കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/അമ്മയെത്തേടിയുള്ള യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെത്തേടിയുള്ള യാത്ര

ചക്രങ്ങൾ ഉരുണ്ടു തുടങ്ങി.ഒരു കടലാസും പത്തു രൂപ നോട്ടും കയ്യിൽ ചുരുട്ടിപ്പിടിച്ച് ആധിയോടെ മീര ബസ്സിൽ കയറി. പതിവു തെറ്റിക്കാതെ മഴയും നീരാട്ടിനെത്തിയിരുന്നു. വവ്വാലുകളെ പോലെ കമ്പിയിൽ തൂങ്ങിക്കിടക്കുന്ന ആളുക ൾ പതിവു കിന്നാരത്തിലാണ്.മഴ മുത്തുകൾ ജാലകത്തിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു . പക്ഷേ മീര അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവൾ കണ്ടക്ടറെ ശ്രദ്ധിക്കുകയാണ്. അയാളുടെ ഓരോ കാലടിയിലും അവളുടെ നെഞ്ചിടിപ്പ് ഉയർന്നു വന്നു. കയ്യിൽ കരുതിയത് അവൾ ഒരിക്കൽ കൂടി ഭദ്രമാക്കി. ഈ പൈസ തി കയുമോ ? അതാണ് അവ ളുടെ ആധി. കുട്ടീ... എവിടെയാ ഇറങ്ങണെ? അവൾ കയ്യിൽ കരുതിയ കടലാസ് കൊടുത്തു . "പൈസ ? "അയാൾ വീണ്ടും മൊഴിഞ്ഞു.അവൾ അതു കൊടുത്തു. ചുരുണ്ട കടലാസ് അയാൾ അവൾക്കു നേരെ നീട്ടി. അയാൾ മുന്നോട്ടു നീങ്ങി. അവൾ ഒരു ദീർഘ ശ്വാസം വലിച്ചു . ഇനി എവിടെ ഇറങ്ങണം ? അവൾ പുറത്തേക്ക് കണ്ണോടിച്ചു. കാറ്റ് അവളുടെ ഒതുക്കമില്ലാത്ത ചെമ്പൻ മുടിയോടു മല്ലിട്ടു കൊണ്ടിരിന്നു. അനാഥമന്ദിരത്തിലെ സിസ്റ്റർ എഴുതിത്തന്ന അഡ്രസെഴുതിയ കടലാസും എന്നോ ആരോ തന്ന പത്തു രൂപ നോട്ടും കൊണ്ടിറങ്ങിയതാണ്. അമ്മയെ തേടിയുള്ള യാത്ര! ഒരു കൊച്ചു ഗ്രാമം . ഓർമ്മയിലെ വെളുത്തു തുടുത്ത മങ്ങിയ മുഖവുമായി അമ്മ. അതേ അവളുടെ ഓർമയിലുള്ളൂ. വെന്നിയൂർ .....വെന്നിയൂർ ... ബസ് കണ്ടക്ടർ വിളിച്ചു പറഞ്ഞു. അവൾ സ്ഥലം അതാണെന്ന് ഒന്നൂടെ ഉറപ്പിച്ചു ഇറങ്ങി. ചുറ്റും പരിചയമില്ലാത്ത മുഖങ്ങൾ . ചീറിപ്പാഞ്ഞു വരുന്ന വണ്ടികൾ.. ഓർമ്മയിലെ ആ ഗ്രാമം എങ്ങോ മറഞ്ഞിരുന്നു. പരിഭ്രമത്തോടെ ആ പട്ടണത്തിൽ അവൾ കണ്ണോടിച്ചു. വെണ്ടക്കാ വലുപ്പത്തിൽ വെന്നിയൂർ എന്നെഴുതി വെച്ച ബോർഡ് കണ്ട് അവൾ സമാധാനിച്ചു . തനിക്ക് തെറ്റിയിട്ടില്ല എന്ന് സ്വയം അവൾ ആശ്വസിച്ചു. ഇനി എന്ത്? അത് അവളെ തളർത്തി . അവൾ തിരക്ക് കുറഞ്ഞ ഒരു കടയിൽ കയറി . അവളെ കണ്ട കടക്കാരൻ ആകാംക്ഷയോടെ അവളുടെ അടുത്തേക്ക് നീങ്ങി. കയ്യിൽ കരുതിയ കടലാസ് അവൾ അയാൾക്കു നേരെ നീട്ടി. അയാൾ നെറ്റി ചുളിച്ചു കൊണ്ട് വഴി പറഞ്ഞു കൊടുത്തു. അവൾ മുന്നോട്ടു നീങ്ങി. അപ്പോഴും മഴക്കാർ നേർത്ത തുള്ളികൾ പൊഴിക്കുന്നുണ്ടായിരുന്നു. പലരോടും ചോദിച്ചറിഞ്ഞ് ആ അഡ്രസിലുള്ള ഒരു വീട് അവൾ കണ്ടെത്തി. നേരം അപ്പോഴേക്കും സന്ധ്യ മയങ്ങാറായിരുന്നു. അവൾ മുന്നിൽ കണ്ട ഗേറ്റ് ഒന്നു തള്ളി. ഇരമ്പൽ ശബ്ദത്തോടെ അത് തുറന്നു. ഒരു കൊച്ചു വീട്..

അവളുടെ കണ്ണിൽ ആനന്ദക്കണ്ണീർ നിറഞ്ഞു . അമ്മേ ഞാനെത്തി  ! അവൾ മുന്നോട്ടു സഞ്ചരിച്ചു. വീട് പൂട്ടിക്കിടക്കുന്നത് അവളുടെ കണ്ണിൽ നേർത്ത  നനവ് പടർത്തി. അവളിലെ ആകാംക്ഷ കെട്ടടങ്ങി. കൊച്ചെവിടന്നാ ?  അവൾ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി. ഇവിടെ ആരൂല്യാ?    അവരൊക്കെ രണ്ട് മൂന്ന് ദിവസായി ഇവിടന്ന് പോയിട്ട്.. ദൂര എങ്ങാണ്ടാണ്. അല്ല കൊച്ചാരാ? മനസിലായില്ല. അവൾ ഒന്നും പറഞ്ഞില്ല. അവൾക്കറിയില്ല അതിൻ്റെ മറുപടി എന്തെന്ന് . ഇനി ? അപ്പോഴേക്കും മഴയുടെ  ശക്തി കൂടിയിരുന്നു. സൂര്യൻ  കടലിൽ മയങ്ങിയിരുന്നു. അവശേഷിച്ചത് നേർത്ത നിലാവും അവളുടെ കണ്ണ് നീരും! 
മിസ്‌രിയ
9 F കെ എച് എം എച് എസ് വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ