ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ശരിയും തെറ്റും
ശരിയും തെറ്റും
നാം ചെയ്യുന്ന ഓരോ പ്രവൃത്തികളിലും ശരിയും തെറ്റും ഒളിഞ്ഞിരിപ്പുണ്ട്. മറ്റുള്ളവരാണ് അവ കണ്ടെത്തുക. ഉദാഹരണത്തിന് മരങ്ങൾ വെട്ടിമാറ്റി അവിടെ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. ഇതിൽ മരങ്ങൾ നശിപ്പിച്ചത് ചിലരുടെ കണ്ണിൽ തെറ്റും കെട്ടിടം നിർമ്മിച്ചത് മറ്റു ചിലർക്ക് ശരിയുമാണ്. മരങ്ങൾ ഈ ഭൂമിയുടെ നീതിയും കെട്ടിടങ്ങൾ മനുഷ്യരുടെ ആവശ്യവുമാണ്. ആവശ്യങ്ങൾക്ക് മുന്നിൽ നീതിപലപ്പോഴും പരാജയപ്പെടുന്നു. ശുദ്ധ മായൊഴുകുന്ന പുഴയിൽ മാലിന്യം തള്ളുന്നത് അത് ചെയ്യുന്നവർക്ക് ശരിയും ആ പുഴക്കും പ്രകൃതിക്കും ദോഷവുമാണ്. അവരവർ ചെയ്യുന്ന പ്രവൃത്തികൾ അവരവർക്ക് മാത്രമായ ഗുണങ്ങൾ ആകരുത്. മറ്റുള്ളവർക്കും അതിൽ പ്രയോജനം കണ്ടെത്താൻ സാധിക്കണം. മറ്റുള്ളവർക്കെന്നാൽ ഈ ലോകത്തിലെ ഓരോ ജീവജാലങ്ങൾക്കും എന്നാണ് അർത്ഥം. എന്നാൽ നമ്മുടെ പല ചിന്തകളും പ്രവൃത്തികളും പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങൾക്ക് ശരിയാവണമെന്നില്ല. നമ്മൾ മനുഷ്യർ നല്ലതെന്ന് കരുതി ചെയ്യുന്ന വ പ്രകൃതിക്ക് ദോഷം ഉണ്ടാക്കുകയും അതിനാൽ അതിന്റെ തിരിച്ചടി നമുക്ക് ലഭിക്കുകയും ചെയ്യുന്നു. ആ തിരിച്ചടികൾ വായുവിലൂടെയും വെള്ളത്തിലൂടെയും അഗ്നിയിലൂടെയുമൊക്കെ നമ്മെ തേടി വരും. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന കോവിഡ് 19 വൈറസും പ്രകൃതി നൽകിയ ഒരു വലിയ അടിയാണ്. വിനാശകാരിയായ ഈ വൈറസിന്റെ ഉത്ഭവവും നല്ലതെന്ന് കരുതി മനുഷ്യർ ചെയ്ത പ്രവൃത്തിയുടെ ദോഷഫലമാകാം. കൊറോണ പകർച്ചവ്യാധിയിലൂടെ നമുക്ക് നേരിടേണ്ടി വന്നത് എത്രമാത്രം കഷ്ടപ്പാടുകൾ ആണെന്ന് അറിയാമല്ലോ? മനുഷ്യരുടെ ആർഭാടങ്ങളും ആഘോഷങ്ങളും കഴിഞ്ഞു. വീടുകളിലൊതുങ്ങി വീർപ്പുമുട്ടി ജീവിക്കേണ്ടുന്ന അവസ്ഥ വന്നു. നമ്മൾ വരുത്തിയ വിനകളുടെ ഫലങ്ങൾ നമ്മൾ അനുഭവിക്കുന്നു എന്ന് കരുതുക. പ്രകൃതി മനുഷ്യന്റെ സുഹൃത്താണ് . അതിനെ നമ്മൾ ചേർത്ത് പിടിക്കുക, സ്നേഹിക്കുക. തിരിച്ചും ആ കരുതലും സ്നേഹവും നമ്മൾക്ക് കിട്ടും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |