ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ മടങ്ങാം പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മടങ്ങാം പ്രകൃതിയിലേക്ക്

ലോകം മുഴുവൻ കൊറോണ വൈറസിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണല്ലോ. ഒരു നിശ്ചയവുമില്ലാതെ ലോകജനത ജീവിതം താളം തെറ്റി മുന്നേറുകയാണ്. കോവിഡ് -19 ൻ്റെ വ്യാപനം തടയാനായി എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് ലോകം മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാം പഴയകാലത്തേക്ക് തിരിച്ച് പോവുകയാണോ എന്ന് തോന്നിപോകുന്നു.

ശരിയല്ലേ?

അതിവേഗം ഓടിക്കൊണ്ടിരുന്ന ലോകത്തെ ഈ കൊച്ചു കൊറോണ വൈറസ് പെട്ടെന്ന് നിശ്ചലമാക്കി. മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങാനുള്ള സൂചനയായി നമുക്കീ കാലത്തെ കണക്കാക്കാം.

പണ്ടുകാലത്ത് പുറത്തുനിന്നും വരുന്നവർ വീടിനു പുറത്തുള്ള കിണ്ടിയിൽ നിന്നും വെള്ളം എടുത്ത് കൈകാലുകൾ കഴുകിയതിനു ശേഷം മാത്രമേ വീടിനുള്ളിൽ പ്രവേശിച്ചിരുന്നുള്ളു. കാലം മാറിയപ്പോൾ നാം ഈ കാര്യങ്ങളെല്ലാം മറന്നു. ഇത് പല രോഗങ്ങളെയും നമ്മുടെ വീടിനുള്ളിലേക്കു പ്രവേശിപ്പിച്ചു. മുൻപ് ഭക്ഷ്യ വസ്തുക്കളെല്ലാം നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും കൃഷി ചെയ്ത് ഉപയോഗിക്കുമായിരുന്നു. എന്നാൽ ക്രമേണ മലയാളിയുടെ ശീലം മുഴുവൻ മാറി. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും തട്ടുകടകളിലും ലഭിച്ചിരുന്ന ഭക്ഷണത്തോട് മാത്രമായിരുന്നു മലയാളിക്ക് പ്രിയം.

ഈ ലോക്ക്ഡൗൺ കാലം മലയാളിയുടെ ശീലങ്ങൾ മാറ്റിമറിച്ചു.

കൊറോണ വൈറസിൻ്റെ കടന്നുവരവ് തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും കുടുംബാംഗങ്ങളെല്ലാവരേയും വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടാൻ നിർബന്ധിച്ചു. സ്വന്തം നാട്ടിൽ പോലും ഇറങ്ങിനടക്കാൻ കഴിയാത്ത ഒരു കാലമായി മാറി. അങ്ങനെ വീട്ടിലിരുന്ന് കൊണ്ടുതന്നെ മനുഷ്യർക്ക് പ്രകൃതിയിലേക്ക് മടങ്ങേണ്ടി വന്നു.

സ്വന്തം പറമ്പിൽ കൃഷിചെയ്യാനാരംഭിച്ചു.

അയൽപക്ക ബന്ധങ്ങൾ ശക്തിപ്പെടുത്തി പരസ്പരം സ്നേഹിച്ചും സഹകരിച്ചും പങ്കുവച്ചും ജീവിക്കാൻ തുടങ്ങി. തിരക്കുകൊണ്ട് നാം മാറ്റിവച്ചിരുന്ന പല പ്രവർത്തനങ്ങളും സർഗ്ഗവാസനകളും പ്രകടിപ്പിക്കുവാൻ അവസരം ലഭിച്ചു. വൈകുന്നേരമാകുമ്പോൾ പുറത്തിറങ്ങി രാത്രി ആവോളം കറങ്ങിനടന്നിരുന്ന മനുഷ്യന് ഇന്ന് വൈകുന്നേരമാകുമ്പോൾ തന്നെ എത്തിച്ചേരേണ്ടി വരുന്നു. പണ്ടുകാലത്ത് സന്ധ്യയാകുന്നതിനു മുൻപുതന്നെ എല്ലാവരും വീടുകളിൽ എത്തിച്ചേർന്നിരുന്നു.

സ്വന്തമായി കൃഷി ചെയ്തും അറിയാത്ത അയൽക്കാരെ അറിഞ്ഞും മതിലുകളില്ലാത്ത ആ പഴയകാലത്തേക്ക് നാം അറിയാതെ തിരിച്ചു പോവുകയാണ്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കഴിഞ്ഞിരുന്ന ആ കാലം തിരിച്ചു വരുന്നു.

കോവിഡ് -19 നെ തുടച്ചു നീക്കാൻ ആയി തെരുവുകളിലും ആശുപത്രികളിലും നിരന്തരം നമുക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ, പോലീസ്-അഗ്നിശമനസേനകൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെയെല്ലാം നമുക്ക് നന്ദിയോടെ ഓർക്കാം, ഒപ്പം എല്ലാത്തിനും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഭരണകർത്താക്കളെയും സർക്കാരിനെയും നമുക്ക് പ്രശംസിക്കാം. ഇന്ന് ലോകം മുഴുവൻ കേരളത്തിലെ പൊതുജന ആരോഗ്യത്തിൻ്റെ ശക്തി തിരിച്ചറിഞ്ഞു.

ഈ വൈറസിനെ അതിജീവിക്കാൻ ശാരീരിക അകലം പാലിച്ചുകൊണ്ട് നമുക്ക് ജാഗ്രതയോടെ വീട്ടിലിരിക്കാം.

കീർത്തന ബിജീഷ്
4 ബി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം