സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/എന്റെ സ്വപ്നം
എന്റെ സ്വപ്നം
“നീ എന്താ രാവിലെ തന്നെ മരച്ചുവട്ടിൽ വന്ന് ഇരിക്കുന്നത് ?” ആ ശബ്ദം കേട്ട് ഞാൻ ഒന്ന ഞെട്ടി. ഓ, അത് എന്റെ ചേട്ടനായിരുന്നു. “നീ എന്താ രാവിലെ തന്നെ മരച്ചുവട്ടിൽ വന്ന് ഇരിക്കുന്നത് ?” ആ ചോദ്യം ഒരിക്കൽ കൂടി ആവർത്തിച്ചു. “ഓ, വെറുതെ. ഈ തോട്ടത്തിലെ മരങ്ങളൊക്കെ കാണാൻ എന്തു ഭംഗിയാണ്. പക്ഷികളുടെ മധുര ശബ്ദവും, എല്ലാം കൊണ്ടും നല്ല രസമാണ്”, കൈയിലുണ്ടായിരുന്ന ചെറുപൂവിനെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു. “ഓ, നീ മരത്തിനേം കണ്ടോണ്ട് ഇവിടെ ഇരുന്നോ! ഞാൻ പോകുവാ”. ചേട്ടൻ അതിവേഗം നടന്നുനീങ്ങി. എങ്കില്ലും ആ മറുപടി എനിക്കൊട്ടും രസിച്ചില്ല. ഞാൻ വീണ്ടും പൂവിനെ തലോടിക്കൊണ്ട് അവിടെ ഇരുന്നു. മനസ്സിൽ മരങ്ങളും, പക്ഷികളും മാത്രം. എന്തു ഭംഗിയാണ് അവയെ കാണാൻ? മരത്തിന്റെ തണലിൽ ഇളം കാറ്റും കൊണ്ടിരിക്കുന്നതിന്റെ സുഖം മറ്റെവിടെയും കിട്ടില്ല. ഇങ്ങനെയെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ, പെട്ടെന്നൊരു ശബ്ദം കേട്ടു. ഞാൻ എഴുന്നേറ്റ് ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നു. അവിടെ ചെന്ന് നോക്കുമ്പോഴോ ഒരു കിളി, അത് കരയുന്നതുപോലെ തോന്നി. “നിനക്കെന്തു പറ്റി കിളി? നീ എന്തിനാ കരയുന്നത് ?” ഞാൻ ചോദിച്ചു., “എനിക്കു കൂട്ടുകാരാരുമില്ല” കിളിയുടെ മറുപടി കേട്ട എനിക്ക് വിഷമം തോന്നി. “ഞാൻ നിന്നോടു കൂട്ട് കൂടാം”, ഒരു ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “സത്യമാണോ?” ഒരു സംശയത്തോടെ കിളി ചോദിച്ചു. “സത്യം ” ഞാൻ പറഞ്ഞു. “എങ്കിൽ വാ, നമ്മുക്ക് പ്ലാവമ്മാവന്റെ അടുത്തേക്ക് പോകാം. അവിടെ കളിക്കാൻ നല്ല രസമാ” കിളി സന്തോഷത്തോടെ പറഞ്ഞു. ഞാൻ സമ്മതിച്ചു. അങ്ങനെ കിളി പോകുന്നതിനു പുറകെ ഞാൻ നടക്കാൻ തുടങ്ങി. അധികം താമസിയാതെ പ്ലാവിന്റെ അടുത്തെത്തി. പ്ലാവ് വളരെ വിഷമിച്ചിരിക്കുന്നതായി ഞങ്ങൾക്കു തോന്നി. “എന്താ പ്ലാവമ്മാവാ വിഷമിച്ചിരിക്കുന്നത് ?” കിളി ചോദിച്ചു. “അയ്യോ, കിളി നീ എന്തിനു ഈ മനുഷ്യനെ ഇങ്ങോട്ട് കൊണ്ടുവന്നത്?” പ്ലാവ് ദേഷ്യത്തോടെ ചോദിച്ചു. “ഇതെന്റെ ചങ്ങാതിയാണ്”. കിളി പറഞ്ഞു. “മനുഷ്യനെ ഒരിക്കലും വിശ്വസിക്കരുത്. അവൻ നമ്മെ പോലുള്ളവരെ നശിപ്പിക്കുന്നവരാണ്!” ദേഷ്യത്തോടും, സങ്കടത്തോടും കൂടെ പ്ലാവ് പറഞ്ഞു. “അതെങ്ങനെ” ദേഷ്യത്തോടെ ഞാൻ ചോദിച്ചു. “അങ്ങ് നോക്കൂ, ഇന്നലെ വരെ അവിടെ ഒരു മാവുണ്ടായിരുന്നു. എന്റെ ഉറ്റ ചങ്ങാതി. അവനെ മനുഷ്യർ ഇന്നലെ വെട്ടിവീഴ്ത്തി. ഇനി പറയൂ, മനുഷ്യനെ ഞങ്ങൾ വിശ്വസിക്കണമോ?” പ്ലാവിന്റെ ആ ചോദ്യത്തിനു മുമ്പിൽ ഞാൻ പതറി. അപ്പോഴാണ് ഞാൻ മാവുണ്ടായിരുന്ന സ്ഥലം ശ്രദ്ധിക്കുന്നത്. എനിക്കു വളരെ വിഷമം തോന്നി. “ഞാൻ ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കില്ല. ഇതെന്റെ ഉറപ്പാണ്” ഇത്രയും പറഞ്ഞ് ഞാൻ നടന്നുനീങ്ങി. കുറച്ചേ പോയൊള്ളു. അപ്പോൾ ഭയപ്പെടുത്തുന്ന ഒരു ശബ്ദം കേട്ടു. ഞാൻ പ്ലാവിന്റെ അടുത്തേക്ക് ഓടി. പ്ലാവ് രണ്ട് ക്ഷണമായിരിക്കുന്നു. കിളി ജീവനറ്റ് കിടക്കുന്നു അത് കണ്ട് മനുഷ്യർ ചിരിക്കുന്നു. “ഹേ, എന്താണി ചെയ്യുന്നത് ?”, ഞാൻ അലറി........................ ഞാൻ ഞെട്ടിയുണർന്നു ഇപ്പോഴും മരച്ചുവട്ടിലാണ്. കൈയിലുണ്ടായിരുന്ന പൂവ് തൊട്ടടുത്ത് കിടക്കുന്നു. അപ്പോൾ, ഞാൻ സ്വപ്നം കാണുകയായിരുന്നു. വലിയ നീണ്ട സ്വപ്നം. ഞാൻ പ്ലാവിനു കൊടുത്ത വാക്ക് പാലിക്കും. പരിസ്ഥിതിയെ സംരക്ഷിക്കും. “മോളേ, വേഗം വാ, നിന്റെ കൂട്ടുകാർ വന്നിട്ടുണ്ട്” അമ്മ വീട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു. “ദാ, വരുന്നു”. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഉറച്ച തീരുമാനമെടുത്ത് ഞാൻ എഴുന്നേറ്റു.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ