എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും
ഈ സമയവും കടന്നു പോകും
കഥ ഈ കാലവും കടന്നു പോകും “ മോളേ... മോളേ... നീന മോളേ , എഴുന്നേൽക്ക്...” രാവിലെ തന്നെ അമ്മ മോളെ വിളിച്ചെഴുന്നേൽപ്പിക്കുകയാണ്. “ എന്താ അമ്മേ... ഇന്ന് സ്കൂൾ ഒന്നും ഇല്ലല്ലോ... ഞാൻ കിടന്ന് ഉറങ്ങട്ടേ...” നീന കിടന്നിടത്തു നിന്ന് തന്നെ വിളിച്ചു പറഞ്ഞു. “ ഒന്നു വേഗം എഴുന്നേൽക്ക്, നിനക്ക് ഞാൻ ഒരു സാധനം കാണിച്ചു തരാം.” ഇതും പറഞ്ഞ് അമ്മഅടുക്കളയിലേക്ക് പോയി. “ ഹൊ.. അമ്മ പോയി, കുറച്ചു കൂടി ഉറങ്ങട്ടെ... ” നീന തിരിഞ്ഞു കിടന്നതും അമ്മ വീണ്ടും വിളിച്ചു. “ നീനേ, വേഗം വാ... ഇതു കണ്ടാൽ നീ സന്തോഷിക്കും. ” മനസ്സില്ലാമനസ്സോടെ അവൾ എഴുന്നേറ്റു ചെന്നു. “ എന്താ... എന്തിനാ വിളിച്ചേ...” “ ദേ, നീ നോക്ക് ... രണ്ട് ദിവസം മുൻപ് നീ അവിടെ കുഴിച്ചിട്ട പയർ മുളച്ചിരിക്കുന്നു.” അടുക്കളയുടെ പിൻഭാഗത്ത് അമ്മയ്ക്ക് ഒരു ചെറിയ തോട്ടമുണ്ട്. നീന അവിടേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച അവളെ സന്തോഷിപ്പിച്ചു. “ നല്ല ഭംഗി ഇത് വീണ്ടും വളരുമോ? ” നീന സംശയത്തോടെ അമ്മയോട് ചോദിച്ചു. “ വളരും... അതിന് നീ വെള്ളവും വളവും നൽകണം.” അമ്മ പറഞ്ഞു. അപ്പോഴാണ് നീന വീട്ടിൻറെ പിന്നിൽ അമ്മ നട്ടിരിക്കുന്ന പടവലം, കറിവേപ്പില. തക്കാളി, വെള്ളരി, മുളക് എന്നിവ കാണുന്നത്. “അമ്മേ, ഇതെല്ലാം എന്തിനാ ഉണ്ടാക്കുന്നത് ? സാധാരണ കടയിൽ നിന്നല്ലേ ഇതെല്ലാം വാങ്ങുന്നത്. പിന്നെ എന്തിനാ ഇവയെല്ലാം വളർത്തുന്നത്. ” “ ഇപ്പോൾ സാധനങ്ങൾ കുറവായിരിക്കും, മാത്രവുമല്ല, നല്ല വിലയുമുണ്ടാകും. അതിനേക്കാൾ പ്രധാനം കീടനാശിനികൾ തിളച്ചവയുമായിരിക്കും. അവയൊക്കെ തിന്നാൽ പല രോഗങ്ങളും നമുക്കുണ്ടാകും. അതു കൊണ്ടാണ് നാം പച്ചക്കറികൾ വളർത്തുന്നത്. മനസ്സിലായോ ? ” മനസ്സിലായി എന്ന മട്ടിൽ അവൾ തല കുലുക്കി. “ അമ്മേ, അച്ഛൻ എവിടെ, കാണുന്നില്ലല്ലോ ?” “ അച്ഛൻ മീൻ വാങ്ങാൻ പോയതാ...” അമ്മ മറുപടി നൽകി. അപ്പോഴാണ് ഗേറ്റ് കടന്ന് അച്ഛൻ വരുന്നത് നീന കണ്ടത്. “മീൻ കിട്ടിയോ ?...” അമ്മ ചോദിച്ചു. “ ഇല്ല. ഇപ്പോൾ ലോക്ക് ഡൗണല്ലേ. മീൻ കുറവാ... അതിനാൽ കിട്ടിയില്ല.” അച്ഛൻ അകത്ത് കയറി സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലവണ്ണം കഴുകാൻ തുടങ്ങി. അപ്പോൾ നീനക്ക് ഒരു സംശയം. “ അച്ഛനെന്തിനാ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയത് ? ” “കൈകളിലുള്ള അഴുക്കുകളും വൈറസുകളും പോകാൻ. കോവിഡ് ആയതു കൊണ്ട് എവിടെ പോയി വന്നാലും കൈകൾ സോപ്പുുയോഗിച്ച് വൃത്തിയായി കഴുകണം. വാ... നമുക്ക് പറമ്പിലേക്ക് പോകാം . അവിടെ ധാരാളം ജോലിയുണ്ട്. ” അച്ഛൻ മുന്നിലും തൊട്ടുപിറകിൽ നീനയും പിന്നിൽ അമ്മയും. അവർ പറമ്പിലേക്ക് നടന്നു. അവിടെ ധാരാളം ചിരട്ടകളും മുട്ടത്തോടുകളും പ്ലാസ്റ്റിക് കുപ്പികളുടെ മൂടികളും ചിതറിക്കിടക്കുന്നതായി നീന കണ്ടു. അച്ഛൻ പറഞ്ഞു " ഇന്ന് നല്ല ചൂടുണ്ട്. മഴ പെയ്യാൻ സാധ്യതയുണ്ട്. നമുക്ക് ഇവയെല്ലാം കമഴ് ത്തി വെക്കാം. അല്ലെങ്കിൽ ഇതിലെ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് ധാരാളം അസുഖങ്ങൾ പകരും.” ഇതുകേട്ട് നീനയും അമ്മയും കൂടി എല്ലാംകമഴ്ത്തി വെച്ചു. വെയിലിന് ചൂട് കൂടി വരുന്നുണ്ടായിരുന്നു. നീന പറമ്പിലുള്ള മാവിൻറെ ചുവട്ടിലേക്ക് മാറി നിന്നു. അവൾ നോക്കുമ്പോൾ അടുത്ത വീട്ടിലെ കൂട്ടുകാരി അവളെ നോക്കി കൈകാണിച്ചു. അവിടെ പോയാൽ കളിക്കാമായിരുന്നു. അവൾ ആലോചിച്ചു. വേണ്ട, ലോക്ഡൗണല്ലേ... എല്ലാവരും അവരവരുടെ വീടുകളിൽ കഴിയണമെന്നല്ലേ പറയുന്നത്. അതുകൊണ്ട് ഇവിടെ തന്നെ നിൽക്കാം. ഓരോരുത്തരും ശ്രദ്ധിച്ചാൽ എല്ലാവർക്കും നല്ലതല്ലേ. നീന അച്ഛൻ മുൻപ് പറഞ്ഞത് ഓർത്തു. “ പ്രയാസങ്ങളൊക്കെ തീരും. ഈ കാലവും കടന്നു പോകും. ഒരു തണുത്ത കാറ്റ് ഈ സമയം അവളെ കടന്നു പോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ