എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/അക്ഷരവൃക്ഷം/ഭൂമിയിലെ കാവൽ മാലാഖമാർ

ഭൂമിയിലെ കാവൽ മാലാഖമാർ

വീട്ടുജോലികൾ എല്ലാം ചെയ്തു കഴിഞ്ഞശേഷം ആനി ബാഗിൽ നിന്നും ഒരു മാസ്ക് എടുത്ത് കെട്ടി . "രോഗികളെ പരിചരിക്കുന്ന നേഴ്സ് ആണെങ്കിലും സ്വന്തം രക്ഷ നോക്കണ്ടേ" വാറു പൊട്ടിയ ചെരുപ്പ് ഇടുന്നതിനിടയിൽ അവൾ ആലോചിച്ചു . " നീ ഇന്നും പോവാണോ മോളേ " അകത്തുനിന്ന് അമ്മയുടെ ഭീതിയും വാൽസല്യവും നിറഞ്ഞ ചോദ്യം അവളുടെ മനസ്സിൽ തട്ടി. പാവം ദേഹം അനക്കാൻ പറ്റാതെ ഒരേ കിടപ്പല്ലെ. എത്ര ദുരിതത്തിൽ ആയാലും ആശ്വാസ തണലേകുന്ന സ്വന്തം മക്കൾ അരികിൽ നിന്ന് മാഞ്ഞുപോകുമ്പോൾ മാതാപിതാക്കളുടെ മനസ് ഒന്ന് നോവും. " പോണം അമ്മച്ചി...." ആനി നിസ്സഹായതയോടെ പറഞ്ഞു. " ജോണികുട്ടാ ഇവിടെ കളിച്ചുകൊണ്ടിരുന്നാ പറ്റത്തില്ല സമയത്തിന് അമ്മച്ചിക്ക് ആഹാരവും മരുന്നും ഒക്കെ എടുത്തു കൊടുക്കണം. നീയും കഴിക്കണം മനസ്സിലായോ" ആറാം ക്ലാസിൽ പഠിക്കുന്ന കുസൃതി വിട്ടുമാറാത്ത അനിയനോട് അവൾ പറഞ്ഞു. ശേഷം തിരക്കിട്ട് ഹോസ്പിറ്റലിലേക്ക് നടന്നു. അഞ്ചുമിനിറ്റ് കൊണ്ട് എത്തിയിരുന്ന ഹോസ്പിറ്റൽ ഇപ്പോൾ കിലോമീറ്ററോളം ദൂരം ഉണ്ടെന്ന് ആനിക്ക് തോന്നി. റോഡിൽ എങ്ങും നിശബ്ദത. ഒന്നു രണ്ട് പോലീസ് വണ്ടികൾ മാത്രം. " വല്ലാത്തൊരു മാറ്റം തന്നെ" ആനി അത്ഭുതത്തോടെ നോക്കി. ചീറിപ്പാഞ്ഞു പോകുന്ന വണ്ടികളും കച്ചവടക്കാരും നിറഞ്ഞുനിന്നിരുന്ന ഈ നഗരം ഇന്ന് പൂർണ്ണമായും ഏകാന്തതയിൽ ആണ്. " പ്രകൃതിയും വിശ്രമിക്കട്ടെ" ഒരു ചെറുചിരിയോടെ ആനി നടന്നുനീങ്ങി. പതിവായി കാണാറുള്ള അമ്മൂമ്മയെ ഇപ്പോൾ ഒന്നുരണ്ട് ദിവസമായി കാണുന്നില്ല. കയ്യിൽ പൈസ അധികം ഇല്ലെങ്കിൽ കൂടി അവർക്ക് എന്തെങ്കിലും സഹായം ആനി ചെയ്യാറുണ്ട്. ആകെ രണ്ടു പേർക്കാണ് ഈ നഗരത്തിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് അതിൽ ഒരാൾ ആനി ജോലിചെയ്യുന്ന ഹോസ്പിറ്റലിലാണ്. ഹോസ്പിറ്റലിൽ തിരക്കിന് ഒരു കുറവുമില്ല. പനിയും ജലദോഷവും ആയി കുറഞ്ഞത് പത്തു പേരെങ്കിലും എല്ലാ ദിവസവും വരും. അവരെയെല്ലാം ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. അങ്ങനെ ഹോസ്പിറ്റലിൽ എത്താനുള്ള താമസം മാത്രമേ ഉള്ളൂ പിന്നെ സമയം പോകുന്നത് അറിയില്ല. സാധാരണ ഡ്യൂട്ടി ടൈമിൽ നിന്നും ഇപ്പോൾ രണ്ടു മണിക്കൂർ കൂടി കൂട്ടിയിരിക്കുകയാണ്. ആനി നേരെ കാഷ്വാലിറ്റി ഭാഗത്തേക്ക് പോയി. ഇന്ന് അവിടെയാണ് ഡ്യൂട്ടി. ചെന്ന ഉടനെ ഒരു അറുപതു വയസ്സ് പ്രായമുള്ള ഒരു അച്ഛനും അമ്മയും വന്നു. ബെഡിൽ കിടക്കാൻ പറഞ്ഞിട്ട് അയാൾ കൂട്ടാക്കിയില്ല. ഒരുവിധത്തിൽ ആനി അയാളെ അവിടെ ഇരുത്തി. " എന്താ പനിയാണോ" കൂടെ വന്ന അമ്മയോട് ആനി ചോദിച്ചു. " ഇന്നലെ രാത്രി മുതൽ വല്ലാത്തൊരു ചുമ. ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞാൽ ഇങ്ങേരു സമ്മതിക്കണ്ടേ. ഇപ്പോൾ തന്നെ ഞാൻ കുറെ നിർബന്ധിച്ചിട്ടാ ഇങ്ങോട്ട് കൊണ്ടുവന്നത്. ആനി അയാളുടെ ടെമ്പറേച്ചർ നോക്കി "പനി ഒന്നും ഇല്ലാട്ടോ. അതെന്താ അച്ഛന് ഹോസ്പിറ്റലിൽ വരാൻ മടി. സാധാരണ ചെറിയ പിള്ളേർക്ക് അല്ലേ ഹോസ്പിറ്റലിൽ ഒക്കെ വരാൻ മടി ഉണ്ടാവാ. ഒരു കുസൃതിയോടെ ആനി ചോദിച്ചു. " പേടി ഒന്നും അല്ല ഇപ്പോ ഒരു ചെറിയ ചുമ ആണ് എന്ന് പറഞ്ഞാലും ആശൂത്രീല് കെടക്കണ്ട അവസ്ഥയല്ലേ. അതുകൊണ്ടാ വരണ്ട എന്ന് പറഞ്ഞത്. " അയ്യേ അങ്ങനെ എല്ലാവരെയും ഒന്നും ഇവിടെ കിടത്തില്ല വൈറസിന്റേതായ ലക്ഷണങ്ങളും, വൈറസ് ഉള്ള ആളുടെ ഒപ്പമുണ്ടായിരുന്നവരേയും ഒക്കെ മാത്രമേ കിടത്തുള്ളൂ. അല്ലെങ്കിൽ ഞങ്ങൾ വീട്ടിൽ പോയി നിരീക്ഷണത്തിൽ ഇരിക്കാൻ പറയും. നിങ്ങൾ ഈ അടുത്തെങ്ങാനും പുറത്തേക്ക് പോയിരുന്നോ. " ഇല്ല ഞങ്ങൾ രണ്ടാളും വീട്ടിൽ തന്നെയാ എനിക്ക് പെൻഷൻ ഉള്ളതുകൊണ്ട് അങ്ങനെയൊക്കെ കഴിഞ്ഞുകൂടും. വീടിനടുത്തുള്ള ഒരു പയ്യനാ സാധനങ്ങളൊക്കെ വാങ്ങി കൊണ്ടുവന്നു തരുക. മക്കൾക്ക് ഒക്കെ പിന്നെ നല്ല സ്നേഹം ആയതുകൊണ്ട് ആരും വരാറില്ല." ആനിക്ക് ആ വൃദ്ധകളോടു വല്ലാത്ത ഒരു സഹതാപം തോന്നി. മക്കളുണ്ടായിട്ടും ആരും നോക്കാൻ ഇല്ലാത്ത അവസ്ഥ. " കഷ്ടം തന്നെ..." അവൾ വിചാരിച്ചു. " എന്തായാലും ഡോക്ടർ വന്നു നോക്കട്ടെ അതുവരെ അച്ഛൻ ഇവിടെ കിടക്കു". ഒരുപാട് രോഗികളെ ചികിത്സിച്ചിട്ടുണ്ടെങ്കിലും അവരിൽ ചിലരെ ഒന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല. കാരണം ഓരോരുത്തരും തരുന്നത് വ്യത്യസ്ഥ അനുഭവം ആയിരിക്കും. കുറച്ചുനേരത്തേക്ക് കാഷ്വാലിറ്റിയിൽ തിരക്കു കുറഞ്ഞു. ചുമ ആയിട്ട് വന്ന ആ അച്ഛനെ കണ്ടപ്പോൾ ആനി ക്ക് ഓർമ്മ വന്നത് അവളുടെ അപ്പച്ചനെ ആയിരുന്നു. അതേ ശാഠ്യം പിടിക്കൽ....... അതേ സ്നേഹം....... അപ്പച്ചന്റെ തണലിൽ സന്തോഷത്തോടെ ജീവിച്ച ദിനങ്ങൾ ആനിയുടെ മനസ്സിലേക്ക് കടന്നു വന്നു. " ആനി മോള് നന്നായി പഠിച്ച് വലിയ ഡോക്ടർ ആവണം. അപ്പച്ചനും അമ്മച്ചിക്കും എന്തെങ്കിലും അസുഖം വന്നാൽ പിന്നെ നോക്കാൻ ഒരാളായല്ലോ." " അപ്പച്ച ഈ ഡോക്ടറായ പിന്നെ ഭയങ്കര തിരക്കൊക്കെ ആയിരിക്കില്ലേ. അസുഖം ഉള്ളവരുടെ ഒപ്പം ഒരുപാട് നേരം ഇരിക്കാൻ ഒന്നും പറ്റില്ലല്ലോ. എനിക്ക് നഴ്സ് ആയ മതി." " ആഹാ എൻറെ മോള് ഇഷ്ടമുള്ളത് പഠിച്ചോ അപ്പച്ചന് ഒരു കുഴപ്പവുമില്ല." പിന്നീട് തന്നെ നഴ്സിംഗ് പഠിപ്പിക്കാനായി അപ്പച്ചൻ കുറേ കഷ്ടപ്പെട്ടു. പക്ഷേ ചോദിക്കുമ്പോഴൊക്കെ എല്ലാം ശരിയാവും ആനിമോളെ എന്നു മാത്രം പറഞ്ഞ് ചിരിക്കും. ഹോസ്റ്റലിൽ നിന്ന് പഠിച്ചത് കൊണ്ടാവാം അപ്പച്ചനും അമ്മച്ചിയേയും ജോണിയേയും ഒക്കെ കാണാതെ വല്ലാത്ത വിഷമത്തിലായിരുന്നു താൻ. ഒരുവധിക്ക് നാട്ടിൽ പോയപ്പോൾ അപ്പച്ചന്റെ മുഖത്ത് ആ പഴയ ആത്മവിശ്വാസമില്ലാത്തപോലെ. ഒന്നും സംസാരിക്കുന്നുമുണ്ടായിരുന്നില്ല. പിന്നീട് അമ്മച്ചിയാണ് സങ്കടത്തോടെ തന്നോട് പറഞ്ഞത്. അപ്പച്ചൻ പുതിയ ബിസിനസ്‌ എന്നൊക്കെ പറഞ്ഞു കൊറേപേരുടെ അടുത്തുനിന്നു കടം ഒക്കെ വാങ്ങി. പക്ഷെ അതൊന്നും നടന്നില്ല. ഇപ്പൊ ഓരോ ദിവസവും രാവിലെയായ കടക്കാർ വന്ന് ശല്യം ചെയ്യുവാ. അമ്മച്ചിക്ക് എന്താ ചെയ്യണ്ടേ എന്ന് അറിയത്തില്ല മോളെ. അപ്പച്ചൻ ആണെങ്കിൽ ഒന്ന് രണ്ടു ദിവസമായി ഒന്നും സംസാരിക്കുന്നില്ല. അമ്മച്ചിയുടെ ദയനീയ മുഖത്തിന് ഇന്നും ഒരു മാറ്റവുമില്ല. കടങ്ങൾ താങ്ങാവുന്നതിലും അപ്പുറം ആകുമ്പോൾ മനുഷ്യർ തന്നോടുതന്നെ ചെയ്യുന്ന കൊടും ക്രൂരത അപ്പച്ചനും ചെയ്യുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നനില്ല. പ്രാണൻ എടുക്കുന്ന ഏതൊരു കൊലക്കയറിനും പറയാൻ ഉണ്ടാകും ഒരു കുടുംബം അനുഭവിച്ച സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും കഥ. അപ്പച്ചന്റെ കടങ്ങൾ എങ്ങനെ വീട്ടുമെന്ന് അറിയുമായിരുന്നില്ല എല്ലാവരും ഞങ്ങൾക്ക് മുമ്പിൽ നിസ്സഹായരായി നിന്നു. നൊമ്പരങ്ങൾ അനുഭവിക്കുന്ന മനുഷ്യർ അവരുടെ ഉള്ളിൽ എന്നും കൈവിടാതെ സൂക്ഷിക്കുന്ന ഒന്നുണ്ട് "പ്രത്യാശ" ഞങ്ങൾക്കും അത് മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നത്. കടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല എങ്കിലും മനസ്സിൽ ഒരു ഭാരവും ഇല്ല. അപ്പച്ചന്റെ മരണത്തിനു മുമ്പിൽ തളർന്നു പോയതാണ് അമ്മച്ചി. അന്നുമുതൽ അതേ കിടപ്പാണ്. അമ്മച്ചിയെ വീണ്ടും പഴയ പോലയാക്കണം "ആനി...... ആനി…... ആനിയുടെ ഒപ്പം ജോലിചെയ്യുന്ന അനു വന്ന ടേബിളിൽ തട്ടി. ആനി പെട്ടെന്ന് ഉണർന്നു. ചില സമയത്ത് ജീവിതം തന്നെ ഒരു സ്വപ്നം ആയി മാറുന്ന അവസ്ഥ ഉണ്ടാകും ആനിക്ക് തോന്നി. "അമ്മച്ചിക്ക് ഇപ്പോൾ എങ്ങനെയുണ്ട്" അനു ചോദിച്ചു "എന്തുപറയാനാ അതേ കിടപ്പ് തന്നെ ഈ മാസം ഡോക്ടറെ കാണിക്കണം എന്ന് വിചാരിച്ചതായിരുന്നു അപ്പോഴേക്കും അല്ലെ ലോക്ക് ഡൗൺ ഒക്കെ ആയത്. മരുന്നൊക്കെ തീർന്നു തുടങ്ങി ഇനി വാങ്ങണം ആലോചിക്കുമ്പോൾ തന്നെ എന്തോ പോലെ ആവാ ചേച്ചി." "നീ ടെൻഷൻ ഒന്നും എടുക്കണ്ട ഡോക്ടറെ കുറച്ചുകഴിഞ്ഞ് കാണിക്കാം. എന്തായാലും ഇപ്പോൾ ഇങ്ങനെ പോട്ടെ. നിനക്ക് മരുന്ന് ഒക്കെ ഞാൻ വാങ്ങി തരാം." "അയ്യോ ചേച്ചി അതൊന്നും വേണ്ട നാളെ ശമ്പളം കിട്ടില്ലേ ഞാൻ വാങ്ങിക്കോളാം." " എന്നാടി നിന്റെ കാര്യങ്ങളൊക്കെ ഒന്ന് ശരിയാവാ, ഞാനെന്നും പ്രാർത്ഥിക്കാറുണ്ട്." അനു ചേച്ചി എന്നും ആനിക്ക് ഒരു വലിയ ആശ്വാസം തന്നെയായിരുന്നു സഹായങ്ങൾ ചെയ്തു കൊണ്ട് മാത്രമല്ല എത്ര ദുഃഖം സമയത്തും മനസ്സുതുറന്ന് സംസാരിക്കാവുന്ന ഒരു നല്ല സുഹൃത്തും കൂടിയാണ്. വൈകീട്ട് ആനി ഹോസ്പിറ്റലിൽ നിന്നു നേരെ റേഷൻ കടയിലേക്ക് ചെന്നു. " ഇന്ന് പുതിയ ആർക്കെങ്കിലും റിപ്പോർട്ട് ചെയ്തോ ആനി." കടയിൽ ഇരുന്നിരുന്ന സ്ത്രീ പരിഭ്രാന്തിയോടെ ചോദിച്ചു. " ഇല്ല ചേച്ചി ഇന്ന് നാല് പേരുടെ സാമ്പിൾ ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട് നാളെ റിസൾട്ട് വരും." " മോളെ നിങ്ങളെയൊക്കെ നമിച്ചു. സ്വന്തം ജീവൻ മറന്ന് ബാക്കിയുള്ളവരെ നോക്കുന്നത് തന്നെ ഒരു വലിയ കാര്യമാണ്" ആനിക്ക് അത് കേട്ടപ്പോൾ വലിയ സന്തോഷമായി കാരണം ഇത്തരം പ്രചോദനമേകുന്ന വാക്കുകൾ പറയുന്നവർ ഇന്ന് വളരെ ചുരുക്കം പേരാണ് ഉള്ളത്. " നിങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒന്നും വരില്ല." ആനി സന്തോഷത്തോടെ പറഞ്ഞു അരിസഞ്ചിയും തൂക്കി കൊണ്ട് നേരെ വീട്ടിലേക്ക് നടന്നു. എത്ര നിമിഷം നേരം കൊണ്ടാ മനുഷ്യജീവിതത്തിന് മാറ്റം സംഭവിച്ചിരിക്കുന്നതെന്ന് ആശ്ചര്യമേകുന്ന ഒരു കാര്യം തന്നെയാണ്. സ്നേഹിക്കുവാൻ മറന്ന മനുഷ്യർ പണത്തിനും പ്രതാപത്തിനും വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്തവരായിരിക്കുന്നു. ഇന്ന് അതേ മനുഷ്യർ വീടുകളിലെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നു. എന്നാൽ ആ ചുമരുകൾക്കുള്ളിൽ മറ്റൊരു ആനന്ദം ഉണ്ടെന്ന് അവർ അറിയുന്നു. ഒരു വൈറസിന് മാനവരാശിയിൽ ഇത്തരം മാറ്റങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കാൻ കഴിയുമെന്ന് ആരുംതന്നെ വിശ്വസിച്ചിരുന്നില്ല. ആയിരങ്ങൾ.....പതിനായിരങ്ങൾ..... ലക്ഷങ്ങൾ മരിച്ചുവീണു കൊണ്ടിരിക്കുകയാണ്. മനുഷ്യസ്നേഹവും മികച്ച തീരുമാനങ്ങളും പ്രകൃതിയോട് ചെയ്ത നല്ല കാര്യങ്ങളും മാത്രമാണ് ഭൂമിയിൽ കാലങ്ങൾക്കു ശേഷവും നിലനിൽ. ഈ വൈറസ് മനുഷ്യനെ പഠിപ്പിക്കുന്നത് ഒരു പാഠമാണ് മാറേണ്ടതും മാറ്റി നിർത്തപ്പെടേണ്ടതും മനുഷ്യൻറെ ചിന്തകളാണ് ആലോചനയിൽ മുഴുകി ആനി നടന്ന് വീട്ടിലെത്തി. ജോണി കുട്ടൻ ഉമ്മറത്ത് തന്നെയും കാത്ത് ഇരിപ്പുണ്ടായിരുന്നു. " ചേച്ചി എന്താ വൈകിയെ" " അതോ ചേച്ചി റേഷൻ കടയിൽ കയറി അരി വാങ്ങിയിട്ടാ വരുന്നേ" ആനി നേരെ പോയി കുളിച്ച് വൃത്തിയായി ഇട്ടിരുന്ന വസ്ത്രവും നനച്ചു അവൾ നേരെ അമ്മച്ചിയുടെ അടുത്തേക്ക് ചെന്നു. അമ്മച്ചിയെ പതുക്കെ പിടിച്ച് കട്ടിലിൽ ചാരി ഇരുത്തി "എൻറെ മോള് സൂക്ഷിക്കിണില്ലേ പുറത്തു പോകുമ്പോൾ" " ഉണ്ട് അമ്മച്ചി ഞാൻ മാസ്ക് ഒക്കെ വെച്ചിട്ട് തന്നെയാ പോകുന്നത് ഇപ്പോൾ കുളിക്കുകയും ചെയ്തു. അമ്മച്ചിക്ക് ഞാൻ കഞ്ഞിയെടുക്കട്ടെ" ആനി ഒരു പാത്രത്തിൽ കഞ്ഞിയും ചമ്മന്തിയും എടുത്തുകൊണ്ടുവന്നു അമ്മച്ചിക്ക് കോരി കൊടുത്തു കഞ്ഞി കുടിക്കുന്നതിനിടയിൽ അമ്മച്ചിയുടെ കണ്ണൻ നനയുന്നതായി അവൾക്ക് തോന്നി. " എന്തുപറ്റി അമ്മച്ചി.." " ഒന്നും ഇല്ല മോളെ അപ്പച്ചൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ കഷ്ടപ്പെടേണ്ടായിരുന്നു." "ഞാൻ നോക്കുന്നത് എൻറെ അമ്മച്ചിയെ അല്ലേ അതിൽ എന്ത് കഷ്ടപ്പാടാണ് ഉള്ളത്." ലോകത്തെ വൈറസ് പിടിച്ചുമുറുക്കിയിരിക്കുന്നു ഈ സമയത്തും ജോലിക്കുപോകുന്ന മകളെ ഓർത്ത് അമ്മ ദുഃഖിക്കുന്നുണ്ടായിരുന്നു. അടുക്കളയിൽ ജോലികൾ ചെയ്യുകയായിരുന്നു ആനിയുടെ അടുത്തേക്ക് ജോണിക്കുട്ടി വന്നു. " ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ചേച്ചിക്ക് പറ്റുമെങ്കിൽ മതി, എനിക്ക് നാളെ വരുമ്പോൾ ഒരു മിഠായി വാങ്ങി കൊണ്ട് തരുമോ? സ്കൂളിൽ പോകുമ്പോൾ അവിടെ നിന്ന് കിട്ടാറുണ്ട്. ഒരെണ്ണം മതി ചേച്ചി" അനിയൻ ഒരു മിഠായിക്ക് വേണ്ടി വിതുമ്പുന്നത് കണ്ടു ആനിക്ക് വളരെയധികം വിഷമം തോന്നി. "നാളെ വരുമ്പോൾ എന്തായാലും മോന് മിഠായി വാങ്ങി കൊണ്ടുവന്നു തരാം." ജോണിക്കുട്ടിക്ക് അതുകേട്ടപ്പോൾ സന്തോഷമായി. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയുന്നന ഇന്നേവരെ ഒരു സാധനവും ആവശ്യപ്പെട്ടിട്ടില്ല. പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങിയ ആനിയെ അമ്മച്ചി വിളിച്ച് അടുത്ത് ഇരുത്തി. " എൻറെ മോള് എന്നും ഈ പഴയ ചുരിദാർ ഇട്ടോണ്ട് ആണോ പോണേ." ഒരു നല്ല ഡ്രസ്സ് പോലും എടുക്കാൻ ഇല്ലാത്ത മകളുടെ ദയനീയ അവസ്ഥ കണ്ടു അമ്മച്ചി ചോദിച്ചു. " അമ്മച്ചി എനിക്ക് ഒരു കുഴപ്പവുമില്ല" അമ്മച്ചി അവളുടെ കൈ പിടിച്ച് കണ്ണടച്ച് പ്രാർത്ഥിച്ചു. ഹോസ്പിറ്റലിൽ എത്തിയ ആനി കാണുന്നത് കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ ഗുരുതരമായ അവസ്ഥയാണ്. ഒരു അൻപത് വയസ്സുള്ള ആളാണ് ശ്വാസമെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കാണുമ്പോൾ ആർക്കായാലും വിഷമം തോന്നും അവിടെയുള്ള എല്ലാവരും മനസ്സുതുറന്ന് പ്രാർത്ഥിച്ചു. ഒരുപക്ഷേ ചികിത്സയേക്കാൾ വലുതായിരിക്കും ഓരോ മനസ്സുകളിലേയും പ്രാർത്ഥന. വളരെ തിരക്കേറിയ ദിവസമായിരുന്നു അത്. അതിനിടയിൽ ഫോൺ എടുത്തു നോക്കിയപ്പോൾ നാല് മിസ്കോൾ കണ്ടു വീട്ടിൽ നിന്നാണ് തിരിച്ചു വിളിച്ചു നോക്കുമ്പോൾ ആരും ഫോണെടുത്തില്ല " ചിലപ്പോൾ മരുന്നുവാങ്ങാൻ ഓർമ്മിപ്പിക്കാൻ ആകും " ആനി വിചാരിച്ചു. വൈകിട്ട് അമ്മച്ചി ക്കുള്ള ഉള്ള മരുന്നും ജോണി കുട്ടിക്കുള്ള മിഠായിയും വാങ്ങി കൊണ്ട് വീട്ടിലേക്ക് നടന്നു. പതിവുപോലെ ഉമ്മറത്ത് ജോണിക്കുട്ടിയെ കണ്ടില്ല . ആനി അകത്തേക്ക് ചെന്നു നോക്കിയപ്പോൾ അമ്മച്ചിയുടെ അടുത്ത് ഇരിക്കുകയാണ് ജോണി കുട്ടൻ. " ആഹാ നീ ഇവിടെ ഇരിക്കുവാണോ ഒരു സാധനം കൊണ്ടുവരാൻ പറഞ്ഞില്ലേ" " ചേച്ചി എന്താ ഫോൺ എടുക്കാഞ്ഞെ" അനിയന്റെ മുഖത്തെ ഭാവമാറ്റം ആനിയെ ആശ്ചര്യപ്പെടുത്തി. " ഞാൻ ഇത്തിരി തിരക്കിലായിരുന്നു മരുന്നുവാങ്ങാൻ ഓർമ്മിപ്പിക്കാൻ വേണ്ടി അല്ലേ നീ വിളിച്ചേ നിനക്ക് അറിഞ്ഞുകൂടെ ഞാൻ അമ്മച്ചിയുടെ കാര്യങ്ങളൊന്നും മറക്കാറില്ല എന്ന്." " എന്നിട്ട് ചേച്ചി മരുന്നു വാങ്ങിയോ" " വാങ്ങി' " എന്നാൽ ഇനി മരുന്ന് വേണ്ട" " അതെന്താ " "നമ്മുടെ അമ്മച്ചിക്ക് ഇനി മരുന്നിന്റെ ഒന്നും ആവശ്യമില്ല അസുഖമൊക്കെ ഭേദമായി" "നീ എന്താ ജോണിക്കുട്ടി പറയുന്നേ" ആനി നേരെ അമ്മച്ചിയുടെ അടുത്തേക്ക് ചെന്നു" "അമ്മച്ചി.......അമ്മച്ചി .…...." "വിളിക്കേണ്ട വിളി കേൾക്കില്ല ....... അമ്മച്ചി നമ്മളെ വിട്ടു പോയി "ആനി ഒന്നും അറിയാത്ത നിശ്ചലയായി നിന്നു ജോണിക്കുട്ടി ആനിയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. ചേച്ചി പോയപ്പോൾ തൊട്ട് അമ്മച്ചിക്ക് വല്ലാത്തൊരു അസ്വസ്ഥത അത് ഞാൻ അപ്പുറത്തെ വീട്ടിൽ ഒക്കെ ചെന്നു വിളിച്ചു ആരും പേടി കാരണം വന്നില്ല. ആ ചെറിയ കുഞ്ഞ് വിതുമ്പി വിതുമ്പി കരഞ്ഞു. അവർ രണ്ടുപേരും അമ്മച്ചിയുടെ നെഞ്ചോട് ചേർന്ന് കിടന്നു കരഞ്ഞു. അമ്മച്ചിയുടെ അവസാന വാക്കുകൾ ആനി ആലോചിച്ചു "അപ്പച്ചൻ ഉണ്ടായിരുന്നെങ്കിൽ മോൾക്ക് ഇങ്ങനെ കഷ്ടപെടണ്ടായിരുന്നു.... അതെ അപ്പച്ചൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു . ആരോടും ഒന്നും പറയാതെ അപ്പച്ചൻ പോയി അതുപോലെതന്നെ അമ്മച്ചിയും. അപ്പച്ചനെ അടക്കം ചെയ്തതിന്റെ അടുത്തുതന്നെ അമ്മച്ചിയും അടക്കം ചെയ്തു . അപ്പച്ചൻറെ മരണം കണ്ട് തളർന്നുവീണ് അതേ സ്ഥലത്ത് തന്നെ ഇന്നിതാ അമ്മച്ചി വിശ്രമിക്കുന്നു അവർ രണ്ടുപേരുടെയും സാന്നിധ്യം ആ സ്ഥലത്ത് അനുഭവപ്പെട്ടു. അന്ന് രാത്രി ആനി ഉറങ്ങിയില്ല അമ്മച്ചിയുടെ ശരീരം മാത്രമാണ് മരിച്ചത് മനസ്സും സ്നേഹവും ഇപ്പോഴും ആനിയുടെ ഉള്ളിൽ ജീവിക്കുന്നുണ്ട് . ഒരു നേഴ്സ് ആവാൻ ഉള്ള പ്രചോദനം ലഭിച്ചത് അമ്മച്ചിയിൽ നിന്നും തന്നെയാണ്. മറ്റുള്ളവരുടെ വേദനകൾ അറിയുകയും അവരെ സഹായിക്കുകയും ചെയ്യുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. അമ്മച്ചിയെ സ്നേഹിച്ചു ഒരുപാട് പരിപാലിച്ചു അതുതന്നെ ഒരു വലിയ ഭാഗ്യമായി ആനി നോക്കിക്കണ്ടു. ഒരു പക്ഷേ ഒരു നഴ്സ് ആയതുകൊണ്ടാകാം അവൾക്ക് അങ്ങനെ ചിന്തിക്കാൻ ആയത് പിറ്റേന്ന് ആനിയുടെ മടിയിൽ കിടന്ന് ഉറങ്ങുന്ന ജോണിക്കുട്ടിയെ അവൾ വിളിച്ചുണർത്തി. "ജോണി കുട്ടാ ചേച്ചി ഡ്യൂട്ടിക്ക് പോവാ അമ്മച്ചി ക്കുള്ള മരുന്ന് ഇന്നലെ ഞാൻ കൊണ്ടുവന്നു വച്ചിട്ടുണ്ട് സമയത്തിന് മരുന്ന് കൊടുക്കണം മനസ്സിലായോ. ആനി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഒന്നുമറിയാത്ത കുഞ്ഞിനെപ്പോലെ ജോണിക്കുട്ടി നോക്കി. തൻറെ ചേച്ചി എന്തൊക്കെയാണ് പറയുന്നത് എന്ന ഭാവമായിരുന്നു അവന്റെ ഉള്ളിൽ. ആനി തന്റെ മുഷിഞ്ഞ ചുരിദാർ വീണ്ടും എടുത്തിട്ടു. "അമ്മച്ചിയുടെ സ്നേഹം ഏറിയ ശകാരങ്ങൾ..... "അവൾ മനസ്സിൽ പറഞ്ഞു "ചേച്ചി..." ആനി മറ്റേതോ ലോകത്തായിരുന്നു. ഇനി അവൾക്ക് ഈ ലോകത്ത് സ്വന്തമായി ഉള്ളത് ജോണി കുട്ടൻ മാത്രമാണ് അവൾ അവന്റെ കയ്യും പിടിച്ചു കൊണ്ട് ഹോസ്പിറ്റലിലേക്ക് നടന്നുനീങ്ങി....... ഇനിയും ഒരുപാട് പരിചരിക്കുവാൻ ആയി..... ഭൂമിയിലെ ഒരു കാവൽ മാലാഖയെപ്പോലെ പോലെ പോലെ......

നമ്മളെല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരുന്ന് കോവിഡ്-19 എന്ന വൈറസിനെതിരെ പൊരുതുകയാണല്ലോ. ഈ പ്രതിസന്ധിയിലും ഒരു കൂട്ടം ആളുകൾ നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിക്കുന്നു. അവർക്കുവേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ അത് തന്നെ ആയിരിക്കും നമ്മൾ അവരോടു ചെയ്യുന്ന ഏറ്റവും വലിയ നന്മ.

ദീപ്തി കെ. ദാസ്
11 Computer Science എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര, തൃശൂർ,വടക്കാഞ്ചേരി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ