ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം..

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് [[ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ര പരിസ്ഥിതി, ശുചിത്വം, രോഗപ്രത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.

പ്രകൃതിയാണ് നമ്മുടെ മാതാവ്. വളരെ സമാധാനപരമായ ഒരു ജീവിതത്തിനു വേണ്ടതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. മഴ പെയ്യുന്നു, വിളവുണ്ടാകുന്നു, വൃക്ഷങ്ങളും ചെടികളും ഒക്കെ വേഗം വളരുന്നു. നമുക്ക് കായ്കനികൾ തരുന്നു. ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതിമാതാവിനോട് നന്ദി കാണിയ്ക്കുന്നതിനു പകരം ഭൂമിയും അന്തരീക്ഷവും വെള്ളവും എല്ലാം ഏതെല്ലാം വിധത്തിൽ നശിപ്പിയ്ക്കാമോ അതെല്ലാം മനുഷ്യൻ ചെയ്യുകയാണ്. ചിന്താശേഷിയുണ്ടായിട്ടും മനുഷ്യർ തങ്ങൾക്ക് തന്നെ ആപത്തുണ്ടാക്കുന്ന പ്രവർത്തികളാണ് ചെയ്യുന്നത്.

പല രീതിയിൽ മനുഷ്യൻ പരിസ്ഥിതി മലിനമാക്കുന്നു. പരിസ്ഥിതിമലിനീകരണം മൂന്നു വിധത്തിലാകാം. വായുമലിനീകരണം, ജലമലിനീകരണം,ശബ്ദമലിനീകരണം എന്നിവയാണ് അവ. വലിയ വലിയ ഫാക്ടറികൾ സ്ഥാപിയ്ക്കുകയും നൂറുകണക്കിനാളുകൾ പണിയെടുക്കുകയും ചെയ്യുമ്പോൾ കരിയും പുകയും മറ്റു മാലിന്യങ്ങളുമാണ് വായുവിലേയ്ക് എത്തിച്ചേരുന്നത്. ഇത് ശുദ്ധവായു കിട്ടാത്ത അവസ്ഥയിലേയ്ക് എത്തിയാൽ നാം ശ്വാസംമുട്ടി മരിയ്ക്കും.

ജലമലിനീകരണത്തിലൂടെ നാം അനുഭവിയ്ക്കാൻ പോകുന്നത് മറ്റൊരു ദുരവസ്ഥയാണ്. നദീതീരങ്ങളിലും അല്ലാതെയും ധാരാളം വ്യവസായശാലകൾ പ്രവർത്തിയ്ക്കുന്നു. ഇവയെല്ലാം പുറപ്പെടുവിയ്ക്കുന്ന മാലിന്യങ്ങൾ കിണർ, കുളം,പുഴ എന്നിവയിൽ എത്തിച്ചേരുന്നു. ഇതിലേറെ ദോഷമാണ് കെട്ടിക്കിടക്കുന്ന വെള്ളം. അത് കൊതുകിനു മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. അതോടൊപ്പം മലമ്പനിയും മറ്റസുഖങ്ങളും.

മനഃസമാധാനവും ശാന്തിയും ആഗ്രഹിയ്ക്കുന്ന നമുക്ക് ശബ്ദമലിനീകരണം ഒരു വലിയ ഭീഷണിയാണ്. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങൾക്കു പുറമെ രാഷ്ട്രീയപാർട്ടികളുടെയും മറ്റും ഘോഷയാത്രകളും നമ്മുടെ നാട്ടിൽ സാധാരണമാണ്. ഒരു കാര്യം തീർച്ചയാണ്. നമ്മൾ ഈ പോക്കുപോകുകയാണെങ്കിൽ മലിനീകരണം കൊണ്ട് മാത്രം അധികം നാളുകഴിയാതെ തന്നെ മുഴുവൻ ജീവജാലങ്ങളും നശിയ്ക്കാനിടയാകും. ജലം സംരക്ഷിയ്ക്കുക, വീടും പരിസ്ഥിതിയും മലിനമാക്കാതിരിയ്കുക, ഇടയ്ക്കിടെ രോഗമുണ്ടോ എന്ന് പരിശോധിയ്ക്കുക, ഉച്ചഭാഷിണികളുടെ ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങൾ കൃത്യമായി നിരീക്ഷിയ്ക്കാമെങ്കിൽ നമുക്ക് കുറെയൊക്കെ ആശ്വാസം കണ്ടെത്താം.

ശുചിത്വം എന്നത് മനുഷ്യന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ശുചിത്വം രണ്ടുവിധമുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും. വ്യക്തിശുചിത്വത്തിൽ മനുഷ്യൻ തന്നെത്തന്നെ വൃത്തിയായി സൂക്ഷിയ്ക്കണം. ദിവസവും കുളിയ്ക്കുക, കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക,നഖങ്ങൾ വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിയ്ക്കുക എന്നിവയാണ് വ്യക്തിശുചിത്വത്തിൽ നാം പാലിയ്ക്കേണ്ട കാര്യങ്ങൾ. പരിസരശുചിത്വത്തിൽ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക. പ്ലാസ്റ്റിക്കുകളും മറ്റു ചപ്പുചവറുകളും വലിച്ചെറിയരുത്. വെള്ളം കെട്ടിക്കിടക്കുന്നത് തടയുക. ഇവയെല്ലാം നടപ്പാക്കികൊണ്ടു നമുക്ക് പരിസരശുചിത്വം പാലിയ്ക്കാം. നാം ശുചിത്വം പാലിച്ചാൽ പലവിധരോഗങ്ങളിൽ നിന്നും മുക്തരാകാം.

ഇപ്പോൾ നാം വളരെ വലിയ ഒരു പ്രതിസന്ധി നേരിടുകയാണ്. കോവിഡ് 19 വൈറസ് പരത്തുന്ന കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ലോകം ഇന്ന്. ഈ രോഗം പിടിപെട്ടു ഒരുപാട് മനുഷ്യജീവനുകൾ അകാലത്തിൽ പൊലിഞ്ഞു. ഈ രോഗത്തെ അതിജീവിയ്ക്കാൻ വേണ്ടി നമ്മുടെ കേരളസർക്കാർ നിരവധി നടപടികൾ എടുക്കുന്നുണ്ട്. ഈ മഹാവ്യാധിയെ അതിജീവിയ്ക്കാൻ നാം ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിയ്ക്കണം. മാത്രമല്ല, നമ്മളാൽകഴിയുന്ന രോഗപ്രതിരോധമാർഗ്ഗങ്ങളും സ്വീകരിയ്ക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ നന്നായി കഴുകണം. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിയ്ക്കണം. യാത്ര ചെയ്യേണ്ടിവന്നാൽ മാസ്ക് ധരിയ്ക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായയും പൊത്തുക. രോഗികളുമായി സമ്പർക്കം പുലർത്താതിരിയ്കുക. ഇവയെല്ലാം ശ്രദ്ധിച്ചാൽ കൊറോണ എന്ന ഭീകരനെ നമുക്ക് നേരിടാം.

അല്ലു അനു
6 B ഗവ: ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം