ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/മഹാവ്യാധിയും കേരളമോഡൽ ആരോഗ്യപരിപാലനവും
മഹാവ്യാധിയും
കേരളമോഡൽ ആരോഗ്യപരിപാലനവുംകരുനാഗപ്പള്ളി തഴവ എ .വി .എച്ച് .എസ്സിൽ അഞ്ചാം സ്റ്റാൻഡേർഡ് ഡി ക്ലാസിൽ പഠിക്കുന്ന ഞാൻ കോവിഡ് 19 നെ കുറിച്ച് ഈ ചെറു ലേഖനം തയ്യാറാക്കുന്നതിന് കാരണമായിരിക്കുന്നത് എന്റെ ക്ലാസ് ടീച്ചറുടെ ഉപദേശവും പ്രചോദനവുമാണ് .പത്ര മാധ്യമങ്ങളിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് എഴുതിയിട്ടുള്ളത് . 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലെ ഒരു മത്സ്യ കമ്പോളത്തിലെ ഒരു തൊഴിലാളിയിൽ തുടങ്ങി ഇന്ന് ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാരോഗമാണ് കോവിഡ് 19.അത്യന്തം അപകടകാരിയായ നോവൽ കൊറോണ എന്ന വൈറസ്സാണ് ഈ രോഗത്തിന് ഹേതു .കൊറോണ വൈറസ്സിൽ നിന്നുമുണ്ടാകുന്ന രോഗത്തിന് കോവിഡ് 19(covid 19) എന്ന പേര് നൽകിയിരിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്(WHO).co എന്നത് കൊറോണയെയും(corona)vi എന്നത് വൈറസ്സിനെയും(virus)d എന്നത് ഡിസീസിനെയും(disease)19 എന്നത് 2019 നെയും സൂചിപ്പിക്കുന്നു.വുഹാൻ സെൻട്രൽ ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവിയായിരുന്ന ഐ ഫെൻ എന്ന വനിതാ ഡോക്ടറാണ് 2019 ഡിസംബർ 30 ന് ഈ രോഗം സ്ഥിരീകരിച്ചത് . അമേരിക്ക ,ഇറ്റലി തുടങ്ങിയ സമ്പന്ന രാജ്യങ്ങളെ പോലും മുട്ടുകുത്തിച്ചുകൊണ്ട് കോവിഡ് ലോകമാസകലം സർവനാശം വിതയ്ക്കുകയാണ് .ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയല്ലാതെ ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സയോ പ്രതിരോധ മരുന്നോ ഇല്ല എന്നതും രോഗബാധിതനായ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അതിവേഗം പകരുന്നു എന്നതും ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു .പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നത് വരെ ഇതു സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ പാലിക്കുകയല്ലാതെ നിലവിൽ ഇതിനെതിരെ യാതൊരു പരിഹാര മാർഗ്ഗങ്ങളുമില്ല . കേരള സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനു വേണ്ടി കൈക്കൊണ്ടിട്ടുള്ള നടപടികളും കോവിഡ് ചികിത്സയിൽ നാളിതുവരെ ആർജ്ജിച്ച നേട്ടങ്ങളും ഇതര സംസ്ഥാനങ്ങൾക്കും ലോകത്തിനാകെ തന്നെയും മാതൃകയാക്കാവുന്നതാണ് .60 വയസ്സിനു മേൽ പ്രായമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ രോഗവിമുക്തി അസാധ്യമാകും എന്ന വിശ്വാസം ലോകമെമ്പാടും നിലനിൽക്കുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിലെ അതി വിദഗ്ദ്ധമായ ചികിത്സയിൽ കൂടി 93 ഉം 87 ഉം വയസ്സുള്ള വൃദ്ധ ദമ്പതികൾ പൂർണ്ണ രോഗ വിമുക്തി നേടിയത് .നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതും രോഗവിമുക്തി നേടിയവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതും ഇതിനാലകം അന്താരാഷട്ര മാധ്യമങ്ങളുടെ പോലും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ള അതിവികസിത രാജ്യങ്ങൾക്ക് പോലും നേടാനാവാത്ത ഈ നേട്ടം നമ്മുടെ കൊച്ചു കേരളം നേടിയത് നമ്മുടെ സർക്കാരിന്റെയും നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും പൂർണ്ണ സമർപ്പണ മനോഭാവമൊന്നുകൊണ്ട് മാത്രമാണ് . ബഹുമാനപ്പെട്ട നമ്മുടെ മുഖ്യ മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിനു വേണ്ടി കൈക്കൊണ്ടിട്ടുള്ള മാതൃകാപരമായ നടപടികൾ തികച്ചും പ്രശംസനീയമാണ് .അതേസമയം രോഗവ്യാപനം നമ്മുടെ ഇതര സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും അതിഭയാനകമായ രീതിയിൽ തുടരുന്നുവെന്നത് ഏറെ ഭയാശങ്കകൾ ഉളവാക്കുന്നുണ്ട് .ലോക് ഡൗൺ ഇപ്പോഴും തുടരുകയാണല്ലോ .സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്‌കോ ഉപയോഗിക്കുക ,പരിസര ശുചിത്വം ഉറപ്പാക്കുക ,അനാവശ്യ യാത്രകൾ ഒഴിവാക്കുക ,സാമൂഹിക അകലം(6 അടി )പാലിക്കുക , പനിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയും അവിടെ നിന്നും വിദഗ്ദോപദേശം തേടുകയും ചെയ്യുക തുടങ്ങിയ ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങൾ ഈ ലോക് ഡൗൺ കാലയളവിലും രോഗ വ്യാപനം പൂർണ്ണമായും നിയന്ത്രണ വിധേയമാകും വരേയ്ക്കും തുടരേണ്ടത് നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും നാം ഉൾപ്പെടുന്ന സമൂഹത്തിന്റെയും നിലനിൽപ്പിന്റെ ആവശ്യകതയാണ് . പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ വിവിധ രാജ്യങ്ങളിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട് .ഇതിനിടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോ ടെക് എന്ന സ്ഥാപനം കോവിഡ് 19 നെതിരെ കോറോ ഫ്ലൂ എന്ന പേരിൽ ഒരു വാക്സിൻ വികസിപ്പിച്ചെടു ക്കുന്നതിൽ വിജയിച്ചതായുള്ള വാർത്ത അക്ഷരാർത്ഥത്തിൽ ആശ്വാസകരമാണ് .അത് മനുഷ്യർക്ക് നൽകുന്നതിന് അനിവാര്യമായ പല കടമ്പകളും ഇനിയും കടക്കേണ്ടതുണ്ട് .കേരളത്തിൽ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളുടെ സ്ഥിതി അത്ര ആശ്വാസകരമല്ല .അതിനാൽ ലോക് ഡൗൺ വീണ്ടും നീട്ടിയിരിക്കുകയാണ് . കൊറോണാ കാലം നമുക്ക് എല്ലാ അർത്ഥത്തിലും പരീക്ഷണങ്ങളുടെ കാലഘട്ടമാണ് .പക്ഷേ നമുക്ക് അതിജീവിച്ചേ മതിയാകൂ .രോഗം വിതച്ച വിനാശത്തിന്റെ അടയാളങ്ങളെല്ലാം നമുക്ക് പാഠങ്ങളുമാണ് .ലോകത്തു നിന്ന് ഈ മഹാരോഗം വിടപറയുന്ന ഒരു പ്രഭാതം അകലെയല്ല എന്ന പ്രത്യാശയോട നമുക്ക് കാത്തിരിക്കാം .ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളെ പൂർണ്ണമായും പാലിച്ചു കൊണ്ട് .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം