സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/പ്രകൃതിയുടെ കരുതൽ
പ്രകൃതിയുടെ കരുതൽ
മഴയായും കുളിരായും പശിമാറ്റും പഴമായും ഉയിരിന് കാവലാളായും തണലേകും മരമായും നമ്മോട് ചേർന്നുനിൽക്കുകയാണ് നമ്മുടെ ആവാസവ്യവസ്ഥയുടെ അടിത്തറയായ പരിസ്ഥിതി.ജീവന്റെ തുടിപ്പ് നമ്മളിൽ നിലനിൽക്കുന്നതിന്റെ ഉത്തമ ഉദാഹരണം.നമ്മിൽ ജീവൻ നിലനിൽക്കുന്നതിനായി തന്റെ ജീവിതം തന്നെ ഹോമിച്ചിട്ടും നമ്മുടെ നീചപ്രവൃത്തികളിൽ വെന്ത് വെണ്ണീരാവുകയാണ് നമുക്കായ് പ്രകൃതി. പ്രാചീന കാലത്തെ മനുഷ്യൻ മരങ്ങളെയും പ്രകൃതിയെയും ദൈവീകമായി കണക്കാക്കിയിരുന്നു എന്ന് വേദങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.എന്നാൽ ആധുനിക മനുഷ്യൻ പരിസ്ഥിതിയിൽ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്.പ്രാചീന മനുഷ്യന്റെ സങ്കൽപ്പങ്ങളെ അവൻ പാടെ തിരസ്കരിച്ചിരിക്കുന്നു.ശാസ്ത്രീയമായ വളർച്ചയുടെ പടികൾ കയറുമ്പോൾ പരിസ്ഥിതിക്ക് അനുയോജ്യമായ ഒരു ജീവിതം പടുത്തുയർത്തുന്നതിൽ അവൻ പരാജയപ്പെട്ടു.രാഷ്ട്രങ്ങൾ തമ്മിൽ ശാസ്ത്രകണ്ടുപിടുത്തത്തി ഇനിയും അവസാനിച്ചിട്ടില്ല.തിരിച്ചറിവിന്റെ വറ്റാത്ത ഉറവ ഒരല്പമെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ നാം മനസ്സിലാക്കുക നാം നശിപ്പിക്കുന്നത് നമ്മെ തന്നെയാണെന്ന്.കാടും പുഴയും കാട്ടുപൂഞ്ചോലയുടെ കുളിരും നമുക്ക് തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു.ഒലിച്ചു പോകാത്ത മണ്ണും പ്രവാഹം നിലയ്ക്കാത്ത പുഴയും കാലം തെറ്റാത്ത മഴയും നമുക്ക് വീണ്ടും കൈക്കലാക്കേണ്ടിയിരിക്കുന്നു.അവ കനിയുന്ന പരിസ്ഥിതി നാം സംരക്ഷിച്ചേ തീരൂ.ഒന്നോർക്കുക നാമില്ലെങ്കിലും പരിസ്ഥിതി നിലനിൽക്കും.എന്നാൽ പരിസ്ഥിതി ഇല്ലെങ്കിൽ നമുക്ക് നിലനിൽക്കാനാകില്ല.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |