സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/" ജോയൽമോന്റെ പിറന്നാൾ സമ്മാനം ..."

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=" ജോയൽമോന്റെ പിറന്നാൾ സമ്മാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
" ജോയൽമോന്റെ പിറന്നാൾ സമ്മാനം ..."

പട്ടണത്തിനടുത്തുള്ള കൊച്ചുവീട്ടിൽ വല്യപ്പച്ചനോടും വല്യമ്മച്ചിയോടുമൊപ്പമാണ് ജോയൽമോൻ താമസിക്കുന്നത്. അവൻ കുഞ്ഞായിരുന്നപ്പോ അവന്റെ അമ്മ കാൻസർ വന്നു മരിച്ചുപോയി .ചികിൽസിക്കാൻ ഒരുപാട് കാശ് ചെലവായി .കടം വീട്ടാൻ ഒരു വഴിയും കാണാതിരിക്കുമ്പോഴാണ് ഒരു കൂട്ടുകാരൻ ജോയലിന്റെ അപ്പക്ക് വിദേശത്തൊരു ജോലി ശരിയാക്കികൊടുത്തത് .രണ്ടുവർഷമായി പോയിട്ട്. അടുത്തമാസം ജോയൽമോന്റെ പിറന്നാളാണ് .അന്ന് കൈനിറയെ സമ്മാനവുമായി അപ്പ വരുന്നതും നോക്കിയിരിക്കുവാണ് കുഞ്ഞുജോയൽ . "വല്യമ്മച്ചീ ....അപ്പ എവിടെ..?" രാവിലെ എഴുന്നേറ്റുവന്നതെ ജോയൽമോൻ തിരക്കി.. "അപ്പയോ... അപ്പ വന്നില്ലല്ലോ .."വല്യമ്മച്ചി പറഞ്ഞു. "ഇല്ല.. വല്യമ്മച്ചി കള്ളംപറയുവാ... ഞാൻ കണ്ടല്ലോ അപ്പ വന്നത്. എനിക്ക് കളിപ്പാട്ടങ്ങളും മിറായീം ഒക്കെയുണ്ടാരുന്നു..." ജോയൽമോൻ ചിണുങ്ങി . "മോൻ സ്വപ്നം കണ്ടതാരിക്കും ...." വല്യമ്മച്ചി അവനെ ആശ്വസിപ്പിച്ചു . "ആണോ ... ഞാനോർത്തു ശരിക്കും അപ്പ വന്നാരിക്കൂന്നു .."അവനു സങ്കടമായി. "സാരമില്ല... മോൻ വേഗം പല്ലുതേച്ചിട്ടുവാ വല്യമ്മച്ചി കാപ്പി എടുത്തുവെക്കാം ..." വല്യമ്മച്ചി അവനെ ആശ്വസിപ്പിച്ചു. " ഇന്ന് സ്‌കൂളുണ്ടോ വല്യമ്മച്ചീ..?" "ഇല്ല മോനെ രണ്ടുദിവസോംകൂടി സ്‌കൂൾ അവധിയാണെന്നാ ന്യൂസിൽ പറഞ്ഞത്.." "അതെന്തിനാ വല്യമ്മച്ചി അവധി തന്നേക്കുന്നെ..?" "അതോ... കൊറോണ എന്നുപേരുള്ള പനി എല്ലാടത്തും പടർന്നുപിടിക്കുന്നുണ്ടെന്ന് ... " "അതിനു സ്‌കൂളിന് അവധി കൊടുക്കുന്നതെന്തിനാ..?" "കുട്ടികൾക്കു വേഗം രോഗം വരില്ലേ ... അതുകൊണ്ടു കുട്ടികൾ സുരക്ഷിതരായി വീട്ടിലിരിക്കാൻ വേണ്ടിയാണു അവധി തന്നത്.." "വീട്ടിലിരുന്നാ കൊറോണ വരൂല്ലേ... ഞാൻ വീട്ടിലിരിക്കുമ്പോഴും എനിക്ക് പനി വരാറുണ്ടല്ലോ..." "ഇത് വേറൊരുതരം പനിയാമോനെ ... ഇത് പുറത്തിറങ്ങിയാലെ പിടിക്കൂ..." "വല്യപ്പച്ചനെന്ത്യേ ...?" "വല്യപ്പച്ചൻ പശുവിനെ ഇറക്കികെട്ടാൻപോയി .. വേഗം കാപ്പി കുടിച്ചിട്ട് മോനുംചെല്ലു . കുഞ്ഞിക്കിടാവ് നിന്നെ തിരക്കുന്നുണ്ടാവും." ജോയൽമോൻ തൊടിയിലേക്കോടി... വല്യപ്പച്ചനൊപ്പം പശുവിനെ കെട്ടാനും കുഞ്ഞിക്കിടാവിനൊപ്പം കളിക്കാനുമൊക്കെ നടന്നിട്ടു വീട്ടിനകത്തെത്തീപ്പൊ ഉച്ചയാകാറായി ... വല്യമ്മച്ചിയുടെ മുഖമെന്താ മാറിയിരിക്കുന്നെ , ഇത്രേം നേരം ഞാൻ വെളിയിൽ കളിചിട്ടാരിക്കുവോ ജോയൽമോൻ ഓർത്തു. വല്യമ്മച്ചീന്ന് വിളിച്ചിട്ടും മൈൻഡ്‌ചെയുന്നില്ലല്ലോ .. "മോൻ പോയി ടി വി കണ്ടോ..." ജോയൽമോന്റെ മുഖത്തുനോക്കാതെ വല്യമ്മച്ചി പറഞ്ഞു.. "ഹായ്.... എന്റെ ചക്കര വല്യമ്മച്ചി...."വല്യമ്മച്ചിയെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തിട്ടു ജോയൽമോൻ അകത്തേക്കോടി... വല്യമ്മച്ചി വല്യപ്പച്ചനോട് എന്തോ രഹസ്യം പറയുന്നുണ്ട് ..ഇടക്കിടക്ക് കണ്ണുതുടക്കുന്നുമുണ്ടല്ലോ ... ഇനി ഇന്നാളത്തെപ്പോലെ വല്യമ്മച്ചി വീണ്ടും ചില്ലുപാത്രം പൊട്ടിച്ചാരിക്കും . വല്യപ്പച്ചനോട് വഴക്കുപറയല്ലെന്ന് പറയുവാരിക്കും. "വല്യമ്മച്ചീ... ചോറുതരാവോ....?" ജോയൽമോൻ ചോദിച്ചു. സമയം ഒരുപാടായെന്നു അപ്പോഴാണ് വല്യമ്മച്ചി ഓർത്തത്. ചോറുരുള ഉരുട്ടി ജോയൽമോന്റെ വയിൽവച്ചുകൊടുക്കുമ്പോ വല്യമ്മച്ചീടെ കണ്ണ് നിറഞ്ഞു. "വല്യമ്മച്ചി കരയുവാണോ .... വീണ്ടും വല്യപ്പച്ചൻ വഴക്കുപറഞ്ഞോ...? സാരമില്ലാട്ടോ... അപ്പ വരുമ്പോ ഞാൻ പറഞ്ഞുകൊടുക്കും ഈ വല്യപ്പച്ചൻ എപ്പോഴും വല്യമ്മച്ചിയെ വഴക്കുപറയുന്ന് ..... "ജോയൽമോൻ വല്യമ്മച്ചീടെ കണ്ണുതുടച്ചു. "അപ്പ വരാൻ ഇനി എത്ര ദിവസമുണ്ട് വല്യമ്മച്ചീ...."ജോയൽമോൻ ചോദിച്ചു. വല്യമ്മച്ചീടെ കണ്ണ് വീണ്ടും നിറഞ്ഞുവന്നു .... "അപ്പ..... അപ്പ... ഇത്തവണ വരില്ല മോനെ...." വല്യമ്മച്ചി കരഞ്ഞുകൊണ്ടുപറഞ്ഞു. "വല്യമ്മച്ചി എന്നെ പറ്റിക്കുവാ .... അപ്പ വരൂന്ന് എനിക്കറിയാല്ലോ....എനിക്കിനി ചോറും വേണ്ടാ ...."വല്യമ്മച്ചീടെ കൈ തട്ടിമാറ്റി ജോയൽമോൻ കട്ടിലിലേക്കോടി....അവിടെ കിടന്നു കരഞ്ഞുകരഞ്ഞു അവനുറങ്ങിപ്പോയി... ഉറക്കത്തിൽ കൈനിറയെ സമ്മാനങ്ങളുമായി അവന്റെ അപ്പ വന്നു . അവന്റെ അപ്പ ഇനി ഒരിക്കലും വരില്ലെന്ന് അവനോടു പറയാൻപറ്റാതെ വല്യപ്പച്ചനും വല്യമ്മച്ചിയും കണ്ണുനീർ തുടച്ചു.

അലോന ജേക്കബ്
2 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ