ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/ഒരു കിണ്ടി വെള്ളം

ഒരു കിണ്ടി വെള്ളം

കൊറോണ, നിപ, പ്രളയം! ഹും! പുറത്ത് ചുറ്റിക്കറങ്ങി നടക്കാതെ വീട്ടിൽ പോ ശങ്കരാ... " കൊറോണയെപ്പറ്റി കുറച്ച് വീമ്പിളക്കി ആളെ പേടിപ്പിക്കാൻ ഇറങ്ങിയ ശങ്കരേട്ടൻ ശരിക്കും ചമ്മീട്ടാണ് ഇവിടെ നിന്ന് പോയത്. ആളെപ്പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു! മോനേ, എഴുന്നേറ്റിട്ട് പല്ലു പോലും തേക്കാതെ നീയിതെന്താ ജനലിലൂടെ നോക്കി നിൽക്കണേ? പോയ് കുളിക്കാൻ നോക്കെടാ. " അമ്മയാണ്. ഇനി അമ്മയുടെ അടുത്ത് നിന്നാൽ ശരിയാവില്ല. പിറുപിറുത്തു കൊണ്ട് ഞാൻ ബ്രഷ് എടുത്തു. കലപില ശബ്ദം. ടി.വിയിൽ നിന്നാണ്. മുത്തശ്ശി സീരിയൽ കാണുകയാണ്. ഇന്നലെ കരണ്ടില്ലാത്തത് കാരണം കാണാൻ പറ്റാത്തത് ഇന്ന് ഒറ്റയിരിപ്പിന് കണ്ടു തീർക്കുകയാണ്. ദേ വരുന്നു എന്റെ സൂപ്പർ ഹീറോ- അച്ഛൻ. വന്നയുടൻ അച്ഛൻ ചാനൽ മാറ്റി. ന്യൂസ് ചാനലാണ്. കൊറോണയാണ് മുഖ്യവിഷയം. കോലായിൽ പത്രവും വായിച്ച് ചാരുകസേരയിൽ മലർന്നു കിടക്കുന്ന മുത്തച്ഛൻ ടി.വിയിലെ ശബ്ദത്തിന് കാതോർക്കുന്നതായി എനിക്ക് മനസ്സിലായി. ഞാൻ കുളിച്ചൊരുങ്ങി വന്നപ്പോഴേയ്ക്കും മുത്തച്ഛൻ പറമ്പിലെ മൂവാണ്ടൻ മാവിന്റെ തണലിൽ എന്തോ ആലോചനയിൽ മുഴുകിയിരുന്നു. "എന്തു പറ്റി മുത്തച്ഛാ?" ഞാൻ ചോദിച്ചു. "ഏയ്, ഒന്നുമില്ല മോനേ. ഞാൻ പണ്ടത്തെ കാലം ഓർത്തു പോയി "

"എന്ത്?"

" അന്നൊക്കെ അസുഖം എന്ന വാക്ക് വല്ലപ്പോഴുമേ ഞങ്ങൾ കേൾക്കാറുള്ളായിരുന്നു. ഒരു പനി വന്നാൽ ഡോക്ടറെ കാണിക്കാനൊന്നും പോവില്ല. കയ്യിൽ കാശില്ലായിരുന്നു. അതാ ഒന്നാമത്തെ കാരണം. പിന്നെ ഒരു ചുക്കു കഷായം കുടിച്ചാൽ തീരുന്നതേയുണ്ടായിരുന്നുള്ളൂ ഏത് പനിയും. ഹാ , ഓരോ കാലം! ഇപ്പം നമ്മള് ഈ സംസാരിക്കണ നേരം കൊണ്ട് എത്ര ജീവനാ പൊലിയണത് ഈശ്വരാ! ഒരു വിധത്തിൻ പറഞ്ഞാൽ നമ്മളെല്ലാവരും തെറ്റ് ചെയ്തിട്ടുണ്ട്. ഈ ഭൂമിയോട്, ഈ സമൂഹത്തോട്, അല്ല നമ്മളോട് തന്നെ. ഒന്നാമത്തെ കാര്യം മലിനീകരണം തന്നെ. പണ്ടത്തെ കാലം മതിയായിരുന്നു. ഈ പൊള്ളണവെയിൽ കൊള്ളാതെ അകത്തേക്ക് പൊയ്ക്കോ മോനേ ". മുത്തച്ഛൻ പറഞ്ഞു നിർത്തി. ഞാൻ പോകുമ്പോൾ മുത്തച്ഛൻ വീണ്ടും ആലോചനയിൽ മുഴുകി.

മുറിയിൽ കയറിയ ഞാൻ മുത്തച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു. അതെ നമ്മൾ തെറ്റു ചെയ്തിട്ടുണ്ട്. ആ തെറ്റ് നമ്മൾ തിരുത്തും. നമ്മുടെ കൂടെ നമ്മുടെ സർക്കാരുണ്ടല്ലോ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കിയാൽ നമുക്കൊരുമിച്ച് പ്രതിരോധ ശക്തിയുള്ള ഒരു കേരളം സൃഷ്ടിക്കാൻ സാധിക്കും. പണ്ടത്തെ രീതിയിലുള്ള നമസ്തേയും കോലായിൽ കിണ്ടിയിൽ വെള്ളം വച്ച് കൈകാൽ കഴുകി അകത്തേക്ക് കയറുന്ന രീതിയും നമുക്ക് പുനരാരംഭിക്കാം.

വാർത്തയിൽ പറയുന്നത് ഞാൻ കാതോർത്തു - " ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്." ശരിയാണ്. മുത്തച്ഛൻ പറഞ്ഞ പഴയകാലം പുന:സൃഷ്ടിക്കാൻ നമുക്കാകും. നമ്മുടെ ഭൂമിയെ നമുക്ക് കാക്കാം. രാവും പകലും നമുക്ക് വേണ്ടി ജോലി ചെയ്യുന്ന പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി. ഞാൻ അടുക്കളയിലേക്കോടി. ഒരു കിണ്ടി നിറയെ വെള്ളവുമായ് വന്നു. എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി നിന്നു. മുത്തച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു - "മിടുക്കൻ, നിന്റെ ഈ മൊട്ടത്തലേല് ബുദ്ധി ഉണ്ട് ട്ടോ." വീട്ടിൽ പൊട്ടിച്ചിരിയുടേയും അഭിനന്ദനങ്ങളുടെയും ശബ്ദം.

അനുഗ്രഹ. വി
6 B ജി. യു. പി. എസ്. തിരുവണ്ണൂർ
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ