സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ദുഃഖാർദ്രമാം ഇളം കാറ്റ്
ദുഃഖാർദ്രമാം ഇളം കാറ്റ്
പർവ്വത നിരയുടെ താഴ് വരത്തായി വളരെ സാവധാനം ചിരിച്ചു കൊണ്ട് കലപില ശബ്ദവുമായി ഒഴുകുന്ന ഒരു പുഴയുണ്ട്. പുഴയുടെ വടക്കുവശത്തായി ഒരു കൊച്ചു ഗ്രാമവുമുണ്ട്. ഗ്രാമത്തിലുള്ളവർ പ്രകൃതിയെ അമ്മയായും ദൈവമായും കാണുന്നവരാണ്. ഗ്രാമത്തിലുള്ളവർ മിക്കവരും തന്നെ കൃഷിക്കാരാണ്. പുഴയുടെ തെക്ക് വശത്തായി ഫലഭൂവിഷ്ഠമായ മണ്ണും സമൃദ്ധമായ വെള്ളവും നൽകി ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഭൂമിയിലാണ് അവർ കൃഷി ചെയ്തിരുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ജോലി അന്വേഷിച്ച് പട്ടണത്തിലേക്ക് പോകാറില്ല. ഗ്രാമത്തിലുള്ളവർക്ക് കൃഷിതന്നെയായിരുന്നു അവരുടെ ഉപജീവന മാർഗ്ഗം. കൃഷിഭൂമിയിൽ കൃഷി ചെയ്യുന്നതെന്തും നൂറുമേനി വിളവു നൽകിയിരുന്നു. വളരെ പന്തലിച്ചു നില്കുന്ന മരങ്ങളുടെ ചില്ലകളിൽ പക്ഷികൾ കൂട്ടുകൂടുകയും ചെയ്തിരുന്നു. എന്നും രാവിലെ കുരുവികൾ പാട്ടു പാടുകയും ആ താളം പിടിച്ചു കർഷകർ തങ്ങളുടെ ജോലി ആരംഭിക്കുകയും ചെയ്തിരുന്നു. വൈകുന്നേരം സൂര്യൻ അസ്തമിക്കുന്പോൾ ഒരു ഇളം കാറ്റ് അവിടെ എങ്ങും വീശും. ഇന്നത്തെ തങ്ങളുടെ ജോലി അവസാനിപ്പിക്കാറായി എന്ന് സൂചിപ്പിക്കാനാണ് ഇളം കാറ്റ് വീശിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം പട്ടണത്തിൽ നിന്നും രണ്ട് പരിഷ്കാരികൾ ആ ഗ്രാമത്തിലെത്തി. അന്ന് എന്തുകൊണ്ടോ സൂര്യൻ അസ്തമിക്കുന്പോൾ മാത്രം വീശാറുള്ള ഇളം കാറ്റ് ക്രമം തെറ്റിച്ചുകൊണ്ട് വീശി. ക്രമം തെറ്റിച്ചുകൊണ്ടുള്ള കാറ്റിൻറെ വീശൽ പിന്നീട് ഒരു പതിവായി. വരും ദിവസങ്ങളിൽ അവിടെ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയാണ് ഇതെന്ന് ആരും മനസ്സിലാക്കിയില്ല. പരിഷ്കാരികൾ വന്ന് ഗ്രാമത്തിലുള്ളവരോട് ആ കൃഷിഭൂമിയെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കി. അവർ എന്തിനാണ് ആ ഗ്രാമത്തിലേക്ക് വന്നതെന്നോ, എന്തിനാണ് ഈ കൃഷിഭൂമിയെക്കുറിച്ച് അറിയുന്നതെന്നോ ആരും അവരോട് ചോദിച്ചില്ല. അവർക്ക് അത് അറിയേണ്ട ആവശ്യവുമില്ലായിരുന്നു. എന്നാൽ അവർ താമസിക്കുന്നത് ഒരു റിട്ട. അധ്യാപകൻറെ വീടിൻറെ രണ്ടാമത്തെ നിലയിലാണെന്ന് മാത്രം അവർ അറിഞ്ഞിരുന്നു. പരിഷ്കാരികൾ വന്ന് രണ്ടു ദിവസത്തിനുശേഷം, അന്ന് ഒരു അവധി ദിവസമായിരുന്നു. ക്രമം തെറ്റിച്ച് വീശികൊണ്ടിരുന്ന ഇളം കാറ്റ് ദുഃഖത്തോടെ എല്ലാവരോടും യാത്ര പറയുന്നതുപോലെ വീശി. എന്നാൽ ആ യാത്രചോദിക്കലോ, അതിൻറെ ദുഃഖമോ ആരും ഗ്രഹിച്ചില്ല. കുട്ടികൾ കളിക്കുന്നതിൻറെ കലപില ശബ്ദം അവിടെ എങ്ങും നിറഞ്ഞിരിക്കുന്നു. ഇന്ന് എന്തുകൊണ്ടോ കൃഷിക്കാർക്ക് ഉന്മേഷം പകരാനായി കുരുവികൾ പാട്ടു പാടിയില്ല. അവ മരച്ചില്ലകളിൽ നിന്നും ദൂരേക്ക് പറന്നികന്നു. ഈ കാഴ്ച കണ്ട് കൃഷിക്കാർ പരിഭ്രാന്തരായി. ഈ സംഭവിക്കുന്നതിൻറെ അർത്ഥമെന്തെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്പോഴാണ് ഭയങ്കരമായൊരു ശബ്ദം കേട്ടത്. എല്ലാനരും ശബ്ദം കേട്ട ദിക്കിലേക്ക് ഓടി ചെന്നു. മലയിറങ്ങി ഭയങ്കരമായ ശബ്ദം പ്രകടിപ്പിച്ചുകൊണ്ട് രണ്ടു മൂന്ന് ലോറികൾ വരുന്നു. അത് ഗ്രാമത്തിൽ പ്രവേശിച്ചു. എല്ലാവരും ആ ലോറിയുടെ പിന്നാലെ പോയി. ലോറികൾ കൃഷിഭൂമിയിലേക്കാണ് വന്നെത്തിയത്. ലോറിയിൽ ഉണ്ടായിരുന്ന പണിയായുധങ്ങൾ എല്ലാം കൃഷിഭൂമിയിലേക്ക് ഇറക്കി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃഷിക്കാർക്ക് മനസ്സിലായില്ല. ആ രണ്ട് പരിഷ്കാരികൾ ലോറിയിൽ ഉണ്ടായിരുന്നവരോട് എന്തൊക്കെയോ സംസാരിക്കുന്നു. വൈകാതെ തന്നെ ഞെട്ടലോടെ അവർ ആ സത്യം തിരിച്ചറിഞ്ഞു. നിധികാക്കുന്ന ഭൂതത്തെപ്പോലെ അവർ കാത്തു സംരക്ഷിച്ച അവരുടെ കൃഷിഭൂമിയും സമൃദ്ധമായി നിറഞ്ഞു കവിഞ്ഞ് ഒഴുകുന്ന പുഴയും നശിപ്പിച്ച്, അവിടെ വലിയ കെട്ടിടങ്ങളും മണിമാളികകളും പണിയുന്നതിനായിട്ടാണ് ആ രണ്ട് പേർ പട്ടണത്തിൽ നിന്നും ഗ്രാമത്തിൽ എത്തിയത്. ഇന്ന് പണികൾ ആരംഭിക്കും. അതിനുവേണ്ടിയുള്ള പണിക്കാരും ആയുധങ്ങളുമായിട്ടാണ് ലോറികൾ ഇവിടെയെത്തിയത്. എന്നാൽ, നാട്ടികാർ ഒറ്റക്കെട്ടായി നിന്ന് പ്രകൃതിയോട് കാണിക്കുന്ന അന്യായങ്ങൾക്കെതിരെ പോരാടി. എന്നാൽ നിയമത്തിനും അതിനുപരി പണത്തിനും മുന്പിൽ അവർ തോറ്റുപോയി. അവരുടെ കൃഷിഭൂമിയും ജലസ്രോതസ്സായ പുഴയും നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ. വൈകാതെ തന്നെ കെട്ടിടങ്ങളും മണിമാളികകളും അവിടെ പണിത് ഉയർത്തപ്പെട്ടു. എന്നാൽ ഗ്രാമവാസികളുടെ കാര്യം വളരെ കഷ്ടമായി. അവരുടെ ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടു. അവർ ദാരിദ്യ്രത്തിലായി. പുഴയും മരങ്ങളുമെല്ലാം നശിപ്പിച്ചതോടെ അവിടെ ചൂട് കൂടി. ഒരു മഴയ്ക്കുവേണ്ടി ദിവസങ്ങളോളമായി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഒരിറ്റ് വെള്ളത്തിനായി എല്ലാവരും വലഞ്ഞു. പലരും ഉള്ളതെല്ലാം കെട്ടിപെറുക്കി ആ ഗ്രാമത്തിൽ നിന്നും പോയി. പ്രകൃതിക്കെതിരെയുള്ള അധിക്രമം അവിടെ ഉയർന്നുകൊണ്ടിരുന്നു. ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്നാണ് അത് സംഭവിച്ചത്. കണ്ണ് അടച്ച് തുറക്കും വേഗത്തിൽ പ്രകൃതി തൻറെ രൗദ്രഭാവം മനുഷ്യനെ കാണിച്ചു. മഴപെയ്ത് വെള്ളപൊക്കമുണ്ടായി. കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലുണ്ടായി. കെട്ടിടങ്ങളും മാളികകളും നശിച്ചു. കല്ലുകൾ മാത്രം ബാക്കി. പ്രകൃതിയുടെ ഈ ഭാവമാറ്റംകണ്ട് മനുഷ്യൻ പേടിച്ചോടി. ആ ഓട്ടം എവിടെയും അവസാനിച്ചതുമില്ല. സ്വാർത്ഥനായ മനുഷ്യൻറെ കുബുദ്ധിയാൽ ഒരു ഗ്രാമം തന്നെ ഇല്ലാതായി. ഇളംകാറ്റും, പക്ഷികളുടെ പാട്ടും അവയുടെ കലപില ശബ്ദവും എല്ലാം എവിടെയോ പോയിമറഞ്ഞു. തിരിച്ചു വരാനാവാത്തവിധം അങ്ങകലേക്ക് ഓടി മറഞ്ഞു. സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം ബാക്കിയാക്കി ഇരുളിലേക്ക് ഓടി മറഞ്ഞു..
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ