ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/ജീവന് വേണ്ടി ഒന്നിച്ച് പോരാടാം
ജീവന് വേണ്ടി ഒന്നിച്ച് പോരാടാം
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് കൊറോണ വൈറസ് രോഗബാധ മൂലം ഈ നൂറ്റാണ്ടി'ൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകമാകെ ഇതുവരെ ഏതാണ്ട് 2 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും 28 ലക്ഷത്തിലേറെ പേർക്ക് പുതിയ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് മാസങ്ങൾക്ക് മുൻപ് ഈ മഹാമാരി ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് ലോകമാകെ 200 ൽ പരം രാജ്യങ്ങളിലേക്ക് ഇത് പടർന്നുകഴിഞ്ഞു. പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് രോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ ; കടുത്ത ന്യൂമോണിയയും പതിയെ വൃക്കകൾ തകരാറിലാവുന്നതും രോഗിയെ മരണത്തിലേക്ക് നയിക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിലൂടെയും മൂക്കിലൂടെയും പുറത്തേക്ക് വരുന്ന അതിസൂക്ഷ്മമായ സ്രവങ്ങളിലൂടെയും രോഗിയുടെ സ്രവങ്ങൾ കൈകൊണ്ട് സ്പർശിക്കുന്നത് മൂലവും രോഗം അതിവേഗം മറ്റുള്ളവരിലേക്ക് പടരുന്നു. കൈകൾ അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നതിലൂടെയും മുഖാവരണം ധരിക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും മാത്രമേ ഈ രോഗത്തിന്റെ ആക്രമണത്തെ ചെറുക്കാൻ കഴിയുകയുള്ളൂ. സാധാരണയായി ദരിദ്രരാജ്യങ്ങളിലാണ് മാരകമായ മഹാമാരികൾ വരാറുള്ളത് എന്നാൽ കോവിഡ് - 19 എന്ന് നാമകരണം ചെയ്ത ഈ മഹാമാരി സമ്പന്നത കൊണ്ടും വൈദ്യശാസ്ത്ര മേഖലയിലേയും മറ്റ് മേഖലകളിലേയും പുരോഗതി കൊണ്ടും മുന്നണിയിൽ നിൽക്കുന്ന രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് ,ഇറ്റലി തുടങ്ങിയ വികസിത രാജ്യങ്ങളെയും മറ്റ് ദരിദ്ര, വികസ്വര രാജ്യങ്ങളെയും ഒരു പോലെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ഈ രോഗത്തിന് ഇത് വരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എങ്കിലും ആശയ്ക്ക് വക നൽകുന്ന വിധത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിരോധ മരുന്ന് വികസിപ്പിച്ചു കൊണ്ടിരിക്കുന്നതായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ലോകം ഒന്നടങ്കം മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ ചെറുക്കുന്നതിനായി സമ്പൂർണ്ണ അടച്ചു പൂട്ടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ച് കർശനമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഈ രോഗത്തിന്റെ ഭീഷണി വളരെ നാൾ നീണ്ടു നിൽക്കുമെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകുന്നു. വളരെക്കുറച്ച് രോഗം റിപ്പോർട്ട് ചെയ്ത കാലയളവിൽ തന്നെ വൻ വിപത്ത് മുന്നിൽ കണ്ട് കൊണ്ട് നമ്മുടെ രാജ്യവും ലോക്ക്ഡൗൺ രാജ്യമൊട്ടാകെ നടപ്പിലാക്കിയിരിക്കുന്നു. രാജ്യത്ത് ഭക്ഷ്യദൗർലഭ്യം ഇല്ലാതിരിക്കാൻ വേണ്ട കരുതൽ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ അവസരത്തിൽ സ്വീകരിച്ച് വരുന്നു. ആയിരക്കണക്കിന് ആതുര ശുശ്രൂഷകരും സന്നദ്ധ പ്രവർത്തകരും വിവിധ സർക്കാർ ഏജൻസികളും ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും എന്നെന്നേക്കുമായി നിർമ്മാർജ്ജനം ചെയ്യുന്നതിന് അഹോരാത്രം കഠിന പ്രവർത്തനം ചെയ്ത് വരുന്നു. അവർക്ക് ആശംസകൾ നേർന്നു കൊണ്ട് ജീവന്റെ നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ അവരോടൊപ്പം നമുക്കും പങ്കുചേരാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ