എസ് എൻ വി യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/കൊറോണയും കൂട്ടുകാരും
കൊറോണയും കൂട്ടുകാരും
<എന്റെ പേര് ആവണീന്നാ. വീട്ടിൽ എന്നെ വിളിക്കുന്ന പേര് ചിമ്മൂന്നാ. എന്റെ സ്കൂൾ വാർഷികപരീക്ഷയൊന്നുമില്ലാതെ നേരത്തേയടച്ചു. ലോകത്തെല്ലാം കൊറോണയെന്നൊരു മഹാരോഗം പടർന്നു പിടിച്ചപ്പോ സുരക്ഷയെ കരുതി സ്കൂളുകൾ എല്ലാമടച്ചു. സ്കൂൾ അടച്ചപ്പോൾ ഞാൻ കരുതി ഇനി കൂട്ടുകാരെല്ലാമായി കളിച്ചു നടക്കാമെന്ന്! പാടത്തുകൂടി പട്ടം പറത്താം. മാവിൻ ചുവട്ടിൽ സാറ്റ് കളിക്കാം. ഇടയ്ക്കു ബന്ധു വീടുകളിൽ പോകാം. സർക്കസ്സും സിനിമയും കാണാം. ഐസ് ക്രീം പാർലറിൽ പോയി ഇഷ്ടം പോലെ ഐസ്ക്രീം കഴിക്കാം, അമ്പലത്തിൽ ഉത്സവം കാണാം. എന്തു രസമായിരിക്കും. അല്ലേ? പക്ഷേ അപ്പോഴാണ് സർക്കാരിൽ നിന്നും ഉത്തരവ് വന്നത്, ആരും വീടിനു പുറത്തിറങ്ങരുത്. ആരുടെയും അടുത്ത് നിന്ന് സംസാരിക്കരുത്. ഇടക്കിടെ കൈ സോപ്പിട്ടു കഴുകി വൃത്തിയാക്കണം. മുഖത്തു മാസ്ക് ധരിക്കണം എന്നൊക്കെയുള്ള നിയമങ്ങൾ വന്നു. കൊറോണ രോഗം പിടിപെടാതിരിക്കാനാണ് ഈ നിയമങ്ങൾ. അതോടെ ആരും വീടിനു പുറത്തിറങ്ങാതായി. അച്ഛൻപോലും ജോലിക്കു പോകാതായി. ടീവി എപ്പോഴും കണ്ടു കണ്ട് എനിക്കു വല്ലാതെ മടുത്തു. കൂട്ടുകാരെയൊന്നും കളിക്കാൻ പുറത്തു വിടാത്തതിനാൽ ആരെയും കാണാനില്ലാതായി. ആരും കളിക്കാൻ വരുന്നില്ല. വീടിനു പുറത്തിറങ്ങാൻ വയ്യ. എനിക്ക് വല്ലാതെ സങ്കടം വന്നു. "എല്ലാവരും പുറത്തിറങ്ങിയാൽ കൊറോണ പിടിക്കുമോ അമ്മേ? " ഞാൻ അമ്മയോടു ചോദിച്ചു. "കൊറോണ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. രോഗമുള്ളയാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ, അയാളിൽ നിന്നും രോഗാണു അടുത്തു നിൽക്കുന്ന ആളിലേക്കും പകരും " അമ്മ പറഞ്ഞു. "അതിനാലാണ് പുറത്തിറങ്ങി നടക്കരുതെന്നു പറയുന്നത്. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് നമ്മൾ വളരെയധികം സൂക്ഷിച്ചേ പറ്റൂ. " അച്ഛനും പറഞ്ഞു.
ഞാൻ വിഷമത്തോടെ വീടിനു പുറകിലെ മാഞ്ചുവട്ടിൽ ഇരുന്നു തനിയെ ചിരട്ടയിൽ മണ്ണപ്പം ചുട്ടു കളിച്ചു. കൂട്ടിന് ആരുമില്ലാത്തതു കൊണ്ട് എനിക്കു കരച്ചിൽ വന്നു. "ഏയ് ചിമ്മുക്കുട്ടീ!" ഒരു പ്രത്യേക ശബ്ദത്തിലുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി. ചക്കിപ്പൂച്ച നിൽക്കുന്നു. "ഉം. ഞാൻ തന്നെയാ വിളിച്ചെ. സംശയിക്കേണ്ട" ചക്കിപ്പൂച്ച പറഞ്ഞു. "പൂച്ചകൾ സംസാരിക്കുമോ" ഞാൻ അത്ഭുതം കൂറിക്കൊണ്ടു ചോദിച്ചു. "ഉം..ചിലപ്പോൾ അത്യാവശ്യം വരുമ്പോളൊക്കെ സംസാരിക്കും" ചക്കിപ്പൂച്ച തലയാട്ടി. "ഇപ്പോഴെന്താ അത്യാവശ്യം വന്നേ? " ഞാൻ ചോദിച്ചു. "ചിമ്മുക്കുട്ടി ഒറ്റക്കിരുന്നു കരഞ്ഞില്ലേ, കൂട്ടുകാരില്ലാതെ? അപ്പോൾ സംസാരിക്കേണ്ടത് അത്യാവശ്യമായി തോന്നി!" ചക്കി പറഞ്ഞു. പിന്നെ അടുത്തു വന്ന് എന്റെ കാലിൽ ഉരുമ്മി നിന്നുകൊണ്ട് തുടർന്നു : "ചിമ്മുക്കുട്ടി എനിക്കു ചോറും മീനുമൊക്കെ തരില്ലേ. അപ്പോൾ കുട്ടിക്ക് ഒരു വിഷമം വരുമ്പോൾ ഞാനും സഹായിക്കേണ്ടേ? !" "എങ്ങനെ സഹായിക്കും? " ഞാൻ ചോദിച്ചു: "എന്റെ കൂടെ കളിക്കാമോ " "തീർച്ചയായും. പക്ഷേ ഞാൻ മാത്രമല്ല കളിക്കാൻ കൂടുന്നത് " ചക്കി പറഞ്ഞു. "പിന്നെ? " ഞാൻ ചക്കിപ്പൂച്ചയുടെ മുഖത്തേക്ക് നോക്കി. "എന്റെ കൂടെ ശബ്ദമുണ്ടാക്കാതെ വരൂ, ആരൊക്കെയാണെന്ന് കാട്ടിത്തരാം" ചക്കി നടന്നുകൊണ്ടു പറഞ്ഞു. ഞങ്ങൾ കോഴിക്കൂടിനടുത്തേക്കു ചെന്നു. വീടിന്റെ ചുമരിനും കോഴിക്കൂടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് മടക്കിവെച്ച ചണച്ചാക്കിനു മീതെ മൂന്നു സുന്ദരൻ പൂച്ചക്കുട്ടികൾ! ഞാൻ ചക്കിയുടെ വയറിലേക്ക് നോക്കി. ഈയിടെ കണ്ടപ്പോൾ വീർത്തിരുന്ന വയർ ഇപ്പോൾ ചൊട്ടിപ്പോയിരിക്കുന്നു! ചക്കിപ്പൂച്ച പെറ്റ കാര്യം അമ്മ പറഞ്ഞില്ലല്ലോ എന്നു ഞാൻ ഓർത്തു. "ഇവരാണ് ഇനി ചിമ്മുക്കുട്ടീടെ ചങ്ങാതിമാർ. ഇവർ ഓടും, ചാടും, മലക്കം മറിയും ഒളിച്ചു കളിക്കും. "ഇവരാണ് ഇനി ചിമ്മുക്കുട്ടീടെ ചങ്ങാതിമാർ. ഇവർ ഓടും, ചാടും, മലക്കം മറിയും ഒളിച്ചു കളിക്കും. എങ്ങോട്ടും പോകാതെ ചിമ്മുക്കുട്ടിയുടെ കൂടെത്തന്നെ കാണും, എപ്പോഴും !" ചക്കി അറിയിച്ചു. ഞാൻ കൗതുകത്തോടെ അവരെ നോക്കി. അവർ എന്നെയും നോക്കി. "ഇഷ്ടമായോ കുട്ടിക്ക്? ചക്കി പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു. ഞാൻ സന്തോഷത്തോടെ തലയാട്ടി. "പക്ഷേ ഒരുമിച്ചു കളിച്ചാൽ കൊറോണ വരില്ലേ? " ഞാൻ ചോദിച്ചു. "മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാറില്ല എന്നാണ് പറയുന്നത്" ചക്കി പറഞ്ഞു : "അല്ലെങ്കിലും ഞാനും മക്കളും ഈ വീട്ടിലെ തന്നെയല്ലേ.അപ്പോൾ പേടിക്കേണ്ട കാര്യമില്ല. അല്പം സൂക്ഷിച്ചാൽ മാത്രം മതിയാകും " ഞാൻ സന്തോഷത്തോടെ ചിരിച്ചു. "ഞാൻ എന്താ വിളിക്കേണ്ടേ " ചക്കിപ്പൂച്ചയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു. ചക്കിപ്പൂച്ച കൗതുകത്തോടെ എന്നെ ഒരു നിമിഷം നോക്കി. പിന്നെ പറഞ്ഞു :"ചിമ്മുക്കുട്ടിക്ക് എന്തു വിളിക്കാനാ ഇഷ്ടം, അതു വിളിച്ചോളൂ " "ചക്കിയമ്മേന്നു വിളിച്ചോട്ടെ? " ഞാൻ ചോദിച്ചു. ചക്കി ഊറിച്ചിരിച്ചു. പിന്നെ സ്നേഹത്തോടെ തലയാട്ടി പറഞ്ഞു: "ആയിക്കോട്ടെ, അങ്ങനെ വിളിച്ചോളൂ "
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ