ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/ഒരു മടിച്ചിയുടെ ലോക്ക്ഡൗൺ കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മടിച്ചിയുടെ ലോക്ക്ഡൗൺ കുറിപ്പുകൾ...

മാർച്ച് 20 വെള്ളി, തലേദിവസത്തെ പരീക്ഷയുടെ ക്ഷീണത്തിൽ വൈകി ഉണർന്ന് വൈകി പഠിച്ചു തുടങ്ങി. 12 മണിയായപ്പോൾ അകത്ത് റേഡിയോയിലെ അനന്തപുരി FM-ലെ പ്രധാന വാർത്തകൾ കേൾക്കാം എന്ന് കരുതി ചെന്നിരുന്നു. വാർത്തകൾ ഓരോന്നായി പറഞ്ഞു പോയപ്പോൾ അതാ വരുന്നു അതിശയിപ്പിച്ചുകൊണ്ട് ഒരു വാർത്ത., 2020 എസ്എസ്എൽസി-പ്ലസ്ടു ഇനി നടക്കാനിരിക്കുന്ന പരീക്ഷകൾ മാർച്ച് 31 വരെ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പത്താം ക്ലാസിലെ 3 പരീക്ഷകൾക്കൂടി എഴുതാൻ ബാക്കിയുണ്ടായിരുന്ന ഞാൻ ഈ വാർത്ത കേട്ട് തുള്ളിച്ചാടി, ആഹ്ലാദിച്ചു. പഠിക്കാൻ കുറച്ചുനാൾ കൂടി കിട്ടുമല്ലോ എന്ന് സന്തോഷിച്ചു. അപ്പോഴാണ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പിറകെ അടുത്ത വാർത്ത വരുന്നത്, കോവിഡ്-19 വ്യാപന ഭീഷണിയെത്തുടർന്ന് മാർച്ച് 24 മുതൽ മൂന്ന് ആഴ്ചത്തേക്ക് ഇന്ത്യ മുഴുവൻ ലോക്ക്ഡൗൺ ചെയ്യപ്പെടുന്നു. അതായത് 2020 ഏപ്രിൽ 14 വരെ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇനി എന്ത് ചെയ്യാം എന്നായിരുന്നു ചിന്ത. പല പദ്ധതികൾ മനസ്സിൽ ഉണ്ടായിത്തുടങ്ങി, ടിവി കാണാനും കളിക്കാനുമൊക്കെ ഒരുപാട് സമയം കിട്ടുമല്ലോ... ഒപ്പം എല്ലാം ഒന്നു കൂടി പഠിക്കാമല്ലോ... അങ്ങനെയെല്ലാം ചിന്തിച്ചു തീരുമാനിച്ചു. പക്ഷേ സത്യം പറയണമല്ലോ, പഠനം ഒഴികെ ബാക്കി എല്ലാം നടന്നു. രാത്രിയിൽ സിനിമകൾ കണ്ടു, ടിവിയിലെ സിനിമകളും കണ്ടു. അതുകൂടാതെ അച്ഛനും അമ്മയും അമ്മൂമ്മയും ഒക്കെ പണ്ട് ദൂരദർശനിൽ കണ്ടിരുന്ന രാമായണവും മഹാഭാരതവുമൊക്കെ തിരികെ വരുന്നു എന്ന വാർത്ത അറിഞ്ഞു. എന്നാൽ പിന്നെ അത് കാണാതിരിക്കാൻ പറ്റുമോ...? അങ്ങനെ ഡി.ഡി നാഷണലിലും, ഡി.ഡി ഭാരതിയിലുമായി പഴയ രാമായണവും, മഹാഭാരതവും ഒപ്പം മുകേഷ് ഖന്നയുടെ ശക്തിമാനുമൊക്കെ കാണാൻ തുടങ്ങി., പിന്നെ വർഷങ്ങളായി കളിച്ചു പഠിക്കാൻ ആഗ്രഹിച്ചിരുന്ന ബാറ്റ്മിൻറൻ കളിച്ചു പഠിച്ചു. ഒപ്പം പത്രങ്ങളിൽ വരുന്ന സുഡോക്കുകളെല്ലാം ചെയ്യാൻ തുടങ്ങി. പുറത്തൊന്നും ഇറങ്ങുന്നില്ല, അപ്പോൾ പിന്നെ ചില അടുക്കള പരീക്ഷണവും ആകാമല്ലോ., പരീക്ഷിച്ചു, ഒന്നും പരാജയപ്പെട്ടിട്ടില്ല., വിജയിക്കുക തന്നെ ചെയ്തു. പുറത്തിറങ്ങുന്നില്ല എന്നു കരുതി എല്ലാവരിലും നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലല്ലോ.... അതിനല്ലേ മൊബൈൽ ഫോൺ. ഫോൺ കോളുകളുടെ എണ്ണവും, ഫോൺകോളുകളുടെ ദൈർഘ്യവും അങ്ങനെ നീണ്ടു നീണ്ടു പോയി. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് മൈക്രോഗ്രീൻ കൃഷി തുടങ്ങിയത്. ആദ്യമായതുകൊണ്ട് ഉലുവയും പയറും മാത്രമേ കൃഷിക്കായി ഉപയോഗിച്ചുള്ളൂ. കൃഷിക്കായി ടിഷ്യൂപേപ്പറും, മണ്ണുമെല്ലാം ഉപയോഗിച്ചു. പയർ പെട്ടെന്ന് വളർന്നു. നമ്മൾ നടുന്ന ഓരോ സാധനവും ഇങ്ങനെ വളർന്നു വരുന്നതും ഇല വരുന്നതും കാണാൻ എന്ത് രസമാണ്! സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നും ഇടയ്ക്കു മാത്രം മുതിർന്നവർ അതായത് അച്ഛൻ അല്ലെങ്കിൽ അച്ഛനും അമ്മയും പോകും- ആഴ്ചയിലൊരിക്കൽ. ആവശ്യമുള്ളതെല്ലാം ഒന്നിച്ച് വാങ്ങിക്കൊണ്ടുവരും. വന്നാലുടൻ ആദ്യ ചടങ്ങ് ഹാൻഡ് വാഷ് ഉപയോഗിച്ചുള്ള കൈകഴുകൽ... പിന്നെ നേരെ പോയി കുളിച്ച്, പുറത്തുപോയവർ ധരിച്ച വസ്ത്രങ്ങൾ കഴുകി വരിക...കൊണ്ടുവന്ന സാധനങ്ങളും മൊബൈലുമൊക്കെ ശുചിയാക്കുന്നത് എൻറെ ജോലിയാണ്... അങ്ങനെ ഇരിക്കുമ്പോഴാണ് ഏപ്രിൽ 13 ആകുന്നത്... നാളെ വിഷുവാണ്, അങ്ങനെ വിട്ടുകളയാൻ പറ്റുമോ? വീട്ടിലുണ്ടായിരുന്ന പച്ചക്കറികളും ചുറ്റുവട്ടത്ത് നിന്ന് കിട്ടിയ മാങ്ങ, കൈതച്ചക്ക തുടങ്ങിയവ ഒക്കെ ഉപയോഗിച്ച് അതിനോടൊപ്പം കൊന്ന മരത്തിൽ ബാക്കിയുണ്ടായിരുന്ന 2 കുല കൊന്ന പൂവും കൊണ്ട് കണിയൊരുക്കി... വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് പായസം റെഡി... അന്ന്, ഏപ്രിൽ 14നാണ് ലോക്ക്ഡൗൺ അവസാനിക്കേണ്ടത്. എന്നാൽ രാവിലെ 10 മണിക്കുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ ലോക്ക്ഡൗൺ പിന്നെയും നീട്ടി എന്ന അറിയിപ്പുണ്ടായി- മെയ് മൂന്നു വരെ- ഇനിയും 19 ദിവസങ്ങൾ. കൃഷിയും പരീക്ഷണവും രാമായണവും മഹാഭാരതവും ശക്തിമാനും ബാറ്റ്മിൻറനുമൊക്കെ ഇനിയും തുടരാം.... ഈ ലോക്ക്ഡൗൺ കാലത്താണെൻറെ ജന്മദിനം...എന്തായാലും ഈ പിറന്നാൾ എനിക്ക് ഒരു വേറിട്ട അനുഭവം ആയിരിക്കും...ഉറപ്പാണ് ... ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങൾ... വ്യക്തിപരമായി ഞാൻ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ചുറ്റുമുള്ള ലോകം പോരാടുകയാണ്- കോവിഡ്-19 എന്ന മഹാമാരിയെ തുരത്താൻ...നമ്മൾ ഇതിൽ വിജയിക്കുമെന്നെനിക്ക് ഉറപ്പുണ്ട്....ഭരണകൂടങ്ങളും ആരോഗ്യപ്രവർത്തകരും പോലീസുമെല്ലാം രാവും പകലും അദ്ധ്വാനിക്കുന്നതിന് വൈകാതെ ഫലമുണ്ടാകും. നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് അവരോട് സഹകരിക്കാം.... ഏതായാലും ഈ ഒരു അവസരം വ്യത്യസ്തമായ രീതിയിൽ ഉപയോഗപ്പെടുത്താൻ എനിക്ക് കഴിഞ്ഞു എന്നത് ഇവിടെ കുറിക്കുന്നതിൽ ഈ മടിച്ചിക്ക് വളരെയധികം സന്തോഷമുണ്ട്...

ഉത്തര ഉണ്ണി
10 D ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം