ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഓർമയാകുന്ന കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമയാകുന്ന കൊറോണ കാലം

" BREAKING NEWS :- കൊറോണ വൈറസ് ബാധിതരായ കേരളത്തിലെ മൂന്ന് രോഗികൾ ഇന്ന് രോഗമുക്തരായി. ഇനി അഞ്ച് രോഗികൾ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ലോകത്ത് കൊറോണ എരിഞ്ഞമരുന്ന ഈ സമയത്ത് കേരളത്തിന് സമാശ്വാസം ഏകുന്ന വാർത്തയാണിത് ". അവൾ റിമോട്ടിന്റെ ബട്ടൺ വളരെ വേഗത്തിൽ അമർത്തി ചാനൽ മാറ്റുന്നതിനിടയിൽ ടെലിവിഷനിൽ നിന്നും അത് കേട്ടു. " കുഞ്ഞൂസേ, നീ കേട്ടോ കൊറോണ പോവാറായി അപ്പൊ ലോക്ക്ടൗൺ വൈകാതെ തീരും. അങ്ങനെയാണെ നമുക്കിനി കളിക്കാനും കറങ്ങാനുമൊക്കെ പോകാം. പിന്നെ സ്കൂൾ തുറക്കും, പാർക്കിൽ പോകാം, സിനിമക്ക് പോകാം.............. ശോ!

എനിക്ക് വയ്യാ എല്ലാം പഴയപോലെ ആകും." അവൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. " പക്ഷേ അത്ര പെട്ടെന്ന് ഇതൊന്നും നടക്കില്ല, രോഗികൾ തീർന്നെങ്കിലും ആ വൈറസ് ഇവിടെയൊക്കെ തന്നെ കാണും. അതോണ്ട് അത്രപെട്ടെന്ന് പുറത്തോട്ടൊന്നും ഇറങ്ങണ്ട". മറുപടി നൽകി അവൾ ലോക്ക്ഡൗൺ കാലത്തെ പ്രധാന വിനോദമായ മോണോപോളിയും കാരംസും പുറത്തെടുത്തു. എന്നിട്ടു എല്ലാരെയും വിളിച്ചു. മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന മൂത്ത ചേച്ചിയെയും എന്നും ക്രിക്കറ്റ് ബാറ്റ് തുടച്ചു വൃത്തിയാക്കി കളിച്ച കളികൾ ഓർത്തു നെടുവീർപ്പിടുന്ന ചേട്ടനെയും വിളിച്ച് അവർ കളി തുടങ്ങി. നിമിഷങ്ങൾ കടന്നു പോയി. കളി കലശലായി നടക്കുകയാണ്. മോണോപോളിയാണ് കളി. ബാങ്കുടമ മൂത്ത ചേച്ചി ആണ്, കണിശക്കാരിയായ ചേച്ചി ആർക്കും ലോൺ അത്ര പെട്ടെന്ന് അനുവദിക്കില്ല. പക്ഷേ കുടുങ്ങിപ്പോയത് ചേട്ടനാണ്, അനിയത്തിമാരുടെ മായികവലയത്തിൽപെട്ട് കടത്തിലായിരിക്കുകയാണ് പാവം. സഹായം ചോദിച്ച് അനിയത്തിമാരുടെ അടുത്ത് ചെന്നാൽ കളിയാക്കും അല്ലേൽ തന്റെ കാശ് അടിച്ചു മാറ്റാൻ ശ്രമിക്കും. എന്തായാലും ചേട്ടൻ പെട്ടത് തന്നെ. തോൽക്കും എന്നായപ്പോൾ ചേട്ടൻ വെച്ചിട്ടുപോയി. പിന്നെ അനിയത്തിമാർ തമ്മിൽ ആയി അടിപിടി. അതോടെ ആയപ്പോൾ ചേച്ചിയും കളി നിർത്തി. എല്ലാരും പിരിഞ്ഞു. ഇനി അടുക്കളയിലേക്കാണ് ഓട്ടം. ക്വാറന്റെൻ സ്പെഷ്യലായി അമ്മ ദിവസവും ഓരോ വിഭവം പരീക്ഷിക്കും, ചിലത് നന്നായിരിക്കും. ഇന്ന് എന്താണെന്നറിയാനുള്ള ഓട്ടം ആണിത്. സ്വിഗിയിലെ നിറമുള്ള ഭക്ഷണത്തിന്റെ മാത്രം രുചിയറിഞ്ഞിരുന്ന നാവുകൾക്ക് ഈ വിഭവങ്ങൾ കൊറോണ കാലത്തു ഒരു രുചിയേറിയ ഓർമയാകുകയാണ്. അടുക്കളയിൽ കണ്ടതെല്ലാം അകത്താക്കി, ശേഷം മൂവരും ടിവിക്കു മുന്നിൽ ഇരിപ്പായി. ഇനി ഈ ഇരിപ്പു ഉറങ്ങുന്നതു വരെ കാണും. ഇങ്ങനെയൊരു ലോക്ക്ഡൗൺ ദിവസം അവസാനിക്കും. ഓരോ ദിവസവും ഇങ്ങനെ ചില മാറ്റങ്ങളാൽ തള്ളിനീക്കി. ഇപ്പൊ എല്ലാം പഴയ പോലായി, സ്കൂൾ തുറന്നു, ഓഫീസുകൾ തുറന്നു അങ്ങനെ. സ്കൂളിലെ ആദ്യ ദിവസം പതിവുപോലെ ടീച്ചർ ബോർഡിൽ എഴുതി " ഈ അവധിക്കാലത്ത് നിങ്ങൾ എന്ത് നേടി ?" അവൾ പേനയെടുത്ത് ഒന്നാലോചിച്ചു. ഒരുപക്ഷേ ഈ ലോകം കണ്ട ഏറ്റവും വലിയ വിപത്തായിരിക്കാം കൊറോണ, എന്നാൽ ഈ ദുരന്ത കാലത്തു നാം ഇതുവരെ അറിയാത്ത പലതും അറിഞ്ഞു, അനുഭവിച്ചു. ഒരുമയുടെ പാഠം, വേർപിരിയലിന്റെ വേദന, കുടുംബങ്ങളിലെ സ്നേഹം, നാടിന്റെ നന്മ, അങ്ങനെ കാണാതെപോയ, മറച്ചുവെച്ച പലതും.

അനഘ കെ രമണൻ
9F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ