വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/വൈദ്യശാസ്ത്രം - നാൾവഴികൾ
- [[വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/വൈദ്യശാസ്ത്രം - നാൾവഴികൾ/ വൈദ്യശാസ്ത്രം-നാൾവഴികൾ | വൈദ്യശാസ്ത്രം-നാൾവഴികൾ]]
വൈദ്യശാസ്ത്രം-നാൾവഴികൾ
വൈദ്യശാസ്ത്രം-നാൾവഴികൾ ലോകമെമ്പാടും ഇന്ന് കോവിഡിന്റെ പിടിയിലാണ്.എല്ലാവരും ഭീതിയിലാണ്, ചരിത്രാതീതകാലം മുതലേ മനുഷ്യൻ പേടിച്ചിരുന്നത് രോഗങ്ങളെയാണ്. കാരണം മറ്റൊന്നിനും അവനെ തോൽപ്പിക്കാനാവില്ല. കാട്ടിലെ രാജാവായ സിംഹവും ശക്തനായ കടുവയും വീരനായ പുലിയും വമ്പനായ ആനയും മനുഷ്യന്റെ മുൻപിൽ കീഴ്പെട്ടിട്ടുണ്ട്. പക്ഷെ അവന് രോഗങ്ങളെ ഭയമായിരുന്നു. പുരാതന മനുഷ്യന് പ്രതിരോധശേഷി കൂടുതലായിരുന്നു. അതിനാൽ രോഗങ്ങൾ ബാധിക്കുന്നത് കുറവായിരുന്നു. ദൈവകോപമാണ് രോഗങ്ങളെ സൃഷ്ടിക്കുന്നത് എന്ന് അവൻ കരുതി. അതിനാൽ രോഗാവസ്ഥയിൽ അവൻ ദൈവങ്ങൾക്ക് കാഴ്ചദ്രവ്യം അർപ്പിക്കുകയും പൂജിക്കുകയും ചെയ്തു. ദൈവത്തെ പ്രീതിപ്പെടുത്തിയപ്പോൾ അവരുടെ രോഗങ്ങൾ മാറി. സത്യത്തിൽ അവരുടെ ആൻറി ബോഡികൾ പ്രവർത്തിച്ചു അവരുടെ രോഗാണുക്കളെ നശിപ്പിക്കുകയാണ് ഉണ്ടായത്. പക്ഷെ അവർക്ക് അതറിയില്ലല്ലോ... പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം ആധുനികമനുഷ്യൻ( ഹോമോസാപ്പിയൻസ്) ഒരു സമൂഹമായി ജീവിക്കുമ്പോൾ പല വിശ്വാസങ്ങളും രോഗങ്ങളെ പറ്റി ഉണ്ടായി. അതിനെ ചെറുക്കാൻ ശാസ്ത്രജ്ഞരെന്നു സ്വയം വിശ്വസിക്കുന്ന ആളുകൾ മുന്നോട്ട് ഇറങ്ങി. അങ്ങനെയാണ് വൈദ്യന്മാർ ഉണ്ടായത്. എന്നാൽ അവർക്ക് കൃത്യമായ ചികിത്സ ഇല്ലായിരുന്നു. രോഗശമനത്തേക്കാൾ താൽക്കാലിക വേദനസംഹാരികളെയാണ് അവർ തിരഞ്ഞെടുത്തത്.പലതും പരീക്ഷിച്ചു. ഇലകൾ, പച്ചക്കറികൾ, പഴങ്ങൾ, കമ്പുകൾ, മൃഗങ്ങൾ എന്നു വേണ്ട സകലതും അവർ പരീക്ഷണവസ്തുവാക്കി. ചിലയിടങ്ങളിൽ രസം( മെർക്കുറി) ആണ് പരീക്ഷിച്ചത്. പാവം രോഗി, അവൻ അറിയുന്നില്ലല്ലോ രസം അവന്റെ രോഗത്തെ മാത്രമല്ല അവനെ തന്നെയും കൊല്ലുന്നു എന്ന്. ഇക്കാലയളവിൽ പലരും ഈ ശാഖയ്ക്ക് സംഭാവനകൾ നൽകി. ആദ്യകാല വൈദ്യശാസ്ത്ര രൂപങ്ങൾ ബാബിലോണിയ, ചൈന, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവയായിരുന്നു. രോഗനിർണയം, രോഗ നിദാനം, വൈദ്യശാസ്ത്ര നൈതികത മുതലായ ആശയങ്ങൾ ഇന്ത്യയിലാണ് രൂപംകൊണ്ടത്. പുരാതന ഗ്രീസിലെ ഒരു ഭിഷഗ്വരൻ ആയിരുന്നു ഹിപ്പോക്രാറ്റസ്. ശാസ്ത്രീയ ചികിത്സ വിദ്യ യുടെ പിതാവായി ഹിപ്പോക്രാറ്റസ് കണക്കാക്കുന്നു."ഹിപ്പോക്രാറ്റസിന്റെ ഗ്രന്ഥ സമുച്ചയം" അദ്ദേഹത്തിൻറെ പേരിലാണറിയപ്പെടുന്നത് എങ്കിലും അതിൽ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ കൂടി അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ തനതായ സംഭാവന എത്രത്തോളം എന്ന് വ്യക്തമല്ല. ചരിത്രത്തിലെ ആദ്യ ഭിഷഗ്വരൻ ഈജിപ്തിലെ ഇമോട്ടെപ് ആണെന്നും വാദമുണ്ട്. രോഗകാരണങ്ങളെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ എതിർത്ത ആദ്യ വ്യക്തിയാണ് ഹിപ്പോക്രാറ്റസ്. ദൈവകോപം രോഗത്തിന് കാരണമാകുന്നു എന്ന വിശ്വാസം ഇദ്ദേഹം തള്ളിക്കളഞ്ഞു. രോഗങ്ങൾ ഉണ്ടാകുന്നത് പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ മൂലവും ഭക്ഷണരീതി മൂലവും ജീവിതചര്യയുടെ പിഴവുമൂലവുമാണെന്ന് അദ്ദേഹം വാദിച്ചു. എ. ഡി. 1220 -ൽ ഇറ്റലിയിലെ സർവ്വകലാശാലകൾ വൈദ്യശാസ്ത്രം എന്ന വിഷയത്തിൽ പഠനശാലകൾ തുടങ്ങി. നവോത്ഥാനകാലത്ത് ശരീരശാസ്ത്രം വികസിച്ചപ്പോൾ രോഗനിർണയവും ചികിത്സയും കൂടുതൽ ഫലപ്രദമായി നടത്താനായി. അക്കാലത്താണ് സൂക്ഷ്മദർശിനിയുടെ കണ്ടുപിടുത്തം നടന്നത്. പത്തൊമ്പതാം നൂറ്റാണ്ടിനു മുൻപ് അസുഖങ്ങൾക്ക് കാരണം ശരീരത്തിലെ ഹ്യൂമറുകൾ എന്നറിയപ്പെടുന്ന വിവിധ സ്രവങ്ങളുടെ ഏറ്റക്കുറച്ചിലാണ് എന്നായിരുന്നു വിശ്വാസം. സൂക്ഷ്മദർശിനിയിലൂടെ കണ്ടുപിടുത്തത്തോടെ രോഗാണുവാണ് രോഗഹേതു എന്ന് കണ്ടെത്തി. ഇത് പല സാംക്രമിക രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സകൾ കണ്ടുപിടിക്കാനും, പല രോഗങ്ങളെയും തുടച്ചുനീക്കാനും കാരണമായി. 1676-ൽ ആൻറണി വാൻ ല്യൂവെൻഹോക്ക് സ്വയം രൂപകൽപ്പന ചെയ്ത സിംഗിൾ ലെൻസ് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച് ചില രോഗാണുക്കളെ 'അനിമൽ ക്യൂൾസ് ' എന്ന് വിളിച്ചു. തുടർന്നദ്ദേഹം നിരീക്ഷണങ്ങൾ റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ പ്രസിദ്ധീകരിച്ചു. പിന്നീട് 1838-ൽ എൺബെർഗ് അതിനെ ബാക്ടീരിയ എന്ന് വിളിച്ചു. ചില ഉപദ്രവകാരികളായ ബാക്ടീരിയകളാണ് അന്നത്തെ കാലത്തെ പല രോഗങ്ങളും കാരണം. 1884 സൂക്ഷ്മ-ജൈവ ശാസ്ത്രജ്ഞനായ ചാൾസ് ചേംബർലാൻ ഒരു ഫിൽറ്റർ കണ്ടുപിടിക്കുകയുണ്ടായി. ബാക്ടീരിയയേക്കാൾ ചെറിയ സുഷിരങ്ങളോട് കൂടിയതാണ് ഈ ഫിൽറ്റർ. ബാക്ടീരിയകൾ അടങ്ങിയ ലായനി ഇതിൽക്കൂടി കടത്തിവിട്ട് ബാക്ടീരിയയെ പൂർണമായി ഒഴിവാക്കാൻ ഇതിലൂടെ സാധിച്ചു. 1892 റഷ്യൻ ജൈവ ശാസ്ത്രജ്ഞനായ ദിമിത്രി ഇവാനോവിസ്കി ഈ ഫിൽറ്റർ ഉപയോഗിച്ച് പരീക്ഷണത്തിൽ ഏർപ്പെടുകയും രോഗബാധയേറ്റ പുകയിലയുടെ സത്തിനെ ഇതിലൂടെ കടത്തി വിടുകയും ചെയ്തു.പക്ഷേ രോഗബാധ അപ്പോഴും നിലനിന്നിരുന്നു. ബാക്ടീരിയയിൽ നിന്നുള്ള വിഷമമായിരിക്കും ഇത് എന്നദ്ദേഹം വാദിച്ചു. പക്ഷേ അതിനെ വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1899-ൽ ഇതേ പരീക്ഷണം ഡച്ച് സൂക്ഷ്മ -ജൈവ ശാസ്ത്രജ്ഞനായ മാർട്ടിനസ് ബീജറിക് ആവർത്തിക്കുകയും അദ്ദേഹം ഇത് രോഗബാധയ്ക്ക് കാരണമായ മറ്റൊരു രൂപമാണ് എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു.കോശവിഭജനം വഴി അത് സ്വയം പെരുകുന്നതായി നിരീക്ഷണത്തിലൂടെ അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിച്ചു. അദ്ദേഹം കൊണ്ടാജിയം വൈവം ഫ്ലുഡിയം (ലയിക്കാൻ കഴിവുള്ള രോഗാണു ) എന്നെ വിളിക്കുകയും ചെയ്തു. പിന്നീട് വൈറസ് എന്ന് നാമകരണം ചെയ്തു. വൈറസ് എന്നാൽ വിഷം എന്നാണ് അർത്ഥം. പിന്നീട് വെൻഡെൽ സ്റ്റാൻലി ഇതിന്റെ വ്യക്തമായ ആകൃതി തിരിച്ചറിഞ്ഞു.പിന്നീടുണ്ടായ പല രോഗങ്ങൾക്കും കാരണം വൈറസ് എന്ന സൂക്ഷ്മജീവിയാണെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിൽ ചികിത്സാരംഗം വിപുലപ്പെട്ടു. ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ പൊതു ശുചിത്വ പദ്ധതികൾ വികസിച്ചു.കാരണം പട്ടണങ്ങളുടെ അതിവേഗ വളർച്ചയ്ക്ക് ചിട്ടയായ ശുചിത്വ പദ്ധതികൾ അനിവാര്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉന്നത ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടു. പിന്നീട് ഇവ ആശുപത്രികളായി. ഇരുപതാം നൂറ്റാണ്ടിലെ മധ്യകാലം രോഗാണുനാശിനികൾ പോലെയുള്ള ജീവശാസ്ത്ര ചികിത്സാരീതികൾ വികസിച്ചു. ഈ മുന്നേറ്റം രസതന്ത്രത്തിലേയും ജനിതക ശാസ്ത്രത്തിലേയും റേഡിയോഗ്രാഫിയിലേയും പുത്തൻ സങ്കേതങ്ങളുടെ കൂടെ ചേർന്ന് ആധുനിക വൈദ്യശാസ്ത്രം ജനിച്ചു.ലോകത്തിൽ പടർന്നുപിടിച്ച പല മഹാമാരികളെയും വൈദ്യശാസ്ത്രം പിടിച്ചുകെട്ടി. വാക്സിനേഷൻ ആണ് പിന്നീട് ഈ ശാഖ സംഭാവന ചെയ്ത ഏറ്റവും വലിയ അമൃത്. ലോകത്തിൽ നിന്നും വസൂരി എന്ന മഹാമാരി തുടച്ചുനീക്കിയത് എഡ്വേർഡ് ജെന്നർ കണ്ടുപിടിച്ച വാക്സിനാണ്. പിന്നീട് പലപ്പോഴും വാക്സിനേഷൻ മനുഷ്യർക്ക് അനുഗ്രഹമായി.
വൈദ്യശാസ്ത്രം ഇന്ന് ലോകമാകെ പടർന്നു പന്തലിച്ച ഒരു മഹാശാഖയായി. അതിന് മേൽനോട്ടം വഹിക്കുന്നത് WHO എന്ന ലോകാരോഗ്യ സംഘടനയാണ്. ലോകം മുഴുവൻ WHO യുടെ പിന്നിൽ നിന്ന് രോഗാണുക്കളെ പ്രതിരോധിക്കുന്നതിൽ ഒരുപരിധിവരെ വിജയിച്ചിരിക്കുന്നു. എന്നാൽ ഏതൊരു നല്ല കാര്യത്തിന് ഒരു മറുവശം ഉണ്ടല്ലോ. അതുപോലെ ഈ രോഗാണുവിനെ ഉപയോഗിച്ച് ജൈവായുധപ്രയോഗം നടത്തുന്നതിന് ചിലരെങ്കിലും കോപ്പുകൂട്ടുന്നു. അത് തടയേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ ലോകം ഏറ്റവും കൂടുതൽ ഭീതിയോടെ നോക്കികാണുന്നത് പകർച്ചവ്യാധികളെയാണ്. ഇപ്പോൾ വന്ന COVID-19 എന്ന് കൊറോണാ വൈറസ് പകർത്തുന്ന രോഗം അത്തരത്തിൽ പെട്ടതാണ്. അതിനെ കീഴടക്കാൻ വൈദ്യശാസ്ത്രം കിണഞ്ഞു പരിശ്രമിക്കുന്നു. തീർച്ചയായും വൈദ്യശാസ്ത്രം ഇതിനെയും കീഴ്പ്പെടുത്തും. ലോകത്തെ ഭീതിയിലാഴ്ത്തിയ എല്ലാ മഹാമാരികൾ കീഴ്പ്പെടുത്തിയ വൈദ്യശാസ്ത്രം എന്ന അശ്വം അതിന്റെ ദുർഘടമായ പാത പിന്നിട്ട് ഇനിയും മുന്നോട്ട് കുതിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം....... ശ്രീഹരി. എ, ക്ലാസ് :XI.A, വിവേകോദയം ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, തൃശ്ശൂർ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തൃശ്ശൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ