വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/അക്ഷരവൃക്ഷം/ ലോക്ക്ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൌൺ

'അമ്മേ വിശക്കുന്നു.......' ഉണ്ണി കരയുകയാണ്. ഭവാനി തന്റെ മകനെ ആശ്വസിപ്പിച്ചു. ലോക്ക് ഡൗൺ ആയത് കൊണ്ട് ഉണ്ണിയുടെ അച്ഛൻ ദിവാകരന് പണിയൊന്നുമില്ല. വീട്ടിലാണെങ്കിൽ മുഴു പട്ടിണി. സൗജന്യ റേഷൻ നാളെ മുതൽ ആരംഭിക്കും. മഞ്ഞക്കാർഡ് ആയത് കൊണ്ട് നാളെ തന്നെ റേഷൻ കിട്ടുമായിരിക്കും. പക്ഷേ ഇന്ന് എന്ത് വെക്കും. തങ്ങളുടെ കാര്യം പോട്ടെ ഉണ്ണിയോ...... അവനും നാലു ദിവസമായി പട്ടിണിയിലാണ്. അവന് എന്തെങ്കിലും കൊടുത്തില്ലെങ്കിൽ ആ കുരുന്നിന് പിന്നെ ജീവൻ പോലും നിലനിർത്താനായെന്ന് വരില്ല. നാലു ദിവസമായി പച്ചവെള്ളം മാത്രമാണ് അവന്റെ കുഞ്ഞുവയറിനുള്ളിൽ. 'അമ്മേ.... വിശക്കുന്നമ്മേ...... എന്തെങ്കിലും താ.....' ഉണ്ണിയുടെ കരച്ചിൽ ഭവാനിയെ ഓർമ്മയിൽ നിന്നുണർത്തി. 'കരയാതെ മോനേ.... അച്ഛൻ പോയിട്ടുണ്ട് എന്തെങ്കിലും കിട്ടുമോന്ന് നോക്കാൻ.....' ഇന്നും ദിവാകരന് ഒന്നും കിട്ടിയില്ലെങ്കിൽ തങ്ങൾ പെട്ടത് തന്നെ


ടും......ടും......ടും..... ആരൂല്ലേ ഇവിടെ... ഉമ്മാത്ത് എന്തോ ഒച്ച കേട്ടാണ് ഭവാനി പിന്നാമ്പുറത്ത് നിന്ന് കയറി വന്നത്.

അലക്കിത്തേച്ച ഷർട്ടും കഞ്ഞിമുക്കിയ മുണ്ടും ധരിച്ച് നിൽക്കുന്ന ചെറുപ്പക്കാരെ കണ്ട് ഭവാനി ആകെ അന്തം വിട്ടു. "ഉണ്ണിക്കുട്ടന്റെ വീടല്ലേ?" കൂട്ടത്തിൽ ഉയരം കൂടിയ താടിക്കാരൻ ചോദിച്ചു. "അതെ.... നിങ്ങളാരാണ്?" "ഞങ്ങൾ ഉണ്ണിക്കുട്ടന്റെ സ്കൂളിലെ അധ്യാപകരാണ്..... ലോക്ക് ഡൗൺ ആയത് കൊണ്ട് പണിക്ക് പോവാൻ കഴിയാത്തവരുടെ കുട്ടികൾക്ക് ഒരു കൈ സഹായം.

"ഉണ്ണിക്കുട്ടന്റെ അച്ഛനില്ലേ.....?" "ഇല്ല.പുറത്തേക്ക് പോയിരിക്കുകയാ....." അവർ വന്ന വണ്ടിയിൽ നിന്നും ഒരു സഞ്ചി എടുത്ത് ഭവാനിയുടെ കൈയിലേക്ക് കൊടുത്തു. " ഇത് കുറച്ച് അരിയും സാമാനങ്ങളുമാണ്. സൗജന്യ റേഷൻ കിട്ടാൻ വൈകിയെന്നിരിക്കും. അത് കൊണ്ട് ഇതിരിക്കട്ടെ...."

ഭവാനി അന്തം വിട്ടു നിൽക്കെ അവർ വണ്ടിയിൽ കയറി യാത്രയായി.....

അവർ പോയപ്പോൾ ഭവാനി സഞ്ചി തുറന്നു നോക്കി. രണ്ട് കിറ്റ് അരിയും പിന്നേ പയറും പരിപ്പും മറ്റും. ഭവാനിയുടെ കണ്ണു നിറഞ്ഞു.

അവൾ വേഗം അതും കൊണ്ട് അടുക്കളയിലേക്ക് പോയി. ഉണ്ണി അപ്പോഴേക്കും വിശന്ന് ഉറങ്ങിപ്പോയിരുന്നു.


ഇത് പോലെ പട്ടിണി കിടക്കുന്ന ഒത്തിരി വീടുകൾ കണ്ടെത്തി അവരെ സഹായിക്കുന്ന സംഘടനകൾക്കും സകൂളുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ

ഫർഹ ബിൻത് ഫാസിൽ
9 D വി ജെ എച്ച് എസ് എസ് നദ് വത്ത് നഗർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ