എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/അവസാനത്തെ ചുംബനം

Schoolwiki സംരംഭത്തിൽ നിന്ന്
  അവസാനത്തെ ചുംബനം   


പുറത്ത്  കാറിന്റെ ശബ്ദം കേട്ട ആ വൃദ്ധ അതിയായി സന്തോഷിച്ചു. കുറേ വർഷങ്ങൾക്കു ശേഷം തന്റെ മകൻ തന്നെ കാണാൻ വന്നിരിക്കുന്നു. മകന്റെ കത്ത് കണ്ടതു മുതൽ മകനെ കാണാനുള്ള ആകാംഷയിലാണ് ആ വൃദ്ധ. അവർ ആ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ആഗ്രഹിച്ചു. പക്ഷേ, ഒരു വശം തളർന്നു പോയ ആ പാവത്തിന്‌ അതിനെങ്ങനെ കഴിയും.അവർ നിസഹായതയോടെ കണ്ണുകൾ അടച്ചു.
"അമ്മേ"
വർഷങ്ങൾക്കു ശേഷം തന്റെ മകന്റെ ആ വിളി കേട്ടതിന്റെ സന്തോഷത്തിൽ ആ അമ്മ കണ്ണു തുറന്ന് നോക്കി.വാതിൽക്കൽ അമ്മയെ നോക്കി നിൽക്കുന്ന മകനെ അവർ കണ്ടു.
"വാ മോനെ........ അമ്മയുടെ അടുത്തേക്ക് വാ..............."
വാത്സല്യം തുളുമ്പുന്ന അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആ മകൻ അറിയാതെ തന്റെ കുട്ടിക്കാലം ഓർത്തു പോയി.
"വാ മോനെ........ അമ്മയുടെ അടുത്തേക്ക് വാ..............."
അഞ്ച് വയസ്സ് മാത്രമുള്ള ആ മകൻ ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ചു. അമ്മ അവനെ വാരിയെടുത്ത് നെറുകയിൽ ചുംബിച്ചു.
" നീ എന്താ അവിടെ തന്നെ നിൽക്കുന്നത് ?എന്റെ അടുത്തേക്കു വാ...."
അമ്മയുടെ ശബ്ദം കേട്ട മകൻ ഒരു സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റപോലെ ചുറ്റും നോക്കി. എന്നിട്ടയാൾ അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു. ചുളുവു ബാധിച്ച അമ്മയുടെ കൈ തന്റെ കൈയ്യിൽ എടുത്തു ചുംബിച്ചു.
" എന്നോട് ക്ഷമിക്കൂ അമ്മേ......... ഞാൻ ഒരു നല്ല മകൻ അല്ല...... അച്ഛൻ പോയ ശേഷം എത്ര കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്. എന്നാൽ ഞാൻ എന്താ അമ്മയോട് ചെയ്തത്...........അമ്മ തന്ന വിദ്യാഭ്യാസം കൊണ്ട് ഒരു ജോലി കിട്ടിയപ്പോ അമ്മയെ ഇവിടെ ഒറ്റക്കാക്കിയിട്ട് ഞാൻ പോയി. ഇത്രയും വർഷം അമ്മയെ തിരിഞ്ഞു പോലും നോക്കിയില്ല. അമ്മയ്ക്ക് ഇങ്ങനെയൊരു ആപത്ത് ഉണ്ടായി എന്നു പോലും ഇവിടെ വന്നപ്പോൾ നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. "
" അതിനൊന്നും കുഴപ്പമില്ല മോനെ, നീ എന്നെ കാണാൻ വന്നല്ലോ; അമ്മയ്ക്ക് അത് മതി മോനെ."
മകന്റെ കണ്ണുകൾ നിറഞ്ഞു. കുറ്റബോധത്തോടെ അയാൾ തല കുനിച്ചു.
" എന്നോട് ക്ഷമിക്കൂ അമ്മേ. അമ്മ കരുതുന്നതു പോലെ ഞാൻ അമ്മയെ കാണാൻ വന്നതല്ല................. കുറച്ചു കാശിന്റെ ആവശ്യം വന്നപ്പോൾ നമ്മുടെ ഈ വീടും പറമ്പും വിൽക്കാൻ വന്നതാണ്. എന്നിട്ട് അമ്മയെ ഏതെങ്കിലും വൃദ്ധസദനത്തിൽ ചേർക്കാം എന്നു കരുതി. "
അയാൾ സ്വയം ലജ്ജ തോന്നി. അയാൾ മനസ്സിൽ സ്വയം ശപിച്ചു.അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.
"മോനെ, ഞാൻ കഷ്ടപ്പെട്ട് ഇതെല്ലാം ഉണ്ടാക്കിയത് നിനക്കു വേണ്ടിയാണ്. നിനക്ക് ഒരിക്കലും കാശിനു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഞാൻ എന്റെ ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ടത്.നിനക്ക് ഇതെല്ലാം വിൽക്കണമെങ്കിൽ നീ വിറ്റോളൂ ........ നിനക്ക് തരാൻ ഇനി എന്റെ കൈയ്യിൽ ഇതു മാത്രമേ ഉളളു. ഈ വീടും പറമ്പുമാണ് അമ്മ നിനക്കു തരുന്ന അവസാനത്തെ സമ്മാനം."
അമ്മ മകനെ നോക്കി പുഞ്ചിരിച്ചു. കുറ്റബോധത്തിന്റെ ഉമിതീയിൽ അയാൾ വെന്തുരുകി.
"അമ്മേ എനിക്ക് ഒരു അവസരം കൂടി തരണം അമ്മയെ സ്നേഹിക്കാനും സംരക്ഷിക്കാനും."
ആ അമ്മയും മകനും മുഖാമുഖം നോക്കി കരഞ്ഞു. മകൻ അമ്മയെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബിച്ചു. അതായിരുന്നു അയാൾ തന്റെ അമ്മയ്ക്കു നൽകുന്ന ആദ്യത്തെ ചുംബനം. പക്ഷേ, താൻ അമ്മയ്ക്ക് നൽകുന്ന അവസാനത്തെ ചുംബനവും അതായിരിക്കുമെന്ന് അയാൾ കരുതിയില്ല.



 

ഗോപിക പി
പ്ലസ് വൺ സയൻസ് എൻ എസ് എസ് എച് എസ് എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ