സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ മാറുന്ന പ്രകൃതിയും മാനുഷ്യനും
മാറുന്ന പ്രകൃതിയും മനുഷ്യനും
പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിയ്ക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചും. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വൻ തോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി .ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്, ഭൂമിയിൽ നിന്നാണ് മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും, വയലേലകളിൽ നിന്നുമാണ് ജനിച്ചത്.എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കൈയ്യേറി, കാട്ടുമരങ്ങളെ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ പരദേശിയുടെ വിഷവിത്ത് വിതച്ച് കൊണ്ട് ഭോഗാസക്തിയിൽ മതിമറക്കുകയും നാശം വിതയ്ക്കകയും ചെയ്യുന്ന വർത്തമാന കേരളം ഏറെ പഠന വിധേയമാക്കേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും, വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് - നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കന്നവർക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് ഇത് പെട്ടന്ന് മനസ്സിലാവില്ല .പക്ഷെ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ . പാടം നികത്തിയാലും ,മണൽ വാരി പുഴ നശിച്ചാലും ,വനം വെട്ടിയാലും മാലിന്യ കുമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപെടേണ്ടതാണ്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാ റായില്ലെങ്കിൽ നമ്മുടെ മക്കൾക്ക് ഇവിടെ വാസ യോഗ്യമല്ലാതായി വരും. നമ്മുക്ക് നമുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ .എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനൊട്ടില്ല താനും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല. സമൂഹത്തിന്റെ കടമയാണ്. കേരളം പ്രകൃതി രമണീയമായ ഭൂപ്രദേശമാണ്. മഴ ധാരാളം കിട്ടുന്ന നാടാണ്. ഒട്ടേറെ കുളങ്ങളും കിണറുകളും കായലും പുഴകളും തോടുകളും കൊണ്ട് സമ്പന്നമാണ്. ശുചിത്വമുള്ളവരുടെ നാടാണ്. രണ്ടു നേരം കുളിക്കുന്നവരും ശുഭ്രവസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. ഇതായിരുന്നു മലയാളിയെക്കുറിച്ച് അടുത്ത കാലം വരെയുള്ള ധാരണ.എന്നാൽ ഇന്ന് ആ ധാരണ മാറ്റിക്കൊണ്ടിരിക്കുകയാണ് നാം. സ്വന്തം വീടിനപ്പുറത്തേക്ക് ശുചിത്വം എന്താണെന്ന് മലയാളിക്കറിയില്ല.. ഗ്രാമങ്ങൾ പ്രകൃതിയുടെ സംഭാവനയാണ്. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനമുള്ളതാക്കി മാറ്റാനും അങ്ങിനെ പരിസ്ഥിതി സംരക്ഷിക്കുവാനുമുള്ള മാർഗ്ഗങ്ങൾ പ്രകൃതി തന്നെ കണ്ടെത്തിയിട്ടുണ്ടു്. ഭൂമിയുടെ നാഡീ ഞരമ്പുകളായ പുഴകളിൽ ചലം നിറഞ്ഞ് മലീമസമായി കൊണ്ടിരിക്കുന്നു .മാലിന്യം നിറഞ്ഞ നഗരങ്ങൾ, 44 നദികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജല ക്ഷാമം, കാലം തെറ്റി വരുന്ന മഴ , ചുട്ടുപുള്ളുന്ന പകലുകൾ, പാടത്തും പറമ്പത്തും വാരിക്കോരിയൊഴിക്കുന്ന കീട നാശിനികൾ, വിഷകനികളായ പച്ചക്കറികൾ, സാംക്രമിക രോഗങ്ങൾ, ഇ-വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ് പ്രബുദ്ധ കേരളത്തിന്റെ വികസന കാഴ്ചകൾ. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാദ്ധ്യമല്ല. പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം ഒരോരുത്തരും സ്വയം തയ്യാറാവണം. നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനം ഏർപെടുത്തണം. മഹിതമായ ഈ സാംസ്കാരിക ബോധത്തിന് അനുസൃതമായ് നമ്മുക്ക് ജീവിക്കാം പരിസ്ഥിതി യോട് ഇണങ്ങി കൊണ്ട്.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം