ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/പഴമയുടെ കുളിരും തേടി

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പഴമയുടെ കുളിരും തേടി | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പഴമയുടെ കുളിരും തേടി

ദിവസം തോറും നേട്ടത്തിന്റെ കൊടുമുടികൾ കീഴടക്കുകയാണ് മാനവരാശി. നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്കുള്ള അവന്റെ ഓട്ടത്തിനിടയിൽ പ്രകൃതിയുടെ തേങ്ങലിനെ അവൻ ഒട്ടും തന്നെ വകവയ്ക്കുന്നില്ല. അങ്ങനെയിരിക്കെയാണ് കൊറോണയുടെ വരവ്.

മനുഷ്യന്റെ ഈ നെട്ടോട്ടത്തെ കൊറോണ എന്ന കുഞ്ഞിക്കുഞ്ഞന് നിശ്ചലമാക്കാൻ കഴിഞ്ഞു. ലോക് ഡൗണിന്റെ വലയിൽ പെട്ട് നിശ്ചലമായ മനുഷ്യരാശി..... പക്ഷേ അതിനിടയിലും പ്രകൃതിയുടെ നിശബ്ദമായ കളിയാട്ടം. ഫാക്ടറികളും ഹോട്ടലുകളും അടച്ചതോടെ ജലമലിനീകരണത്തിന്റെ തോത് കുറഞ്ഞു. പുഴകളും തടാകങ്ങളും പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നു. നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ വായു മലിനീകരണമില്ല. പരിസരങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റുകളില്ല. മഹാപകർച്ചവ്യാധികളില്ലെന്നു മാത്രമല്ല മനുഷ്യരെല്ലാം സുരക്ഷിതരായി വീടുകളിൽ ചുരുങ്ങിക്കൂടി.

ആളൊഴിഞ്ഞ വഴിയിലൂടെ പഴയ ഓർമ പുതുക്കാൻ അതിഥികളെത്തി. അണ്ണാറക്കണ്ണനും കുരുവിയും കാക്കയും കാട്ടാനകളുമെല്ലാം ഒട്ടും പേടിയില്ലാതെ പ്രകൃതിയുടെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെന്നു. അവയെല്ലാം പ്രകൃതി മനുഷ്യരുടേത് മാത്രമല്ല തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വിളിച്ചോതാൻ തുടങ്ങി. പുഴകൾ അവരുടെ കുളിർ രാഗം വീണ്ടെടുത്തു. കുളിർക്കാറ്റ് നിശബ്ദരാഗവുമായി തിരിച്ചെത്തി.പ്രകൃതി വീണ്ടും കിളിനാദങ്ങൾ കേട്ട് ഉണർന്നു. ഭൂമിയിലെങ്ങും പച്ചപ്പ് നിറഞ്ഞു.

വീട്ടിലിരിക്കുന്ന മനുഷ്യരെല്ലാം മണ്ണിലേക്ക് ഇറങ്ങിച്ചെന്നു. മണ്ണിൽ പൊന്നു വിളിക്കാം എന്നവർ തിരിച്ചറിഞ്ഞു. വിഷമയമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കാതെ ജീവിക്കാൻ അവൻ പഠിച്ചു. കൊറോണ എന്ന മഹാമാരിയുടെ പിടിയിൽനിന്നും പ്രകൃതിയുടെ തണലിൽ അവൻ കഴിഞ്ഞുകൂടി. വീടുകളിൽ പക്ഷികൾക്കും തണൽ തേടിയെത്തുന്ന മൃഗങ്ങൾക്കും വെള്ളം നൽകി മനുഷ്യർ മാതൃകകളായി.പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള ഒരു തിരിച്ചു പോകലിനായി മനുഷ്യൻ ഒരുങ്ങി. പുതിയ തിരിച്ചറിവുകളുടെ വർണ ലോകത്തിലേക്ക് പ്രകൃതിയ്ക്കൊപ്പം മനുഷ്യൻ കാൽ വച്ചു തുടങ്ങി.

ചൈത്ര പി
7 എ ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം