടി ഒന്നും പറയാതെ ആംബുലൻസുമായ് അതിവേഗം കുതിച്ചു പാഞ്ഞു. ആംബുലൻസ് നിശബ്ദമായിരുന്നു കൂടെയുള്ള ചെറുപ്പക്കാരന്റെ തേങ്ങലുകൾ മാത്രം.. ഹോസ്പിറ്റലിൽ എത്തി അയാളെ നേരെ i c u വിലേക്ക് മാറ്റി.കൂടെയുള്ള ചെറുപ്പക്കാരനോട് ഉടനെ വരാമെന്ന് പറഞ്ഞ് അലവിക്കയെ ഡയാലിസിസ് സെന്ററിലെത്തിച്ചു തിരികെ ഹോസ്പിറ്റ ലെത്തിയ പാടെ ചെറുപ്പക്കാരന്റെ വെപ്രാളപ്പെട്ട മുഖo കണ്ട് കാര്യം അന്വേഷിച്ചു. എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കാനാ പറയുന്നത്..." ഞാൻ വരുമായിരുന്നു പക്ഷേ എന്റെ കൂടെ ഉള്ള ആൾ ......! ഒരു മണിക്കൂറിനുള്ളിൽ എത്തിക്കാനാ പറയുന്നത് 'ഒരു ജീവന്റെ രക്ഷക്ക് വേണ്ടി പോവാതിരിക്കാൻ വയ്യ ...!! ആംബുലൻസുമായ് മെഡിക്കൽ കോളേജിലേക്ക് കുതിക്കുമ്പോൾ അലവിക്കാനെ ഷാനുവിനെ വിളിച്ചേൽപിക്കാൻ മറന്നില്ല. റോഡുകൾ വിജനമായിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാൻ 'കഴിഞ്ഞതിനാലാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ഡോക്ടർ പറയുമ്പോൾ എന്തോ മനസ് നിറഞ്ഞ പോലെ.ചെറുപ്പക്കാരനോട് സംസാരിച്ച് കുടുംബക്കാരെ വിളിച്ചറിയിച്ച് വരാന്തയിൽ കാത്തിരിക്കുമ്പോഴും ഡോക്ടർ പറഞ്ഞ മരുന്നുകൾ എത്തിച്ചു കൊടുക്കാൻ മറന്നില്ല. ആരോ വന്ന് തോളിൽ തട്ടിയപ്പോൾ ആണ് മയക്കത്തിൽ നിന്നും എഴുന്നേറ്റത്. സമയം ഒരു പാട് വൈകിയിരുന്നു." മോൻ ചെയ്തത് വല്യ പുണ്യമാണ്. എങ്ങനെ നന്ദി പറയണമെന്നറിയില്ല' ഈ ഒരു സാഹചര്യത്തിൽ ആരും ചെയ്യാൻ മടിക്കുന്ന കാര്യാണ് .ദൈവം രക്ഷിക്കട്ടെ ......"ഏയ് അതൊന്നും സാരല്ല. ഒരു ജീവന്റെ കാര്യല്ലെ." ഇനി മോൻ പോയ്ക്കോളൂ. ഒരു പാട് ബുദ്ധിമുട്ടിയ തല്ലെ... മോനേ ചോദിക്കാമോന്ന് അറിയില്ല... പൈസ എന്തെങ്കിലും ... പ്രാർത്ഥനകൾ മാത്രം മതിയെനിക്ക്... പുഞ്ചിരിയോടെ തിരികെ നടക്കുമ്പോൾ നിറകണ്ണുകളോടെ അദ്ധേഹം പറയുന്ന കേട്ടു .ഇങ്ങനെയും ചിലരുണ്ട് ...."നമ്മയുടെ മാലാഖമാർ ".... തിരികെ വരുന്നവഴിയാണ് ആ കാര്യം ഓർമ വന്നത്. എല്ലാ വർഷത്തെയും പോലെ കുടിവെള്ളം കിട്ടാത്ത അനേകം പേർക്ക് വെള്ളം എത്തിക്കണം.ഇന്നലെ അനിലേട്ടൻ പറഞ്ഞതാണ്. ഇന്നും എത്തിക്കാൻ കഴിഞ്ഞില്ല. നാളെ മുതൽ ചെയ്തേ പറ്റൂ... ചിന്തയെ കീറി മുറിച്ചാണ് ഫോൺ റിംഗ് ചെയ്തത്.........!! ചിന്തയെ കീറി മുറിച്ചാണ് ഫോൺ റിംഗ് ചെയ്തത്... ഷാനുവാണല്ലോ ..?"എന്താടാ " ഈ നട്ടപ്പാതിരക്ക്... ഷാഹീ.. നീ എവിടെയാ?ചെറിയൊരു ആക്സിഡന്റ് ഉണ്ടായിരുന്നു. അവരെ ഹോസ്പിറ്റലിൽ എത്തിച്ച് വരുന്ന വഴിയാണ് .. നീ കാര്യം പറയ്.. "ഡാ.. ചെറിയൊരു പ്രശ്നം ഉണ്ട്. നിന്റെ ഉമ്മാക്ക് ചെറിയൊരു നെഞ്ച് വേദന പോലെ '..അള്ളാഹ്.... ഫോൺ കട്ട് ചെയ്തു എന്തോ ഒരു മരവിപ്പ്.കണ്ണ് നിറയെ ഉമ്മാന്റെ ചിത്രം മാത്രം... കാതിലാ ശബ്ദവും." വല്ലതും കഴിച്ചിട്ട് പോഡാ.... എന്റെ ഉമ്മാക്ക് ഒന്നും വരുത്തല്ലേ... പിന്നെ ഒരു കുതിപ്പായിരുന്നു. അതിവേഗം പായുന്ന ആംബുലൻസിനൊപ്പം ചിന്തയും കാടുകയറി. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ .. ഒന്നും കാണുന്നില്ല. ആംബുലൻസ് നിയന്ത്രണം വിട്ടെന്ന് മനസ്സിലാവും മുന്നെ എല്ലാം കൈവിട്ടിരുന്നു. റോഡരികിലെ പോസ്റ്റിൽ ഇടിച്ചു കയറി തെറിച്ചുവീണ തോർമയുണ്ട് ..ദൂരെ സുബഹി ബാങ്കിന്റെ അലയൊലി.. പതിയെ ചുണ്ടുകളും മന്ത്രിച്ചു.ലാ ഇലാഹ ഇല്ലള്ളാഹ് ... ഷാഹിയുടെ ഉമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ സമയം ആയി.അവൻ ഇത് വരെ വന്നില്ലല്ലോ ....!!വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫാണെന്നാ പറയുന്നത് ... എവിടെയാണാവോ...? ആലോചിച്ചിരിക്കുമ്പോഴാണ് ഫോൺ റിoഗ് ചെയ്തത്.അഫ്സലാണല്ലോ.... ഡാ ഷാ നൂ .... ഷാഹി............. ഒന്നു മനസ്സിലായില്ലെങ്കിലും മറുവശത്ത് അവൻ തേങ്ങലടക്കാൻ പാടുപെടുന്ന പോലെ '..... നെറ്റ് ഓണാക്കിയ പാടെ തുരുതുരാ മെസേജുകൾ.. പുഞ്ചിരിയോടെയുള്ള അവന്റെ ആ മുഖം ... ഡാ .... താങ്ങാനാവുന്നില്ലടാ........ മരവിച്ച മനസുമായ് ജീവച്ഛവം പോലെ അവന്റെ വീടിന് മുറ്റത്ത് എത്തിയപ്പോ "വിഖായ "വളണ്ടിയേർസ് അണിനിരന്നിരുന്നു. പച്ച വിരിപ്പിൽ പുതച്ച് തഹ് ലീലിന്റെ നേർത്ത ധ്വനിയോടെ പള്ളിക്കാട്ടിലേക്ക് നടക്കുമ്പോ ചലനമറ്റ് ഒന്നു പൊട്ടിക്കരയാനാവാതെ നിന്നെ നോക്കുന്ന ഉമ്മയെ ഒരു നോക്ക് മാത്രമേ നോക്കാൻ കഴിഞ്ഞുള്ളൂ.'... നിന്നോടൊത്തുള്ള അവസാന യാത്രയിൽ നിശബ്ദമായിരുന്നു സർവ്വവും. ചില തേങ്ങലുകളും തഹ് ലീ ലുകളും മാത്രം .... ചില തേങ്ങലുകളും തഹ്‌ലീലുകളും മാത്രം.. സകല Social Media കളും പ്രാർത്ഥനകളും ആദരാഞ്ജലികളും കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ജാതി മത ഭേതമന്യേ സകലരും.ഷാഹി നീ പുണ്യാത്മാവാണ്......ആറടി മണ്ണിൽ ഇറക്കിവെച്ച് മണ്ണിട്ട് മൂടി മേലെ മൈലാഞ്ചി ക്കൊമ്പിന്റെ വേരൂന്നിയപ്പോൾ കൈകൾ വിറക്കുന്ന പോലെ. മനസ്സൊന്നു പതറിയോ...! നിന്റെ വേർപാട് ഒരു നഷടമാണെന്നറിഞ്ഞതുകൊണ്ടാവാം. മേഘക്കീറ് പോലും മിഴിനീർ പൊഴിച്ചത്. മഴത്തുള്ളികൾ പുതുമണ്ണിലേക്ക് ഉറ്റി വീഴുമ്പോൾ അവസാനയാത്ര പറഞ്ഞ് പലരും പിരിഞ്ഞ് പോയി. അടക്കി വെച്ച കണ്ണുനീർ മഴയോടൊപ്പം ഒഴുകിയപ്പോഴും തേങ്ങലടക്കി നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. തണലേകാൻ ഇനി നീയില്ലെങ്കിലും നിന്റെ ഓർമകൾ മരിക്കുന്നില്ലല്ലൊ. അനേകം പേരിലൂടെ നീ ജീവിക്കുന്നു. നിന്റെ ജീവിതം ത്വജിച്ച് മറ്റുള്ളവർക്ക് പുതുജീവൻ നൽകിയപ്പോൾ നീ നിന്നെ മറന്നു അല്ലെ..? ഷാഹീ.. നീ നന്മയുടെ പ്രതീകമാണ്. ഈ നിമിഷം നിന്റെ ചാരത്ത് മാലാഖമാർ അണഞ്ഞിരിക്കാം. നീ ഒരു പാട് നന്മകൾ വാരി വിതറിയിട്ടുണ്ട്. നീ നിർത്തിവച്ചിടത്ത് നിന്ന് നിന്റെ ഷാനു തുടങ്ങുകയാണ്.. അല്ല ! ഞാൻ തുടരുകയാണ്.... അവസാന യാത്ര പറഞ്ഞ് തിരികെ നടക്കുമ്പോൾ മൈലാഞ്ചി ചെടികൾ തലയാട്ടിയത് നിന്റെ പുഞ്ചിരിയായിരിക്കാം.... അല്ലെ...?' തിരികെ നടക്കുമ്പോൾ മുന്നോട്ട് വച്ച കാലുകൾ ആരോ പിന്നോട്ട് വലിക്കുന്ന പോലെ.അവസാനമായൊന്നു തിരിഞ്ഞു നോക്കി. "മൈലാഞ്ചീ.... നീ തഴച്ചുവളരണം. അവൻ വളർന്ന പോലെ". മഴ തകർത്ത് ചെയ്യാൻ തുടങ്ങി.കാതിൽ ഒരു അശരീരി. "നന്മയുടെ മരങ്ങൾ ഒരിക്കലും ഉണങ്ങുന്നില്ല. അത് തഴച്ച് വളരുക തന്നെ ചെയ്യും. ചെയ്തു തീർത്ത നന്മകൾ ഭൂമിയിൽ ഒരടയാളപ്പെടുത്തൽ ആണ്.മരിച്ചാലും മായാതെ....... ഡാ ഷാഹീ, നിന്റെ ശബ്ദം പോലെ.ജീവിച്ചിരിക്കുന്ന നിന്റെ അതേ വാക്കുകൾ".എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പള്ളിക്കാട്ടിലൂടെ അവൻ നടന്നു നീങ്ങി. നേർത്ത പുഞ്ചിരിയോടെ.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ