ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാപരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ്വ സമ്പത്തിൻറെ കലവറയാണ് നമ്മുടെ പരിസ്ഥിതി. എന്നാൽ ഏറ്റവും പരിഷ്‍കൃതർ എന്നവകാശപ്പെടുന്നവരാണ് ഏറ്റവുമധികം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാകില്ല.

വനനശീകരണം, ജലമലിനീകരണം,കൃത്രിമ വളങ്ങൾ, കീടനാശിനികൾ, വ്യവസായശാലകൾ പുറത്തുവിടുന്ന മാലിന്യങ്ങൾ,പ്ലാസ്റ്റിക്, അമിത ശബ്ദം, അന്തരീക്ഷത്തിൽ പുക സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, ഇവയെല്ലാം പരിസ്ഥിതിക്ക് ഹാനിവരുത്തുന്നു.

വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ സ‍ുസ്ഥിതിതന്നെ തകർക്കുന്ന ആധുനിക മനുഷ്യൻ പല മാരകരോഗങ്ങളും വിളിച്ചുവരുത്തുന്നു. കാലം തെറ്റിയ മഴയും പ്രളയവും കടുത്ത വരൾച്ചയും എല്ലാം അതിൻറെ ഭാഗമാണ്.

അന്തരീക്ഷ മലിനീകരണം ഭീകരമായി മാറുന്നു. അന്തരീക്ഷത്തിൽ ഓക്സിജൻ അളവ് കുറയുന്നു. കീടനാശിനി പ്രയോഗം മൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായിത്തീരുന്നു. കീടനാശിനികൾ യഥാർത്ഥത്തിൽ ജീവനാശിനികളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മൂന്നാം ലോക രാജ്യങ്ങളിൽ വർഷം അൻപത് ലക്ഷത്തോളം പേരാണ് കീടനാശിനി വിഷബാധയ്ക്ക് വിധേയരാകുന്നത്.

ആഗോളതാപനം വർദ്ധിക്കുന്നത് കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ വർദ്ധിക്കുന്നതുകൊണ്ടാണ്.അന്തരീക്ഷം മലിനമായതോടെ ഗ്രീൻ ഹൗസ് വാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചു . ഇതിന്റെ ഫലമായി അവ വലിച്ചെടുക്കുന്ന ചൂടിന്റെ അളവ് കൂടി . ഇത് അന്തരീക്ഷതാപനില ഉയർത്താൻ തുടങ്ങി. മലിനീകരണം ഏതു രീതിയിലായാലും അതു ഭൂമിക്കും ഭൂമി ഉൾപ്പെടുന്ന പരിസ്ഥിതിക്കും നാശം വരുത്തും. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് പ്രതിവർഷം മലേറിയ, എയ്ഡ്സ് എന്നീ രോഗങ്ങൾ കൊണ്ടുള്ള മരണത്തിനേക്കാൾ കൂടുതലാണ് വായു മലിനീകരണം കൊണ്ടുള്ള മരണനിരക്ക്.

പല ജീവജാലങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്. ആവാസവ്യവസ്ഥയിലെ ഓരോ ജീവിയും ഒരു പ്രത്യേക ധർമ്മം നിർവഹിക്കുന്നുണ്ട്. ഒരു ജീവി ഇല്ലാതാകുമ്പോൾ ആവാസവ്യവസ്ഥയുടെ താളം തന്നെയാണ് ഇല്ലാതാകുന്നത്. ജൈവവൈവിധ്യത്തെ നിധിപോലെ കാക്കേണ്ടിയിരിക്കുന്നു.ഗാന്ധിജി പറഞ്ഞു ; "മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല". ഈ ബോധമില്ലാതായപ്പോഴാണ് ആഗോളതാപനവും മറ്റനേകം വിപത്തുകളും മൂലം ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പ് അപകടത്തിലായത്.

ഓസോൺ സൗഹൃദ ജീവിതം നയിക്കണം. മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കണം, മലിനീകരണം തടയാൻ കഴിയണം,പ്ലാസ്റ്റിക് പോലുള്ള- വയുടെ ഉപയോഗം ലഘൂകരിക്കണം.

പരിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിൻറെ തകർച്ച യാണെന്ന് മനസ്സിലാക്കി നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നുണ്ട്. 'അന്തരീക്ഷം വിഷമയമാക്കി നമുക്കൊരു നേട്ടവും വേണ്ടെന്നു' ഓരോ പൗരനും പ്രതിജ്ഞയെടുക്കണം.

ഇപ്പോഴത്തെയും ഭാവിതലമുറകളുടെയും നന്മയ്ക്കായി പരിസ്ഥിതി സംരക്ഷണത്തിൽ നമുക്കൊന്നിച്ച് കൈകോർക്കാം. ശാസ്ത്രവും സാങ്കേതികതയും ശരിയായ രീതിയിൽ ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കാം. വികസനം ഭൂമിയെ നോവിക്കാതെ തന്നെയാകട്ടെ .ഇനി ഭൂമിയെ നോവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാം. നമുക്കു മുന്നേറാം................

അലി ഫാത്തിമ
9 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം