സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകത്തെ ആകെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസിന്റെ പിടിയിലാണ് നാമിപ്പോൾ. ലക്ഷക്കണക്കിന് ജീവനെടുത്ത ഈ ഭീമൻ രോഗത്തെ നമ്മളിൽ എത്തുന്നത് തടയാൻ ഒരിത്തിരി സൂക്ഷ്മത മാത്രമാണ് ആവശ്യം. വ്യക്തിശുചിത്വവും, പരിസര ശുചിത്വവും ഉണ്ടെങ്കിൽ കൊറോണ മാത്രമല്ല ഇതിനേക്കാൾ ഭീമമായ ഏതു വൈറസിനെയും നമുക്ക് തടയാൻ സാധിക്കും. ഒരു വ്യക്തി എന്ന നിലയിൽ നമുക്ക് ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. നമ്മൾ സ്വയം എപ്പോഴും വൃത്തിയായിരിക്കണം. ഇടയ്ക്കിടെ സോപ്പു കൊണ്ട് കൈ കഴുകുകയും ദിവസവും കുളിച്ചും നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം ഇന്നും വൃത്തിയോടെ കഴിയുമ്പോൾ നമ്മിൽ രോഗമുണ്ടാക്കുന്ന അണുക്കൾ ഇല്ലാതാകുന്നു. ഇതുപോലെ ലോകത്തിലെ ഓരോ മനുഷ്യനും ചിന്തിച്ചു പ്രവർത്തിച്ചാൽ ഇതുപോലൊരു മഹാമാരിക്ക് ഒറ്റ ജീവൻ എടുക്കാൻ സാധിക്കില്ല. നാം ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസര ശുചിത്വം പാലിക്കണം. ഓരോ മനുഷ്യനും അവൻ ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിച്ചാൽ ഈ ലോകത്തെ മുഴുവൻ വൃത്തിയാക്കാം. ഇതോടൊപ്പം പരിസരശുചിത്വവും നമുക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ജലം, വായു, മണ്ണ് തുചങ്ങിയ പ്രകൃതിയിലെ അനവധി സ്രോതസ്സുകൾ നാം നിരന്തരം മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. മാലിന്യം ജല സ്രോതസ്സുകൾ നിക്ഷേപിച്ചും ഫാക്ചറിയിൽ നിന്നും വരുന്ന പുക വായുവിൽ കടത്തിവിട്ടും മണ്ണിൽ അസംസ്കൃത വസ്തുക്കൾ ചേർത്തും നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ സ്വന്തം ആരോഗ്യമാണ് നശിപ്പിക്കുന്നത് എന്ന് ഓർക്കണം. വായുവിൽ എത്തുന്ന മലിനമായ പുക ശ്വസിച്ചും, മലിനമായ വെള്ളം കുടിച്ചും ഒക്കെ പുതിയ പുതിയ രോഗങ്ങൾ ഇനിയും വരാം. അതിന് കോവിഡിനേക്കാൾ ശക്തിയും മൂർച്ചയും ഉണ്ടായേക്കാം. ആയതിനാൽ സ്വന്തം ശരീരവും പരിസരവും ശുചീകരിക്കുന്ന പോലെ പരിസ്ഥിതിയേയും നാം ശുചീകരിക്കണം. ലോക്ക്ഡൗൺ മൂലം ഒന്നും പ്രവർത്തിക്കാത്ത ഈ സാഹചര്യത്തിൽ അത് ഏറെക്കുറെ വിജയകരമായി നടക്കുന്നു എന്നുള്ളതാണ് സത്യം. എന്നാൽ എന്നും മനുഷ്യന് ഇതുപോലെ അടച്ചിരിക്കാൻ സാധിക്കില്ല. ഇപ്പോൾ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി ശുചീകരണത്തിന് ലോക്ക്ഡൗൺ കഴിഞ്ഞാലും ഭംഗം വരാൻ പാടില്ല. വ്യക്തി ശുചിത്വം, പരിസര ശുചിത്വം , പരിസ്ഥിതി ശുചിത്വം എന്നീ മൂന്നു കാര്യങ്ങളിൽ നാം ശ്രദ്ധ പുലർത്തിയാൽ അത് തന്നെയാണ് ഏറ്റവും ഉത്തമമായ രോഗപ്രതിരോധം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |