സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക്ക്

മരണാസന്നനാണ് ഈ ഭൂമി. പാരിസ്ഥികമായി വിലയിരുത്തുമ്പോൾ ഭൂമി ഇന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചക്രശ്വാസം വലിക്കുകയാണ്. ഭൂമിയെയും അതിലെ ജീവന്റെ വൈവിധ്യത്തെയും ശരിക്ക് അറിയുന്നതിന് മുൻപുതന്നെ, ഭൂമിക്ക് ചരമശുശ്രൂഷ ചെയ്യെണ്ടി വരുമോ എന്ന ആശങ്കയാണ് ഇന്ന് ലോകമാകെ വ്യാപിക്കുന്നത്. അത്രമാത്രം ഭീഷണി ഇന്നു ഭൂമി നേരിടുന്നുണ്ട്. അതിനു കാരണം മറ്റൊന്നുമല്ല മനുഷ്യനും അവനാൽ നിർമ്മിക്കപ്പെട്ട പ്ലാസ്റ്റിക്ക് എന്ന മാരക വിഷവുമാണ്. ആധുനിക മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു വസ്തുവായി പ്ലാസ്റ്റിക്ക് മാറിയിരിക്കുന്നു. ക്യാരിബാഗുകൾ തുടങ്ങി ശൂന്യാകാശപേടകങ്ങൾ വരെ ഇന്ന് പ്ലാസ്റ്റിക്ക് ഉപയോഗിച്ചു നിർമ്മിക്കപ്പെടുന്നു. പല പ്ലാസ്റ്റിക്കുകളും മനുഷ്യനു സാങ്കേതികപരമായും വിലമതിക്കാനാകാത്ത സേവനങ്ങൾ പ്രദാനം ചെയ്യുന്നവയാണെങ്കിലും എല്ലാ പ്ലാസ്റ്റിക്കുകളും തന്നെ പാരിസ്ഥികമായി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. യാതൊരുവിധ ഭൗതിക രാസ മാറ്റങ്ങളും കൂടാതെ ദീർഘകാലം നിലനിൽക്കുന്നതിനുള്ള കഴിവാണ് പ്ലാസ്റ്റിക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇതുകൂടാതെ ചൂടോ മർദ്ദമോ ഉപയോഗിച്ച് ഇവ ഏതു രൂപത്തിലും മാറ്റിയെടുക്കാൻ സാധിക്കും. കുറഞ്ഞ വിലയും ഭാരവുമുള്ള ഇവ ഏതു സാഹചര്യത്തിലും ഉപയോഗിക്കാവുന്നതും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നയുമാണ്. ഈ പ്രത്യേകതകളെല്ലാം പ്ലാസ്റ്റിക്കിന്റെ ലോകമെമ്പാടുമുള്ള വ്യാപനത്തിന് ആക്കം കൂട്ടി. ഒരുപക്ഷെ ഇന്ന് ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വസ്തു പ്ലാസ്റ്റിക്കുകൾ ആയിരിക്കാം. ഇന്നത്തെ കാലത്തെ പലരും 'പ്ലാസ്റ്റിക്ക് യുഗം' എന്നാണ് വിശേഷിപ്പിക്കുന്നത്.

1940 – കളിലാണ് ഭാരതത്തിൽ പ്ലാസ്റ്റിക്കിന്റെ നിർമാണം ആരംഭിക്കുന്നത്. അതുവരെ നിലവിലുണ്ടായിരുന്ന പ്രകൃതിദത്ത വസ്തുക്കളുടെ ശോഷണം പ്ലാസ്റ്റിക്കിനെ ആവശ്യമാക്കി തീർക്കുകയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് ഭാരതത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക്ക് ഉത്പാദന കമ്പനി. പെട്രോ കെമിക്കൽ ഉത്പന്നങ്ങളിൽ നിന്നാണ് ഏറ്റവുമതികം പ്ലാസ്റ്റിക്കുകൾ ഉണ്ടാക്കുന്നത്. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗവും നിർമാജനവും കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമായി മാറുന്ന കാലം വിദൂരമല്ല. ജൈവവിഘടനപ്രക്രിയക്ക് വിധേയമാകുന്നില്ല എന്നു തന്നെയാണ് പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ എല്ലാം കാതൽ. പല പ്ലാസ്റ്റിക്ക് പദാർത്ഥങ്ങളുടെയും മലിനീകരണസാധ്യതകൾ ഇനിയും കണ്ടെത്തിയിട്ടു പോലുമില്ല. വിശദമായി വിശകലനം ചെയ്താൽ നൂറുകണക്കിനു പ്രശ്നങ്ങൾ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്നതായി നമ്മുക്ക് കാണാം. അലക്ഷമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ചെന്നെത്തുന്നത് ഓടകളിലും മലിനജലം ഒഴുകുന്ന ചാലുകളിലുമാണ്. ഇവ മലിനജലം കെട്ടിക്കിടക്കുന്നതിനും ചെറിയ മഴയിൽ പോലും നഗരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതിനും കാരണമാകുന്നു. മണ്ണിന്റെ സ്വാഭാവികമായ വളക്കൂറ് നഷ്ടമാകുന്നതിന് പ്ലാസ്റ്റിക്ക് കാരണമാകുന്നു. മണ്ണിന്റെ ഭൗതീക – രാസ – ജൈവ പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കാതെ വരുന്നത് മൂലമാണ് ഇത്. ചെടികൾക്കു വേരോടുന്നതിനും ജലാംശം മണ്ണിൽ നിന്നും ആകിരണം ചെയ്യുന്നതിനും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾതടസ്സമായി തീരുന്നു. ഭൂഗർഭ ജലമലിനീകരണത്തിനു വരെ പ്ലാസ്റ്റിക്ക് കാരണാമാകുന്നു.

ഉപയാഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉള്ളിൽ ചെന്ന് മൃഗങ്ങൾ ചാവുന്നത് ഇന്ന് ഒരു നിത്യസംഭവമാണ്. നമ്മുടെ സംസ്ഥാനത്തെ ചില മൃഗശാലകളിലും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കർശനമായി വിലക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നിർമാജനംചെയ്യുന്നതിനെ പറ്റി അലോചിക്കുമ്പോൾ എല്ലാവരും ആദ്യം ആലോചിക്കുന്നത് അവ കത്തിച്ചു കളയുന്നതിനെപറ്റിയാണ്. എന്നാൽ ഇത് വളരെ അപകടകരമായ പ്രവർത്തിയാണ്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ കത്തുമ്പോൾ അതിമാരകമായ സയോക്സിനുകൾ, ക്ലോറോ ബെൻസിൻ മുതലായ വാതകങ്ങൾ പുറത്തുവരും. ഇത് കാൻസറിനും പല മാരക രോഗങ്ങൾക്കും കാരണമാകും.

പ്ലാസ്റ്റിക്ക് നിരോധനം ഇന്നത്തെ സമൂഹത്തിൽ ഇത് എത്ര മാത്രം പ്രയോഗികമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, മനുഷ്യന്റെ സമസ്തമേഖലകളിലും പ്ലാസ്റ്റിക്ക് അതിന്റെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. 40 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരീബാഗുകൾ നമ്മുടെ സംസ്ഥാനത്തു കോടതി ഉത്തരവിലൂടെ നിരോധിച്ചിരിക്കുകയാണ്. ഇതിനു പകരം കടലാസ് പോലുള്ള ഉത്പ്പന്നങ്ങൾകൊണ്ടുണ്ടാക്കിയ ബാഗുകൾ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കിനു പകരമായ ഉപയോഗിക്കാവുന്ന വസ്തുക്കൾ കൂടുതൽ കണ്ടെത്തുന്നതാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനുള്ള നല്ല വഴി. പക്ഷെ, ഇത്തരം പദാർത്തങ്ങളുടെ ഗുണമേന്മയില്ലായ്മ, വൻ ഉത്പാദനചിലവ് എന്നിവ ആളുകളെ പിന്തിരിപ്പിക്കുന്നു. കേന്ദ്രീകരണ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക വഴി വേർതിരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അനുയോജ്യമായി സംസ്ക്കരിക്കുവാൻ സാധിക്കുന്നു. പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഉത്പാദകരുടെമേൽ സമ്മർദ്ദം ചെലുത്തുന്നതിന് ഗവൺമെന്റിനു കഴിയണം. പ്ലാസ്റ്റിക്ക ഉത്പ്പന്നങ്ങൾ വൻതോതിൽ ഉണ്ടാക്കുന്ന വൻകിട കമ്പനികളെ തന്നെ അവയുടെ നിർമാർജനം ഏൽപ്പിക്കുന്ന രീതി പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്. നമ്മുടെ നാട്ടിൽ ഇത് വളരെ പ്രസക്തമാണ്. എന്തെല്ലാം നിയമങ്ങൾ ഉണ്ടായാലും നമ്മുടെ മനോഹരമായ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എന്ന മഹാവിപത്തിനെതിരെ പോരാടുന്നതിന് മുന്നോട്ടിറങ്ങേണ്ടത് യഥാർത്ഥ പൗരൻമാരായ നാം തന്നെയാണ്.




ജോസി ജോസഫ്
9C സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം