ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ ശുചിത്വം ലോകരക്ഷക്ക്.

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ലോകരക്ഷക്ക്

2020 പിറന്നപ്പോൾ മാർച്ച് മാസത്തിലെ വർഷാവസാന പരീക്ഷയെക്കുറിച്ചായിരുന്നു പേടി മുഴുവൻ. എന്നെക്കാൾ പേടിയായിരുന്നു അമ്മയ്ക്കെന്ന് തോന്നും അമ്മയുടെ പെരുമാറ്റം കണ്ടാൽ. അച്ഛനും പഠിക്കാൻ ഇടയ്ക്കൊക്കെ നിർബന്ധിക്കാറുണ്ട്. ഒരു വിധം ധൈര്യത്തോടെ പരീക്ഷയെ കാത്ത് ഞാൻ തയ്യാറായിരുന്നു. പാപ്പൻ ഇടയ്ക്കൊക്കെ കൊണ്ടുവരുന്ന പത്രം ഞാൻ വായിക്കാറുണ്ട്. ഒരു ദിവസത്തെ വായനക്കിടയിൽ ചൈനയിൽ പുതിയ ഒരു അസുഖം ഉടലെടുത്തിരിക്കുന്നത് ഞാൻ അറിഞ്ഞു

പല രാജ്യങ്ങളിലേയും ഭരണാധികാരികൾക്കുവരെ രോഗം പിടിപെടുന്നതായുള്ള വാർത്തകൾ വന്നു തുടങ്ങി. നമ്മുടെ ഭാരത സർക്കാർ ഇതിനെക്കുറിച്ച് പഠിക്കാനും ജനങ്ങൾക്ക് ധൈര്യം പകരാനുമുള്ള ശ്രമങ്ങൾ തുടങ്ങി. ഈ അസുഖത്തിന് പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും നമ്മുടെ ആരോഗ്യ വകുപ്പ് ഇതിന്റെ കാരണവും തടയാനുള്ള മാർഗങ്ങളും അറിയിക്കാൻ തുടങ്ങി. ജനങ്ങൾ തമ്മിൽ അകലം പാലിക്കു ക എന്നതാണ് ഈ രോഗത്തിനെതിരെ നാം എടുക്കേണ്ട പ്രധാന കാര്യം. മാർച്ച് 22-ാം തീയ്യതി ഭരതത്തിലെ എല്ലാ ജനങ്ങളോടും വീടുകളിൽ ഒതുങ്ങിക്കൂടി ജനത കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. 130 കോടി യിലധികം ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് ഈ അസുഖത്തെ അകറ്റി നിർത്താൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടാക്കാൻ ഭരണകർത്താക്കൾ ശ്രമിക്കുന്നുണ്ട്. പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നും പുറത്തുപോയി വന്നാൽ ഉടനെ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണമെന്നുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ടി.വി.യിലൂടെയും പത്രങ്ങളിലൂടെയുമൊക്കെ നടക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി നമ്മിൽ വലിയ ശുചിത്വ ബോധമുണ്ടായി. സ്ക്കുളുകൾ അടച്ചുവെന്നും പരീക്ഷകൾ മാറ്റിയെന്നുമുള്ള വാർത്തകൾ അൽപം വിഷമമുണ്ടാക്കിയെങ്കിലും നമ്മുടെ നാട്ടിലെ രോഗ പ്രതിരോധത്തിനായതിനാൽ സന്തോഷവുമുണ്ടായി. ഇതിനിടയിൽ 21 ദിവസത്തെ ലോക്ക് ഡൗൺ എന്ന നമുക്ക് പരിചയമില്ലാത്ത ഒരു പദ്ധതിയും നടപ്പിലായി. അച്ഛനും പാപ്പനും പുറത്തു പോയി വന്നാൽ കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കുന്നതു കണ്ടപ്പോൾ ഞങ്ങളും അതു പോലെ ചെയ്യാൻ തുടങ്ങി. ഇത് കണ്ടപ്പോൾ അച്ഛമ്മ പറഞ്ഞു," ഞങ്ങളുടെ കാലത്ത് പുറത്തുപോയി വന്നാൽ, ചവിട്ടുപടിയിൽ വച്ചിരുന്ന കിണ്ടിയിലെ വെള്ളം ഉപയോഗിച്ച് കൈകാലുകൾ വൃത്തിയാക്കുമായിരുന്നു. അത്തരം ശീലങ്ങൾ ഒഴിവാക്കിയപ്പോൾ ഉണ്ടായ ശുചിത്വമില്ലായ്മയിൽ നിന്നാണ് ഇത്തരം പുതിയ പ്രശ്നങ്ങൾ ഉണ്ടാവുന്നത്." നാമോരോരുത്തരും ശുചിത്വമുള്ളവരായാൽ നമ്മുടെ കുടുംബത്തിലും ശുചിത്വമുണ്ടാവും. അതിലൂടെ നമ്മുടെ രാഷ്ട്രത്തെയും ലോകത്തെയും ശുചിത്യമുള്ളതാക്കാൻ നമുക്ക് കഴിയും. അങ്ങനെ കൊറോണയെന്ന മഹാവിപത്തിനെ ഈ ഭൂമുഖത്തു നിന്ന് കെട്ടുകെട്ടിക്കാൻ നമുക്കാകും എന്ന് പ്രതീക്ഷിക്കാം.


ആർദ്ര കെ.വി
5 A ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം