എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ
കൊറോണ പറഞ്ഞ കഥ
എന്റെ പേര് കൊറോണ. കുറച്ചു ദിവസം മുമ്പ് ഇറ്റലി വഴി വന്ന എന്റെ കുടുംബക്കാർ കേരളത്തിൽ എത്തി. അവരുടെ പിന്തുണയോടെ ഞാനും കേരളത്തിൽ എത്തി. ഏത് നശിച്ച നേരത്താണാവോ എനിക്ക് ഇങ്ങോട്ട് വരാൻ തോന്നിയത്. എന്തൊരു ചെക്കിങ്ങും, ടെസ്റ്റിംഗും ആണിവിടെ. എന്തായാലും എനിക്ക് പറ്റിയ ഒരാളുടെ ദേഹത്തു കയറിപ്പറ്റണം. അതിനു പറ്റിയ ഒരാളെ ഞാൻ തന്നെ കണ്ടുപിടിക്കട്ടെ. ഹാ..... ദാ വരുന്നു ഒരാൾ എനിക്ക് പറ്റിയ ഒരാൾ. ഏതായാലും അവന്റെ വേഷം നടപ്പും കണ്ടിട്ട് എനിക്ക് അനുകൂലം ആവാനേ സാധ്യത ഉള്ളു. അവന്റെ ദേഹത്തു തന്നെ കേറാം. ഏതായാലും ഇവനെ വെച്ച് ഒരുപാട് പേരെ പിടിക്കാം. ഞാൻ അവന്റെ ദേഹത്തു കയറിപറ്റി.ഇവൻ എനിക്കിട്ട് പണിതരും മുമ്പേ അവനെതിരെ പണി തുടങ്ങാം. പ്രതീക്ഷിച്ച പോലെ തന്നെ എന്നെയും കൂട്ടി അവൻ ഒരു ഓട്ടോയിൽ കയറി. ഞാൻ ആഗ്രഹിച്ചത് തന്നെ നടന്നു. ഓട്ടോയിൽ കയറിയ ഉടൻതന്നെ വായ പൊത്താതെ അവനൊന്നു തുമ്മി. എന്റെ പത്തു നൂറു കുഞ്ഞുങ്ങൾ ഡ്രൈവറെ നോക്കി ചാടി. ശൊ...... ആ ചാൻസ് പോയി. ഡ്രൈവർ അവന്റെ തുമ്മൽ കേട്ടപ്പഴേ മാസ്ക് എടുത്ത് ധരിച്ചു. എന്റെ ഒരൊറ്റ കുഞ്ഞുങ്ങൾക്കും ഡ്രൈവറുടെ മുഖത്തേക്ക് അടുക്കാൻ പോലും പറ്റിയില്ല. അല്ലങ്കിലും ഈ മലയാളികൾക്ക് ജാഗ്രത കുറച്ചു കൂടുതലാ. ഇവിടത്തെ മുഖ്യമന്ത്രിയും, കളക്റ്റർമാരും, ആരോഗ്യമന്ത്രിയും, ആരോഗ്യവകുപ്പും ഒക്കെ വലിയ സംഭവമാണത്രെ. കോപ്പാണ്... എനിക്ക് അതൊന്നും ഒരു വിഷയമല്ല. എല്ലാത്തിനെയും ഞാൻ കാണിച്ചു തരാം. ഹാവൂ... അങ്ങനെ അവൻ വീട്ടിൽ എത്തി. ഞാൻ അവന്റെ വീട്ടിലേക്ക് നോക്കി. ആരെയും കാണുന്നില്ലല്ലോ. എല്ലാരും എവിടെ പോയി. വാതിൽ തുറന്നു ഭാര്യ മാത്രമേ പുറത്തുവന്നുള്ളു. വന്നപാടെ കയ്യും മുഖവും കഴുകാതെ അവൻ അകത്തേക്ക് പോയി. എനിക്ക് വല്ലാത്ത വിഷമം തോന്നി. എല്ലാവരും കല്യാണത്തിന് പോയി. ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. നമുക്ക് പോവാം. ഹാവൂ... എനിക്ക് സമാധാനമായി. കല്യാണത്തിന് ആണല്ലോ പോവുന്നത്. അവിടെ ഒരുപാട് ആളുണ്ടാവും. ഇതിനിടയിൽ അവന്റെ തൊണ്ടയിൽ ഞാൻ പണി തുടങ്ങി. അവനു ചെറുതായിട്ട് തുമ്മലും ചുമയും തുടങ്ങി. കല്യാണവീട്ടിൽ ഞാൻ വിചാരിച്ചതിനെക്കാളും ഒരുപാട് പേരുണ്ടായിരുന്നു. ഒരുപാട് പേരുടെ കയ്യിലേക്കും, വായിലേക്കും എന്റെ കുഞ്ഞുങ്ങളെ കയറ്റിവിടുന്ന കാര്യത്തിൽ ഞാൻ വിജയിച്ചു. പിറ്റേ ദിവസം രാവിലെ തന്നെ പുള്ളിക്കാരന് തീരെ വയ്യാണ്ടായി. എത്ര വയ്യങ്കിലും അവന്റെ കറക്കങ്ങളൊന്നും അവൻ നിർത്തിയില്ല. പോയ സ്ഥലങ്ങളിലെല്ലാം ഞാനും കൂടെ പോയി. എല്ലായിടത്തും എന്റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടു അവർക്കും ഒരുപാട് സന്തോഷായി. പക്ഷെ.. ചുരുങ്ങിയ ദിവസം കൊണ്ട് ആരോഗ്യ വകുപ്പ് എന്നെ തിരിച്ചറിഞ്ഞു എന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. എന്നാലും ഞാൻ വിചാരിച്ചത്ര കാര്യങ്ങൾ നീങ്ങിയില്ല. ഇവന്റെ കൂടെ ഒരുപാട് പേര് വരുമെന്ന് പ്രതീക്ഷിച്ചു. ആർക്കും അത്ര സീരിയസായില്ല. പലരും പലവട്ടം എന്നെ തോൽപിച്ചു.ഈ പുള്ളിക്കാരനുമായി ഇടപെട്ടവരെയൊക്കെ കണ്ടുപിടിച് കളക്റ്ററും കൂട്ടരും എന്നെ തോൽപിച്ചു. കൈകളിൽ ഓരോ മിനിറ്റിലും സോപ്പും, സാനിറ്റൈസറും ഉപയോഗിച്ച് ജനങ്ങളും എന്നെ തോൽപിച്ചു. ഇപ്പോഴിതാ സംസ്ഥാനം മുഴുവൻ ലോക്ക്‌ഡോൺ പ്രഖ്യാപിച്ചു കൊണ്ട് സർക്കാരും എന്നെ തോൽപിച്ചു. എനിക്കും എന്റെ മക്കൾക്കും ഇനി എത്ര ആയുസ്സുണ്ടെന്നു അറിയില്ല. മടങ്ങിപ്പോവേണ്ടിവരും മക്കളെ. ഇവിടെത്തെ ആരോഗ്യവകുപ്പും, ആരോഗ്യമന്ത്രിയും, മുഖ്യമന്ത്രിയും, കളക്റ്ററും അത്രക്കും ശക്തമാണ്. നമ്മളെ തോല്പിക്കാൻ അവർക്ക് കഴിയും. കേരളത്തെ തോൽപ്പിക്കാൻ നമുക്ക് കഴിയില്ല....... ദയവു ചെയ്തു ഈ കഥയിലുള്ള പുള്ളിക്കാരൻ നമ്മളിൽ ഓരോരുത്തരും ആവാതിരിക്കുക. ബഹു. മുഖ്യമന്ത്രി പറഞ്ഞത് പോലെ സർക്കാർ ഒപ്പമല്ല, മുന്നിലുണ്ട്...സർക്കാരും ആരോഗ്യവകുപ്പും പറയുന്നത് പോലെ ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ നാട്ടിൽ നിന്നും കോറോണയെ തുരത്തി വിടാം.. നമ്മുടെ കേരളത്തെ രക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ